അങ്കമാലി–ശബരി റെയിൽപ്പാതയേക്കുറിച്ച്‌ മൗനം പാലിച്ച്‌ പ്രധാനമന്ത്രിയും ബിജെപിയും

0
76

ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന്‌ തീർഥാടകർക്ക്‌ സഹായകരമാകുന്ന അങ്കമാലി–ശബരി റെയിൽപ്പാതയേക്കുറിച്ച്‌ മൗനം പാലിച്ച്‌ പ്രധാനമന്ത്രിയും ബിജെപിയും. കോന്നിയിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തി ശരണം വിളിച്ച്‌ മടങ്ങിയ മോഡി ശബരി റെയിൽപ്പാതയുടെ വികസനം സംബന്ധിച്ച്‌ ഒന്നും പറഞ്ഞില്ല.

ശബരി പാതയുടെ മൊത്തം ചെലവിന്റെ അമ്പത്‌ ശതമാനം തുക ചെലവഴിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടും പദ്ധതിക്ക്‌ അനക്കമില്ല. പദ്ധതിക്കായി തുറന്ന ഓഫീസുകൾ ഇതിനകം പൂട്ടി. നിർവഹണ ഉദ്യോഗസ്ഥർ സ്ഥലംവിട്ടു. കഴിഞ്ഞ ബജറ്റിൽ പദ്ധതിക്ക്‌ പണവും നീക്കിവച്ചില്ല.

എരുമേലി വഴി അങ്കമാലി–-ശബരിപാത 1997–-98 ബജറ്റിലാണ്‌ പ്രഖ്യാപിച്ചത്‌. പദ്ധതി പ്രഖ്യാപിക്കുമ്പോൾ 517 കോടിയായിരുന്നു ചെലവെങ്കിൽ ഇപ്പോൾ 2815 കോടിയായി ഉയർന്നു. 116 കിലോമീറ്റർ പാത റെയിൽവേ പണിയാനായിരുന്നു തീരുമാനം. അങ്കമാലി മുതൽ കാലടി വരെ എട്ട് കിലോമീറ്റർ പാതയും നിർമിച്ചു.

സ്ഥലമെടുപ്പിനും നിർമാണത്തിനുമൊക്കെയായി ഏതാണ്ട് 260 കോടി രൂപ ചെലവിട്ടു. പിന്നീട്‌ റെയിൽവേയുടെ ഭാഗത്തുനിന്ന്‌ അനക്കമുണ്ടായില്ല. കോൺഗ്രസ്‌ സർക്കാർ കേരളവും കേന്ദ്രവും ഭരിച്ചിട്ടും ഒന്നും ചെയ്‌തില്ല. ഒന്നാം നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നതിന്‌ പിന്നാലെ, പ്രധാനമന്ത്രിക്ക് പ്രത്യേക താൽപ്പര്യമുള്ള പദ്ധതിയായി ശബരി പാതയെ വാഴ്‌ത്തി.

മോഡി കേരള ചീഫ് സെക്രട്ടറിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പദ്ധതിയുടെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കുമെന്ന പ്രഖ്യാപനവും നടത്തി. പിന്നീട്‌ ഒന്നും നടന്നില്ല. സംസ്ഥാനം പകുതി ചെലവ്‌ വഹിക്കണമെന്ന നിലപാടിലേക്ക്‌ റെയിൽവേയും മാറി. ദേശീയ തീർഥാടന കേന്ദ്രമെന്ന നിലയിൽ മുഴുവൻ ചെലവും റെയിൽവേ വഹിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക്‌ പലവട്ടം കത്തും നൽകി. ഫലമില്ലാതായപ്പോൾ പ്രതിസന്ധിക്കിടയിലും, അമ്പത്‌ ശതമാനമായ 1407.50 കോടി നൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.

സംസ്ഥാനത്തെ റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌ എറണാകുളത്തെ നിർമാണ വിഭാഗം ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസാണ്‌. ഈ ഓഫീസിൽ ശബരിപാതയുടെ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല. നേതൃത്വം നൽകേണ്ട ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ ചെന്നൈയിലാണ്‌. നിർമാണ പ്രവർത്തനങ്ങൾക്കായി റെയിൽവേ മൂവാറ്റുപുഴയിൽ തുറന്ന എക്‌സിക്യുട്ടീവ്‌ എൻജിനീയർ ഓഫീസും കാലടിയിൽ ഉണ്ടായിരുന്ന അസി. എക്‌സിക്യുട്ടീവ്‌‌ എൻജിനീയർ ഓഫീസും പൂട്ടി.