നമ്മളെ നയിച്ചവർ ജയിക്കണം : ഇത്രയധികം വികസനം മുമ്പില്ല: എം മുകുന്ദൻ

0
86

ഏറെ നിർണായകമായ തെരഞ്ഞെടുപ്പാണിത്‌. തുടർഭരണം സാധ്യമാണോ, അല്ലയോ എന്നതാണ്‌ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം. അഞ്ച്‌ വർഷം നാട്ടിൽ നടന്ന വികസന പ്രവർത്തനങ്ങൾ നമ്മളൊക്കെ കണ്ടതാണ്‌. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയധികം വികസന പ്രവർത്തനം നടന്ന കാലം ഇതിന്‌ മുമ്പുണ്ടായിട്ടില്ല. അടിസ്ഥാന സൗകര്യം ആവശ്യമായ എല്ലാമേഖലകളിലും വികസന പ്രവർത്തനം വ്യാപിച്ചുകിടക്കുന്നു.

കേരളത്തിൽകൂടി വെറുതെ നമ്മളൊന്ന്‌ സഞ്ചരിച്ചാൽ മതി. ഈ മാറ്റം കാണാനാകും. പാലങ്ങൾ, റോഡുകൾ തുടങ്ങി എവിടെ നോക്കിയാലും അദ്‌ഭുതകരമായ മാറ്റം കാണാം. നമ്മുടെ സ്‌കൂളുകൾ എത്രമാത്രം മാറി. പഴയകാലത്തെ ചോർന്നൊലിക്കുന്ന കെട്ടിടങ്ങളൊന്നും ഇപ്പോഴില്ല. ആധുനികമായ, അന്താരാഷ്‌ട്ര നിലവാരമുള്ള സ്‌കൂളുകൾ കാണാൻ സാധിക്കും.

ഈയിടെ കോവിഡ്‌ വാക്‌സിനെടുക്കാൻ ഒരാശുപത്രിയിൽ പോയി. അത്ഭുതപ്പെട്ടുപോയി. പഴയകാലത്തെ സർക്കാർ ആശുപത്രികളുടെ ചിത്രം നമ്മുടെയെല്ലാം മനസ്സിലുണ്ടല്ലോ. അങ്ങനെയൊരു ചിത്രമല്ല അവിടെ കണ്ടത്‌. നല്ല കെട്ടിടം, ആധുനിക സൗകര്യങ്ങൾ, ഡോക്‌ടർമാർ, നേഴ്‌സുമാർ. ഓർമയിലുള്ള ആശുപത്രിയുമായി ഒരുതരത്തിലും ബന്ധപ്പെടുത്താനാവാത്ത കാഴ്‌ച. അവിടെയും നമുക്ക്‌ അഭിമാനത്തോടെ പറയാം ഉന്നത നിലവാരമുള്ള, അന്തർദേശീയ നിലവാരമുള്ള ആശുപത്രികൾ.

അടുത്തകാലത്തുണ്ടായ മാറ്റങ്ങളാണ്‌ ഇതൊക്കെ. എങ്ങനെയാണ്‌ ഇത്‌ സാധ്യമായത്‌. മറ്റൊരു സർക്കാരിനും അഭിമുഖീകരിക്കേണ്ടിവരാതിരുന്ന അസാധാരണ സാഹചര്യത്തിലൂടെ കടന്നുപോയ സർക്കാരാണിത്‌. സർക്കാർ അധികാരത്തിൽ വന്ന്‌ വൈകാതെയാണ്‌ നിപാ രോഗം പൊട്ടിപ്പുറപ്പെട്ടത്‌. നമുക്കാർക്കും പരിചയമില്ലാത്ത, എങ്ങനെ നേരിടണമെന്നറിയാത്ത മഹാമാരി. അതെങ്ങനെ സർക്കാർ അഭിമുഖീകരിച്ചു എന്നതും ചരിത്രത്തിന്റെ ഭാഗമാണ്‌. വലിയ വിപത്തിലേക്ക്‌ നമ്മുടെ നാടിനെ കൊണ്ടുപോകാൻ സാധ്യതയുള്ള രോഗമായിരുന്നു അത്‌. അതിനെ പെട്ടെന്ന്‌ തിരിച്ചറിയുകയും നിയന്ത്രിക്കുകയും ചെയ്‌തു.

കേരളത്തിന്റെ ചരിത്രത്തിൽ നമ്മൾ കണ്ടിട്ടില്ലാത്ത വലിയ പ്രളയങ്ങളുണ്ടായി. വലിയ നാശനഷ്‌ടമുണ്ടായി. മനുഷ്യരും കന്നുകാലികളുമടക്കം നശിച്ചു. നമ്മളെയെല്ലാം വേദനിപ്പിച്ച ദുരന്തം.പിന്നീട്‌ കോവിഡിന്റെ വരവായിരുന്നു. കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടയിൽ സർക്കാരിന്‌ സ്വസ്ഥമായി ഇരുന്ന്‌ ചിന്തിച്ച്‌ പ്രവർത്തിക്കാനുള്ള സാഹചര്യം ഇവിടെ ഉണ്ടായില്ല. പ്രകൃതികോപങ്ങളും മഹാമാരികളുമായിരുന്നു. പ്രകൃതികോപത്തേക്കാൾ വലിയ ഗൗരവത്തിലുള്ള മഹാമാരിയാണ്‌ പ്രതിപക്ഷം കൊണ്ടുവന്നത്‌. എല്ലാറ്റിനെയും എതിർക്കുകയെന്നതായിരുന്നു അവരുടെ നിലപാട്‌.

ദിവസവും രാവിലെ ഉണർന്നാലുടൻ പിണറായി സർക്കാർ രാജിവയ്‌ക്കുക എന്ന ആവർത്തിച്ചുള്ള മുദ്രാവാക്യമായിരുന്നു. പ്രളയത്തിലും മഹാമാരിയിലും കഷ്‌ടപ്പെടുന്ന സർക്കാരിനോട്‌ പോസിറ്റീവായ സമീപനം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അവർ ഉള്ളാലേ സന്തോഷിക്കുകയാണ്‌ ചെയ്‌തതെന്ന്‌ തോന്നുന്നു. എല്ലാവിധത്തിലും എതിരായ സാഹചര്യത്തിലാണ്‌, നെഗറ്റീവായ സാഹചര്യത്തിലിരുന്നാണ്‌ നിശ്‌ചയദാർഢ്യത്തോടെ സർക്കാർ ഇത്രയും നേട്ടങ്ങൾ കൊയ്‌തെടുത്തത്‌.

അഞ്ച്‌ വർഷം മുമ്പുള്ള കേരളവും ഇപ്പോഴുള്ള കേരളവും തമ്മിൽ വലിയ വ്യത്യാസമുണ്ട്‌. മാറ്റങ്ങൾ കാണാതിരിക്കാൻ സാധിക്കില്ല. ഇന്ത്യക്ക്‌ പുറത്തുള്ള പലരാജ്യങ്ങളും അത്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ കോവിഡിനെ നമ്മൾ എങ്ങനെ കൈകാര്യംചെയ്‌തു എന്നത്‌ അവർ തിരിച്ചറിഞ്ഞതാണ്‌. വളരെ കുറഞ്ഞ മരണനിരക്കേ ഇവിടെയുണ്ടായുള്ളൂ. ജനങ്ങൾ ഇടതിങ്ങി പാർക്കുന്ന സംസ്ഥാനമായിട്ടും കോവിഡ്‌ വ്യാപനത്തെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിച്ചു.

ഒറ്റനോട്ടത്തിൽ കഴിഞ്ഞ അഞ്ച്‌ വർഷമെന്നത്‌ ആധുനിക കേരള നിർമിതിയിലെ പ്രധാനപ്പെട്ട അധ്യായമാണ്‌. നേട്ടങ്ങളുടെ അധ്യായമാണ്‌. നാടിന്റെ നന്മയ്‌ക്കും വികസനത്തിനുമുള്ള നിശ്‌ചയദാർഢ്യത്തോടെയുള്ള പ്രവർത്തനത്തിന്‌ ഈ സർക്കാർ തുടരണം.

മറ്റൊരു സർക്കാർ വന്നാൽ ഇതുവരെ ചെയ്‌ത പ്രവർത്തനം സ്‌തംഭിക്കും. ഇതുവരെ ചെയ്‌ത കാര്യങ്ങൾ മുന്നോട്ട്‌ കൊണ്ടുപോകാനും കൂടുതൽ വികസനം കൊണ്ടുവരാനും ഭരണത്തുടർച്ച ആവശ്യമാണ്‌.

ലോകം മാറുകയാണ്‌. ശാസ്‌ത്ര സാങ്കേതിക മേഖല വളരുന്നു. ഇതൊക്കെ ഉൾക്കൊള്ളുന്ന ആധുനിക കാഴ്‌ചപ്പാടും അവബോധവും ഉൾക്കൊള്ളുന്ന സർക്കാരിനേ ഇനി നിലനിൽക്കാനാകൂ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്‌ ആ ഒരു അവബോധമുണ്ട്‌.
മാറുന്ന കാലഘട്ടത്തിനനുസരിച്ച്‌ നാടിനെ മുന്നോട്ട്‌ കൊണ്ടുപോകാനുള്ള നിശ്‌ചയദാർഢ്യമുണ്ട്‌. ഇനിയും ഒരുപാട്‌ കാര്യങ്ങൾ ചെയ്യാനുണ്ട്‌. നമ്മുടെ ദൗത്യം അവസാനിക്കുന്നില്ല. കേരളത്തെ ഇനിയും മുന്നോട്ട്‌ നയിക്കാൻ ഭരണത്തുടർച്ച ആവശ്യമാണ്‌. അത്‌ ഉറപ്പാണ്‌. അക്കാര്യത്തിൽ ഒരു സംശയവുമില്ല.