EXCLUSIVE… വൈദ്യുതി ബോംബും തിരിച്ചടിക്കുന്നു, യു ഡി എഫ് കാലത്ത് വൈദ്യുതി വാങ്ങിയത് അഞ്ച് രൂപ നിരക്കിൽ, ഹ്രസ്വ കരാറുകളും കൂടിയ നിരക്കിൽ

0
55

ഇന്നലെ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത് കാറ്റാടി വൈദ്യുതി വാങ്ങുന്നതിനുള്ള ദീർഘകാല കരാർ അദാനിയുമായുണ്ടാക്കിയ എന്തോ വഴിവിട്ട ഇടപാടായിരുന്നു എന്നാണ്. അദാനിയുമായി KSEB കരാറൊന്നും ഉണ്ടാക്കിയിട്ടില്ല എന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ SECI യുമായാണ് കാരാർ ഉണ്ടാക്കിയത് എന്നും കേരളം കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ വെച്ച ഏറ്റവും കുറഞ്ഞ നിരക്കിലാണ് വൈദ്യുതി കിട്ടുന്നതെന്നും രേഖകൾ സഹിതം വ്യക്തമാക്കിയപ്പോൾ പ്രതിപക്ഷ നേതാവിന്റെ ബോംബ് ചീറ്റിപ്പോയി.

അപ്പോൾ ഇന്ന് പുതിയൊരു കരാറുമായി അദ്ദേഹം വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. അദാനിയുമായി കരാർ ഉണ്ടാക്കിയില്ല എന്ന KSEB വാദം തെറ്റാണ്. അദാനിയുമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെ കോപ്പിയിതാ എന്നും പറഞ്ഞ് കുറേ രേഖകളും അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട്.

വസ്തുത എന്താണ്?

KSEB അദാനിയുമായി കരാർ ഉണ്ടാക്കിയിട്ടുണ്ടോ? KSEB ഇന്നലെ പറഞ്ഞത് കള്ളമാണോ? വസ്തുതകൾ ഒളിച്ചു വെച്ചോ ? ഒറ്റനോട്ടത്തിൽ ആർക്കും സംശയം തോന്നാം. അതാണല്ലോ പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നതും. ഇക്കാര്യത്തിൽ KSEB ഒന്നും ഒളിച്ചു വെച്ചിട്ടില്ല. ഒരു കള്ളവും പറഞ്ഞിട്ടുമില്ല.കാറ്റാടി നിലയവുമായി ബന്ധപ്പെട്ട് SECI യുമായല്ലാതെ അദാനിയുമായോ മറ്റാരുമായോ ഒരു കരാറും വെച്ചിട്ടില്ല എന്നതാണ് KSEB വ്യക്തമാക്കിയത്.

എന്നാൽ KSEB കേരളത്തിന്റെ വൈദ്യുതി ആവശ്യത നിറവേറ്റുന്നത് പുറത്തു നിന്ന് വൈദ്യുതി വാങ്ങിയാണ് എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ദീർഘകാല, മധ്യകാല, ഹൃസ്വകാല, കരാറുകൾ മുഖാന്തിരമാണ് നമ്മൾ വൈദ്യുതി വാങ്ങുന്നത്. തികച്ചും സുതാര്യമായ ടെണ്ടർ നടപടികളിലൂടെ ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്യുന്ന കമ്പനികളുമായി കരാർ വെച്ചു തന്നെയാണ് ഇങ്ങിനെ വൈദ്യുതി വാങ്ങുന്നത്.

ഇപ്പോൾ പ്രതിപക്ഷ നേതാവ് കാണിക്കുന്നത് ഇത്തരമൊരു ഹൃസ്വകാല കരാറുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെ പകർപ്പുകളാണ്. ഇന്നലെ ചർച്ച ചെയ്ത വിഷയവുമായി കാറ്റാടി വൈദ്യുതിയുമായി നേരിട്ട് യാതൊരു ബന്ധവുമുള്ള കാര്യമല്ല.

ഇനി വസ്തുത എന്തെന്ന് നോക്കാം. ഏപ്രിൽ മെയ് മാസങ്ങളിൽ ഉണ്ടാകാവുന്ന ഉപഭോഗ വർദ്ധനവ് തരണം ചെയ്യാൻ ഈ രണ്ടു മാസത്തേക്ക് വൈദ്യുതി വാങ്ങാൻ KSEB ഒരു ടെണ്ടർ വിളിക്കുകയുണ്ടായി. ദിവസം മുഴുവൻ 100 മെഗാവാട്ട് വൈദ്യുതി നൽകുന്നതിനും പീക്ക് സമയത്ത് മാത്രം 100 മെഗാവാട്ട് നൽകുന്നതിനുമായി 2 ഇനമായാണ് ടെണ്ടർ വിളിച്ചത്. ഇതിൽ രാജ്യത്തെ പ്രമുഖ കമ്പനികൾ ക്വാട്ടു ചെയ്തു. ദിവസം മുഴുവൻ വൈദ്യുതി തരാൻ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് GMR എന്ന കമ്പനിയാണ്.

യൂണിറ്റിന് 3.04 രൂപ നിരക്കിൽ. പക്ഷേ അവർക്ക് 100 മെഗാവാട്ടും തരാൻ ഉണ്ടായിരുന്നില്ല. 50 മെഗാവാട്ടേ അവർ ഓഫർ ചെയ്തുള്ളൂ. ബാക്കി 50 മെഗാവാട്ട് ടെണ്ടറിൽ സെക്കന്റ് ലോവസ്റ്റ് ക്യാട്ട് ചെയ്ത അദാനി പവറിനോട് GMR ക്വാട്ട് ചെയ്ത നിരക്കിലേക്ക് മാച്ച് ചെയ്തു തരാൻ തയ്യാറുണ്ടോ എന്ന് KSEB അന്വേഷിച്ചു. അവർ അതംഗീകരിച്ചു. അങ്ങിനെ 50 മെഗാവാട്ടിന് GMR നോടും 50 മെഗാവാട്ടിന് അദാനി പവറിനോടും യൂണിറ്റിന് 3.04 രൂപ നിരക്കിൽ വാങ്ങാൻ തീരുമാനിച്ചു.

പീക്ക് സമയത്തേക്കുള്ള ടെണ്ടറിൽ ഇതേ പോലെ 50 മെഗാവാട്ട് GMR നോടും 50 മെഗാവാട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ PTC യോടും യൂണിറ്റിന് 3.41 രൂപ നിരക്കിലും വാങ്ങാൻ തീരുമാനിച്ചു.ഇതാണ് എന്തോ വലിയ കാര്യമായി പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. കരാർ റദ്ദാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങൾക്ക് പവർക്കട്ടോ ലോഡ് ഷെഡ്ഡിംഗോ ഇല്ലാതെ വൈദ്യുതി നൽകുന്നത് KSEB യുടെ ഉത്തരവാദിത്തമാണ്. സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. കേരളത്തിലെ ഉത്പാദനം കൊണ്ടു മാത്രം അത് സാദ്ധ്യമാകില്ല. അതുകൊണ്ട് ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള വൈദ്യുതി ലഭ്യമാക്കാൻ ആവശ്യമായ നടപടി KSEB സ്വീകരിക്കും .

 

ഇനി യു ഡി എഫ് കാലത്ത് വൈദ്യുതി വാങ്ങിയതിന്റെ കരാർ വിശദാംശങ്ങൾ കൂടി പരിശോധിക്കാം.

2012-13 ൽ യൂണിറ്റിന് 3.77 മുതൽ 7.45 രൂപ വരെ.
2013 – 14 ൽ യൂണിറ്റിന് 5.5 മുതൽ 6.97 രൂപ വരെ.
2014-16 ൽ യൂണിറ്റിന് 3.08 മുതൽ 5.66 രൂപ വരെ.

കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിൽ കാറ്റാടി വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് 5.02 രൂപയ്ക്ക്. സോളാർ വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് 4.29 രൂപയ്ക്ക്.പഞ്ചാബിൽ കാറ്റാടി വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് 5.67 രൂപയ്ക്ക്. സോളാർ വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് 7.25 രൂപയ്ക്ക്. യു ഡി എഫ് k കാലത്ത് 25 വർഷത്തേക്ക് വെച്ച 11 ദീർഘ കാല കരാറുകളുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ ചെന്നിത്തലയുടെയും പ്രതിപക്ഷത്തിന്റെയും കള്ളി വെളിച്ചത്താവും. യൂണിറ്റ് നിരക്ക് 3.91 മുതൽ 5.42 വരെ നൽകിയാണ് വൈദ്യുതി വാങ്ങാൻ കരാറിൽ ഏർപ്പെട്ടത്. വസ്തുതകൾ മറച്ചു വെച്ചുള്ള നുണ പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. UDF കാലത്ത് പുനരുപയോഗ ഊർജ്ജം നിശ്ചിത അളവിൽ വാങ്ങാതിരുന്നതിനെ തുടർന്ന് KSEB യ്ക്ക് 125 കോടി പിഴ നിശ്ചയിച്ച റഗുലേറ്ററി കമ്മീഷൻ ഉത്തരവിരിക്കിയിരുന്നു. ഈ വസ്തുതകളെല്ലാം മറച്ചുവെച്ചാണ്, അഞ്ച് വര്ഷം കൊണ്ട് അസൂയപ്പെടുത്തുന്ന തരത്തിൽ വികസനം കാഴ്ച വെച്ച വൈദ്യുതി വകുപ്പിനെയും സർക്കാരിനെയും താഴ്ത്തികാട്ടാൻ ശ്രമങ്ങൾ നടത്തുന്നത്.