തെരെഞ്ഞെടുപ്പിൽ വിധിയെഴുതി കേരളം: 73.58 ശതമാനം പോളിംഗ്

0
36

തുടർഭരണമെന്ന ജനഹിതം സാർഥകമാക്കാൻ ജനാധിപത്യത്തിന്റെ വസന്തംതീർത്ത്‌ കേരളം. രാത്രി ഏഴുവരെ നീണ്ട പോളിങ്ങിൽ 74.02 ശതമാനംപേർ സമ്മതിദാനാവകാശം വിനിയോഗിച്ചതായി‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ പ്രാഥമിക കണക്ക്‌.

അവസാനവട്ട കണക്കെടുപ്പിൽ കഴിഞ്ഞതവണത്തെ 77.35 ശതമാനത്തിലേക്ക്‌ പോളിങ്‌ എത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ 74.53 ശതമാനമാണ്‌ പോളിങ്‌. പലയിടത്തുംഎൻഡിഎയ്‌ക്ക്‌ ബൂത്ത്‌ ഏജന്റ്‌പോലും ഉണ്ടായിരുന്നില്ല.

ഏറ്റവും കൂടുതൽ പോളിങ്‌ ശതമാനം കോഴിക്കോട്‌ ജില്ലയിലാണ്‌ 78.31-. കുറവ്‌ പത്തനംതിട്ടയിൽ- 68.09. തിരുവനന്തപുരം 70.01, കൊല്ലം 73.07, പത്തനംതിട്ട 68.09, ആലപ്പുഴ 74.75, കോട്ടയം 72.13, ഇടുക്കി 70.38, എറണാകുളം 74.14, തൃശൂർ 73.42, പാലക്കാട്‌ 76.19, മലപ്പുറം 74.04, വയനാട്‌ 74.64, കണ്ണൂർ 77.42, കാസർകോട്‌ 74.3 എന്നിങ്ങനെയാണ്‌ മറ്റ്‌ ജില്ലകളിലെ പോളിങ്‌ ശതമാനം.

ധർമടം, തളിപ്പറമ്പ്‌, മട്ടന്നൂർ, കുന്ദമംഗലം, കുറ്റ്യാടി, കുന്നത്തുനാട്‌, ചേർത്തല, അരൂർ മണ്ഡലങ്ങളിൽ പോളിങ്‌ 80 ശതമാനം കടന്നു. 61.92 ശതമാനം പോളിങ്‌ രേഖപ്പെടുത്തിയ തിരുവനന്തപുരം മണ്ഡലമാണ്‌ ഏറ്റവും പിന്നിൽ. വനപ്രദേശങ്ങളിലുള്ള വിദൂരപോളിങ്‌ സ്റ്റേഷനുകളിൽ ഉൾപ്പെടുന്ന കോതമംഗലം നിയോജക മണ്ഡലത്തിലെ താലുംകണ്ടം ബൂത്തിൽ 90 ശതമാനംപേർ വോട്ടുചെയ്തു.

ചൊവ്വാഴ്‌ച രാവിലെ ഏഴിന്‌ വോട്ടെടുപ്പ്‌ ആരംഭിച്ചതു മുതൽ മികച്ച പോളിങ്ങാണ്‌ എല്ലാ ജില്ലയിലും രേഖപ്പെടുത്തിയത്‌. ആദ്യ രണ്ടുമണിക്കൂറിൽ പോളിങ്‌ 10 ശതമാനം കടന്നു.

ഉച്ചയോടെ ചിലയിടങ്ങളിൽ മന്ദഗതിയിലായെങ്കിലും വൈകിട്ടോടെ പോളിങ് വീണ്ടുമുയർന്നു. പകൽ രണ്ടോടെ 50 ശതമാനം പിന്നിട്ടു. വൈകിട്ട്‌ മൂന്നരയോടെ 60 ശതമാനത്തിലേക്കും അഞ്ചോടെ 70 ശതമാനത്തിലേക്കുമുയർന്നു. അവസാന മണിക്കൂറുകളിൽ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായി.

രാത്രി ഏഴിനും ക്യൂവിലുണ്ടായിരുന്നവർക്ക്‌ ടോക്കൺ നൽകി വോട്ടുചെയ്യിച്ചു. കോവിഡ്‌ ബാധിതരും ക്വാറന്റൈനിലുള്ളവരും വൈകിട്ട്‌ ആറിനുശേഷം പിപിഇ കിറ്റ്‌ ധരിച്ചെത്തി വോട്ടുചെയ്‌തു. വോട്ടെടുപ്പ്‌ പൊതുവേ സമാധാനപരമായിരുന്നു. കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത്‌ പുറത്തുനിന്ന്‌ ആളെയിറക്കി കലാപമുണ്ടാക്കി വോട്ടെടുപ്പ്‌ അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചത്‌ സംഘർഷാവസ്ഥ സൃഷ്ടിച്ചു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 77.35 ശതമാനവും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 77.67 ശതമാനവുമായിരുന്നു പോളിങ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 38 മണ്ഡലത്തിൽ പോളിങ്‌ 80 ശതമാനം കടന്നിരുന്നു. 86.30 ശതമാനം പേർ വോട്ടുചെയ്‌ത ചേർത്തലയായിരുന്നു മുന്നിൽ.