ഞങ്ങൾ പറയുന്നത് ചെയ്യുമെന്നും ചെയ്യുന്നതേ പറയൂ എന്നും കേരളത്തിലെ ജനങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട് : മുഖ്യമന്ത്രി

0
30

കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖൈമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നിങ്ങളുടെ വാഗ്ദാനങ്ങളെക്കുറിച്ച് ഒന്നും മിണ്ടാത്തതും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വാഗ്ദാനങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷയോടെ സംസാരിക്കുന്നതും എന്തുകൊണ്ടാണ് എന്ന് യുഡിഎഫ് ചിന്തിച്ചിട്ടുണ്ടോ?

ഞങ്ങൾ പറയുന്നത് ചെയ്യുമെന്നും ചെയ്യുന്നതേ പറയൂ എന്നും കേരളത്തിലെ ജനങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്. കോൺഗ്രസ്സിന്റേത് ജലരേഖകളുടെ ജലാശയമാണ് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. – മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പയറ്റി ദയനീയമായി പരാജയപ്പെട്ട അടവാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ കോൺഗ്രസ് പുറത്തെടുത്തിരിക്കുന്നത്. ന്യായ് എന്ന അന്യായം!

കോൺഗ്രസ്സ് ഭരിക്കുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഇപ്പോൾ കേരളത്തിൽ വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതി നടപ്പാക്കുന്നുണ്ടോ? രാജസ്ഥാനിലും ഛത്തിസ്ഗഢിലും പഞ്ചാബിലും അധികാരമുണ്ടായിട്ടും നടപ്പാക്കാൻ കഴിയാത്ത എന്തു പദ്ധതിയാണ് ഇനി കേരളത്തിൽ നടപ്പാക്കാൻ പോകുന്നത്?

600 രൂപയായിരുന്ന കേരളത്തിലെ ക്ഷേമ പെൻഷൻ ഒന്നര വർഷം കുടിശ്ശികയാക്കി അഞ്ചു വർഷം കൊണ്ട് ആറര വർഷത്തെ ക്ഷേമ പെൻഷൻ കൊടുക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ നിർബന്ധിതമാക്കിയവരാണ് 6000 രൂപയുടെ കഥയുമായി ഇറങ്ങിയിട്ടുള്ളത്.

ഇത്തരമൊരു വ്യാജ വാഗ്ദാനം കൊണ്ട് കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാരുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യാമെന്നും മലയാളികളെ വിഡ്ഢികളാക്കാം എന്നുമാണോ ഈ അവസാന നിമിഷത്തിൽ കോൺഗ്രസ്സ് കരുതുന്നത്?

ജനങ്ങൾ നിങ്ങളുടെ വാഗ്ദാനങ്ങളെക്കുറിച്ച് ഒന്നും മിണ്ടാത്തതും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വാഗ്ദാനങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷയോടെ സംസാരിക്കുന്നതും എന്തുകൊണ്ടാണ് എന്ന് യുഡിഎഫ് ചിന്തിച്ചിട്ടുണ്ടോ?

ഞങ്ങൾ പറയുന്നത് ചെയ്യുമെന്നും ചെയ്യുന്നതേ പറയൂ എന്നും കേരളത്തിലെ ജനങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്. കോൺഗ്രസ്സിന്റേത് ജലരേഖകളുടെ ജലാശയമാണ് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല.

പഞ്ചാബിലും ഛത്തിസ്ഗഢിലുമൊക്കെ സമാനമായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിച്ച കോൺഗ്രസ്സിന്റെ മാതൃക നമ്മുടെ മുമ്പിലുണ്ട്. പൊതുജനങ്ങളോട് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ഇവിടെ ഇങ്ങനെ ഒരു വാഗ്ദാനം നൽകുന്നതിനു മുമ്പ് അവിടെ അത് നടപ്പാക്കാൻ ഒരു ശ്രമം നടത്തുകയെങ്കിലും ചെയ്യണമായിരുന്നു. അത് ചെയ്യാതെ ഇവിടെ എന്തു മല മറിക്കുമെന്നാണ് പറയുന്നത്?

കേരളത്തിൽ ഭരണം കിട്ടുമെന്ന വിദൂര സ്വപ്നം കോൺഗ്രസ്സിനു പോലുമില്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ ഈ പാഴ് വാക്ക്. ഭരണം കിട്ടിയാൽ അല്ലേ നടപ്പാക്കുന്ന പ്രശ്നം ഉദിക്കൂ. ഭരണം കിട്ടാൻ സാധ്യത ഇല്ലാത്തിടത്ത് എന്തും പറയാമല്ലോ.

വില കൽപിക്കാത്ത വാഗ്ദാനങ്ങൾ നൽകി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സിന് ഇവിടുത്തെ ജനങ്ങൾ ഏപ്രിൽ 6ന് ശക്തമായ മറുപടി നൽകും.