ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

0
30

വേനൽ ശക്തിപ്രാപിച്ചതോടെ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. വേനൽ കടുത്തതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശുദ്ധജല ദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾ പ്രത്യേകിച്ച് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങൾ തുടങ്ങിയവ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്.

വേനൽക്കാലത്തും തുടർന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്കരോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്കരോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. അതിനാൽ ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കടുത്ത വെയിലത്ത് യാത്ര ചെയ്യുന്നവരും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന വിധത്തിൽ ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. കൈയ്യിൽ എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറിയ ശുദ്ധജലം കരുതുന്നതായിരിക്കും ഏറ്റവും നല്ലത്.

പുറത്ത് കടകളിൽ നിന്നും പാനീയങ്ങൾ, പഴച്ചാറുകൾ, സിപ് അപ് എന്നിവ വാങ്ങി കുടിക്കുന്നവർ അതുണ്ടാക്കുവാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല തണുപ്പിക്കുവാൻ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ തയാറാക്കിയതാണെന്നും ഉറപ്പാക്കണം.

വഴിയോരങ്ങളിലും കടകളിലും തുറന്നുവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും കഴിക്കരുത്. പഴവർഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. മത്സ്യം കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന ഐസ് മലിനമായ വെള്ളത്തിൽ തയാറാക്കിയതാണെങ്കിൽ മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.

വ്യക്തി ശുചിത്വം ഏറെ പ്രധാനം

കൊവിഡ് പ്രതിരോധത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാർഗം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നതാണ്. അതുപോലെ തന്നെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഷിഗല്ല, കോളറ, വയറിളക്കരോഗങ്ങൾ എന്നിവ തടയുന്നതിന് ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും മലവിസർജ്ജനത്തിന് ശേഷവും സോപ്പുപയോഗിച്ച് നിർബന്ധമായും കൈകൾ കഴുകേണ്ടത് അത്യാവശ്യമാണ്.

കൈകാലുകളിലെ നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. കിണറുകളുടെയും മറ്റ് ജലസ്രോതസുകളുടെയും പരിസരം മലിനമാകാതെ സംരക്ഷിക്കണം. മഴക്കാലത്തോടനുബന്ധിച്ചും കൃത്യമായ ഇടവേളകളിലും കിണറുകൾ ക്ളോറിനേറ്റ് ചെയ്യുക. മലമൂത്രവിസർജ്ജനം കക്കൂസിൽ മാത്രം നടത്തുക. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.

പാനീയ ചികിത്സ ഏറെ ഫലപ്രദം

90 ശതമാനം വയറിളക്കരോഗങ്ങളും വീട്ടിൽ നൽകുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കുവാൻ കഴിയും. പാനീയ ചികിത്സ കൊണ്ട് നിർജ്ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും തടയുവാൻ സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങവെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ വീട്ടിൽ തയാറാക്കാവുന്ന പാനീയങ്ങൾ നിർജ്ജലീകരണം തടയുവാനായി നൽകാം.

ജലാംശ ലവണാംശ നഷ്ടം പരിഹരിക്കുവാൻ ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടെയോ നിർദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒആർഎസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛർദ്ദി ഉണ്ടെങ്കിൽ അൽപാൽപമായി ഒആർഎസ് ലായനി നൽകണം. അതോടൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരങ്ങളായ കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവയും നൽകാവുന്നതാണ്. എന്നാൽ നിർജ്ജലീകരണ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.