കോൺഗ്രസ്, ബിജെപി നേതാക്കൾ കേരളത്തെക്കുറിച്ച് വ്യാജമായ ചിത്രം സൃഷ്ടിക്കാൻ ശ്രമിക്കുന്നു : ‌ മുഖ്യമന്ത്രി

0
36

പ്രധാനമന്ത്രിയടക്കം കോൺഗ്രസ്, ബിജെപി നേതാക്കൾ കേരളത്തെക്കുറിച്ച് വ്യാജമായ ചിത്രം സംസ്ഥാനത്തിന് പുറത്ത് സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അഞ്ചുവർഷത്തെ അതിജീവനത്തിലും വളർച്ചയിലും സഹായിക്കാതെ ഓരോ ഘട്ടത്തിലും തുരങ്കംവയ്‌ക്കാൻ ശ്രമിച്ചവർ നടത്തുന്ന ‘വികസന പ്രസംഗം’ ജനങ്ങളെ പരിഹസിക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയുടെ ശക്തിദുർഗമായ ഈ നാടിനെ വർഗീയമായി ചേരിതിരിക്കാനും മതാന്ധതയിലേക്ക് നയിക്കാനും ആർഎസ്എസ് നടത്തിയ ഒരു നീക്കവും ഇവിടെ വിജയിച്ചിട്ടില്ല. ഇടതുപക്ഷം തീർക്കുന്ന ശക്തമായ പ്രതിരോധം മൂലമാണ്‌ ആർഎസ്‌എസും ബിജെപിയും ഉദ്ദേശിക്കുന്ന രീതിയിൽ ഇവിടെ സ്വാധീനമുണ്ടാക്കാൻ കഴിയാതെ വന്നത്‌.

വർഗീയതയ്ക്ക് കീഴ്പ്പെടുന്നില്ല എന്ന ഒറ്റക്കാരണംകൊണ്ട് കേരളത്തെ പാഠം പഠിപ്പിച്ച് ശിക്ഷിക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നരേന്ദ്ര മോഡി കേരളത്തെ വിശേഷിപ്പിച്ചത് സോമാലിയയെന്നായിരുന്നു. കേരളത്തെ ഇകഴ്‌ത്തിക്കാണിക്കാൻ വല്ലാത്തൊരു താൽപര്യം സംഘപരിവാർ സ്വീകരിക്കുന്നു.

ഇവിടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമുണ്ടായി. രക്ഷാപ്രവർത്തനത്തിന്‌ കേന്ദ്രസേനകളും എത്തി. അവർ തിരികെപോയതിനു പിന്നാലെ രക്ഷാപ്രവർത്തനം നടത്തിയതിന്റെ ബില്ല് വന്നു. നമ്മുടെ സ്വന്തം സേനയായ മത്സ്യത്തൊഴിലാളികൾ ത്യാഗനിർഭര രക്ഷാദൗത്യത്തിലാണ് ഏർപ്പെട്ടത്. അവർ ചില്ലിക്കാശും ആവശ്യപ്പെട്ടില്ല.

പ്രളയത്തിലാണ്ട കേരളത്തിന് അരി കേന്ദ്രസഹായമായി നൽകിയെന്നാണ്‌ ചിലർ കൊട്ടിഘോഷിച്ചത്‌. ആ അരിക്കുവരെ കേന്ദ്രം കണക്കുപറഞ്ഞു. കേരളത്തിലെ ഒരു ദുരിതാശ്വാസ ക്യാമ്പിലും ഭക്ഷണത്തിന്റെ പേരിൽ പണം ഈടാക്കിയില്ല. കേരളത്തിന്റെ പുനർനിർമാണത്തിനായി സ്വന്തംനിലയ്ക്ക് സഹായം നൽകാൻ നമ്മെ സ്നേഹിക്കുന്ന നാടുകൾ മുന്നോട്ടു വന്നു. ഇപ്പോൾ വന്ന് പ്രസംഗം നടത്തുന്നവർ അന്നെന്താണ് ചെയ്തത്.

സഹായം ചോദിക്കുന്നതിനുപോലും വിലക്കേർപ്പെടുത്തിയില്ലേ. ഗുജറാത്ത്‌ ഉൾപ്പെടെ ഇക്കൂട്ടർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം വിലക്ക്‌ ഉണ്ടായിരുന്നുമില്ല–- മുഖ്യമന്ത്രി പറഞ്ഞു.