സമുദ്രാതിര്‍ത്തി കടന്നുള്ള യുഎസ് കപ്പല്‍പടയുടെ അഭ്യാസം: ഇന്ത്യയുടെ പരമാധികാരത്തിനുനേരെയുള്ള അന്യായ വെല്ലുവിളി-സിപിഐ എം

0
29

അമേരിക്കൻ നാവികസേനയുടെ ഏഴാം വ്യൂഹം ലക്ഷദ്വീപിനു സമീപം ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയായ സമുദ്രാതിർത്തിയിൽ അതിക്രമിച്ച് കടന്നത് രാജ്യത്തിന്റെ പരമാധികാരത്തിനുനേരെയുള്ള അന്യായമായ വെല്ലുവിളിയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

‘സമുദ്രാതിർത്തിയുടെ കാര്യത്തിൽ ഇന്ത്യയുടെ അതിരുവിട്ട അവകാശവാദം’ വെല്ലുവിളിച്ചായിരുന്നു ഈ അഭ്യാസമെന്ന് ഏഴാം കപ്പൽപട പ്രസ്താവനയിൽ പറയുന്നു. അമേരിക്കയുടെ കാപട്യം വ്യക്തമാണ്. ഇന്ത്യ ഒപ്പിട്ട, കടൽനിയമങ്ങളെക്കുറിച്ചുള്ള യുഎൻ പ്രഖ്യാപനത്തിൽ അമേരിക്ക ഒപ്പുവച്ചിട്ടില്ല; അതേസമയം രാജ്യാന്തരനിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് അവർ പറയുന്നു.

രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ കടക്കാൻ ഇതര രാജ്യങ്ങളുടെ യുദ്ധകപ്പലുകൾ മുൻകൂർ അനുമതി വാങ്ങണമെന്ന നിയമവ്യവസ്ഥ ഉറപ്പിക്കുന്ന വിഷയത്തിൽ മോഡിസർക്കാർ അമേരിക്കയോട് മൃദുവായാണ് പ്രതികരിച്ചത്. ഇതുപോലും അമേരിക്ക അംഗീകരിച്ചില്ല.

രാജ്യതാൽപര്യങ്ങൾ അടിയറവച്ച് ക്വാഡ് സഖ്യത്തിൽ ചേർന്നതുവഴി മോഡിസർക്കാർ അമേരിക്കയുടെ താൽപര്യങ്ങളാണ് സംരക്ഷിക്കുന്നത്. ഇൻഡോ–പസിഫിക് മേഖലയിൽ അമേരിക്കൻ യാനങ്ങൾക്ക് സൈ്വര്യവിഹാരം നടത്താൻ അവകാശമുണ്ടെന്ന വാദം അംഗീകരിച്ചുകൊടുക്കുന്നു.

ഈ മേഖലയിലെ അമേരിക്കയുടെ ശിങ്കിടിയായാണ് ഇന്ത്യയെ അമേരിക്കൻസേന പരിഗണിക്കുന്നത്. ഏഴാം കപ്പൽപട നൽകുന്ന സന്ദേശം ഇതാണ്. ആത്മാഭിമാനവും രാജ്യത്തിന്റെ പരമാധികാരത്തോട് കൂറുമുണ്ടെങ്കിൽ ക്വാഡ് സഖ്യം ഉപേക്ഷിക്കാൻ മോഡിസർക്കാർ തയ്യാറാണമെന്ന് പിബി ആവശ്യപ്പെട്ടു.