Monday
25 September 2023
30.8 C
Kerala
HomeKeralaവോട്ടർപട്ടിക യുഎസ്‌ കമ്പനിക്ക്‌ ; ചെന്നിത്തല വെട്ടിൽ

വോട്ടർപട്ടിക യുഎസ്‌ കമ്പനിക്ക്‌ ; ചെന്നിത്തല വെട്ടിൽ

കേരളത്തിലെ രണ്ടരക്കോടി വോട്ടർമാരുടെ മുഴുവൻ വിവരവും ഫോട്ടോയും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല അമേരിക്കൻ കമ്പനിക്ക്‌ ചോർത്തി നൽകിയെന്ന്‌ ആക്ഷേപം. ഇരട്ടവോട്ട്‌ പുറത്തുകൊണ്ടുവരാനെന്ന പേരിലാണ്‌ സിംഗപ്പുരിലും സെർവറുള്ള അമേരിക്കൻ കമ്പനിക്കാണ്‌‌ ചോർത്തി നൽകിയത്‌.

ഇരട്ടവോട്ട്‌ വിവരങ്ങൾ എന്ന പേരിൽ ചെന്നിത്തല ബുധനാഴ്‌ച രാത്രി പുറത്തുവിട്ട ‘ഓപ്പറേഷൻ ട്വിൻസ്‌.കോം (operation twins.com)’ എന്ന വെബ്‌സൈറ്റ്‌ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌ അമേരിക്കൻ കമ്പനിയുടെ സെർവറിലാണ്‌. അതിന്റെ ഐപി (184.168.121.38 ) വിലാസമുള്ളത്‌ സിംഗപ്പുരിലും‌. വെബ് സർവീസ് പ്രൊവൈഡർ കമ്പനിയാണിത്.

കേന്ദ്ര ബിജെപി സർക്കാരിന്റെ വിവിധ പദ്ധതികൾക്കും പരിപാടികൾക്കും ഈ കമ്പനിയുടെ സേവനമുണ്ട്‌. രണ്ടാഴ്‌ചമുമ്പ്‌ കേന്ദ്ര ചെറുകിട വ്യവസായ വികസന പരിപാടിയുടെ ഭാഗമായി ‘ ഭാരത്‌ ഇ–-കോൺക്ലേവ്‌ 2021’ സംഘടിപ്പിച്ചതും ഈ അമേരിക്കൻ കമ്പനിയാണ്‌. വിവരച്ചോർച്ചയെത്തുടർന്ന്‌ കാലിഫോർണിയയിലെ ഒരു കമ്പനിയുടെ ഡൊമെയിൻ നെയിം അവരുടെ അനുവാദമില്ലാതെ മാറ്റിയതിന്‌ കേസ്‌ നേരിടുന്ന കമ്പനിയാണിത്.

തെരഞ്ഞെടുപ്പ്‌ കമീഷന്‌ വോട്ടർ നൽകിയ വിവരങ്ങൾ, അവരുടെ അനുമതിയില്ലാതെ വിദേശ വെബ്‌സൈറ്റിലേക്ക്‌ മാറ്റിയത്‌ ഗുരുതര സ്വകാര്യതാലംഘനമാണ്‌. പ്രതിപക്ഷ നേതാവ്‌ എന്ന നിലയ്‌ക്കുള്ള ഔദ്യോഗിക സംവിധാനങ്ങളും ഇതിനായി ഉപയോഗിച്ചു. ഇത്‌ തെരഞ്ഞെടുപ്പ്‌ ചട്ടങ്ങളുടെ ലംഘനമാണ്‌. ഇരട്ട സഹോദരങ്ങളെയും സാമ്യതയുള്ള ചിത്രമുള്ളവരെയും ഇരട്ട/വ്യാജ വോട്ടർമാരായി ചിത്രീകരിച്ചാണ്‌ വെബ്‌സൈറ്റ്‌ പുറത്തുവിട്ടത്‌.

ആദ്യഘട്ടത്തിൽ 4.34 ലക്ഷം പേരുടെ വിവരങ്ങളാണ്‌ വെബ്‌സൈറ്റ്‌ വഴി പുറത്തുവിട്ടത്‌. വ്യക്തിഗത വിവരങ്ങൾ വിശകലനംചെയ്ത്‌ തരംതിരിക്കുന്നതിനാണ്‌ വിദേശ കമ്പനിക്ക്‌ മുഴുവൻ വോട്ടർമാരുടെ വിവരങ്ങളും കൈമാറിയത്‌.

വ്യക്തിവിവരങ്ങൾ അടങ്ങിയ ‘ സെൻസിറ്റീവ് ഡാറ്റ ’യുടെ സുരക്ഷയ്‌ക്ക്‌ നിയമമുള്ള ഇന്ത്യയിൽ എന്ത്‌ അനുമതി വാങ്ങിയാണ്‌ വിദേശ കമ്പനി സൂക്ഷിച്ചത്‌ എന്നത്‌ ദുരൂഹമാണ്‌. ഇത്രയും ആളുകളുടെ വിവരങ്ങൾ ശേഖരിച്ചതും ഇമേജ്‌ അനലൈസിങ്‌/നമ്പറിങ്‌ ആപ്ലിക്കേഷന്റെ സെർവറുകളിലേക്ക്‌ കേരളത്തിലെ ജനങ്ങളുടെ ഫോട്ടോകൾ അപ്‌ലോഡ്‌ ചെയ്‌ത്‌ പ്രോസസ്‌ ചെയ്‌തതും പുറത്തേക്ക്‌ കൊടുത്തതും ഗുരുതരമായ നിയമലംഘനമായാണ്‌ വിദഗ്ധർ കാണുന്നത്‌.

കേസെടുക്കാം

മുഴുവൻ ഇരട്ടകളെയും ഒരേ പേരും രൂപ സാദൃശ്യവുമുള്ളവരെയും കള്ളവോട്ടർമാരായി ചിത്രീകരിച്ചത്‌ ഐടി നിയമത്തിലെ 66(സി) പ്രകാരം കുറ്റകരം. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന്‌ പൊലീസ്‌ ആക്ട്‌‌ 120 ഒ പ്രകാരവും രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ കേസ്‌ എടുക്കാമെന്ന്‌ നിയമവിദഗ്‌ധർ വ്യക്തമാക്കി.

കള്ളവോട്ടർമാരായി ചിത്രീകരിച്ചതിനെതിരെ ഇതിനോടകം നിരവധി പേർ പൊലീസിൽ പരാതി നൽകി‌. വെബ്‌സൈറ്റിലൂടെ വിവരങ്ങൾ പുറത്തുവിടുമെന്ന്‌ വാർത്താസമ്മേളനത്തിൽ ചെന്നിത്തല പരസ്യമായാണ്‌ പ്രഖ്യാപിച്ചത്‌‌. ഇതിന്റെ അടിസ്ഥാനത്തിൽ ചെന്നിത്തലയെ പ്രതിയാക്കി കേസ്‌ രജിസ്റ്റർ ചെയ്യാം. ഐഡന്റിറ്റി തെഫ്‌റ്റിന്‌ ഐടി ആക്ടും‌ ബാധകമാകും.

നിയമലംഘനം പരിശോധിക്കണം: എം എ ബേബി

രമേശ്‌ ചെന്നിത്തലയുടെ കാര്യത്തിൽ നിയമലംഘനമുണ്ടായിട്ടുണ്ടെന്നാണ്‌ വിദഗ്‌ധർ പറയുന്നത്‌. അതേക്കുറിച്ച്‌ സർക്കാരും വിദഗ്‌ധരും പരിശോധിക്കണം.‌ ഇരട്ട വോട്ടിന്റെ കാര്യത്തിൽ തെരഞ്ഞെടുപ്പ്‌ കമീഷനാണ്‌ നടപടി സ്വീകരിക്കേണ്ടത്‌. എൽഡിഎഫ്‌ ഇരട്ടവോട്ട്‌ ചേർത്തെന്ന വാദം ബാലിശമാണ്‌‌.

‘വ്യാജരാ’ക്കിയത്‌‌ ഇരട്ടസഹോദരങ്ങളെ

ആയിരക്കണക്കിന്‌ ഇരട്ട സഹോദരങ്ങളെ വ്യാജന്മാരായി ചിത്രീകരിച്ച പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ വ്യാപക പരാതി. ചെന്നിത്തല ബുധനാഴ്‌ച വെബ്‌സൈറ്റിലിട്ട വോട്ടർ പട്ടികയിൽ കള്ളവോട്ടും ഇരട്ടവോട്ടുമായി ചിത്രീകരിച്ചതിൽ കൂടുതലും ഇരട്ട സഹോദരങ്ങളാണെന്ന്‌ പുറത്തുവന്നു. വ്യാജ വോട്ടറായി ചിത്രീകരിച്ചതിനെതിരെ പാലക്കാട്‌ യുവാവ്‌ പൊലീസിൽ പരാതി നൽകി. മറ്റ്‌ സ്ഥലങ്ങളിലും സഹോദരങ്ങൾ നിയമ നടപടിക്ക്‌ ഒരുങ്ങുകയാണ്‌. ഒരേ പേരുള്ളവരും ചെന്നിത്തലയുടെ വ്യാജ വോട്ടർമാരുടെ പട്ടികയിലുണ്ട്‌.

ഒറ്റപ്പാലം തോട്ടക്കര തേക്കിന്‍കാട്ടില്‍ വീട്ടില്‍ വേണുഗോപാലന്റെ മകന്‍ ടി അരുണ്‍(28) ആണ്‌ ജില്ലാ പൊലീസ് മേധാവിക്ക്‌ പരാതി നൽകിയത്‌. ഒറ്റപ്പാലം മണ്ഡലത്തിലെ 135––ാംബൂത്തിൽ ഇരട്ടസഹോദരന്‍ ടി വരുണിനും വോട്ടുണ്ട്‌. www.operationtwins.com എന്ന വെബ്‌സൈറ്റിലാണ്‌ ചെന്നിത്തല അരുണിനെ വ്യാജവോട്ടറാക്കി പട്ടിക പ്രസിദ്ധീകരിച്ചത്‌. ഇതോടെ സാമൂഹ്യമാധ്യമങ്ങള്‍വഴി ഇരുവര്‍ക്കുമെതിരെ വിദ്വേഷപ്രചാരണവും തുടങ്ങി. ഇത്‌ കുടുംബത്തിന്‌ വലിയ അപമാനമായെന്നും അരുണും വരുണും പറഞ്ഞു.

കാഞ്ഞങ്ങാട്‌ പാണത്തൂരിലെ സലാമിന്റെ മക്കളായ എം എ അറഫ്‌, എം എ അമീർ, കോതമം​ഗലം 154––ാംബൂത്തിലെ അക്ഷയ്, അഭിഷേക്, ആലുവ തുരുത്തിലെ വിദ്യാർഥികളായ കൊമ്പത്തുവീട്ടിൽ കെ ബി അക്ഷയ്, കെ ബി അജയ്, കയ്പമംഗലം ബൂത്ത്‌ 39 ൽ ടി എസ്‌ അഭയ, ടി എസ്‌ അമൽ, വടക്കാഞ്ചേരി ബൂത്ത് 134ൽ കീർത്തന, കീർത്തി, രണ്ടാം സെറ്റിലെ റിയ തോമസ്‌, ഷിമ തോമസ്‌ എന്നിങ്ങനെ ഇരട്ട സഹോദരങ്ങളായ നിരവധി പേരെ വ്യജന്മാരാക്കി ചിത്രീകരിച്ചു.

കയ്പമംഗലം മൂന്നാം സെറ്റിലെ ബാബുവും ബൂത്ത് എട്ടിലെ ബാബുവും വ്യത്യസ്ത മതക്കാരും പത്തു വയസ്സിന്റെ വ്യത്യാസമുള്ളവരുമാണ്. തളിപ്പറമ്പ്‌ തായംപൊയിൽ എസ്‌ ജിനേഷ്‌, എസ്‌ സുജേഷ്‌ കുറ്റ്യാട്ടൂർ വാരച്ചാലിലെ വി വി ജിഷ്ണു, വി വി ജിതിൻ എന്നിവരും ഇരട്ട സഹോദരങ്ങളാണ്‌. ഇരട്ട സഹോദരങ്ങളായ ബാലുശ്ശേരി 141 ബൂത്തിലെ അതുല്യയും അമൃതയും നിയമ നടപടിക്കൊരുങ്ങുകയാണ്.

യഥാർഥ വ്യാജന്മാരെ സൈറ്റ്‌ മുക്കി

യഥാർഥത്തിൽ ഇരട്ട വോട്ടുകളായ കോൺഗ്രസ്‌ നേതാക്കളുടെ പേരുകൾ‌ ചെന്നിത്തലയുടെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി.‌ പെരുമ്പാവൂരിലെ യുഡിഎഫ്‌ സ്ഥാനാർഥി എൽദോസ്‌ കുന്നപ്പിള്ളിക്ക്‌ പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും വോട്ടുണ്ട്‌. തൃശൂരിലും തൃക്കാക്കരയിലും പത്മജ വേണുഗോപാലിന്‌ വോട്ടുണ്ട്‌.

ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്‌ക്ക്‌ ഇരട്ട വോട്ടുണ്ടെങ്കിലും സൈറ്റിൽ ഒരു വോട്ടേയുള്ളു. എന്നാൽ, പാലാരിവട്ടം അഴിമതിയിലെ പ്രധാനി മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ബന്ധുക്കളുടെ വ്യാജവോട്ടുകൾ സൈറ്റിലുൾപ്പെടുത്തിയിട്ടുണ്ട്‌. വൈക്കത്തെ യുഡിഎഫ്‌ സ്ഥാനാർഥി കെപിസിസി സെക്രട്ടറി പി ആർ സോനയ്‌ക്ക്‌ കോട്ടയത്തും പറവൂരിലും വോട്ടുണ്ടെന്ന പുതിയ വിവരവും പുറത്തുവന്നു.

RELATED ARTICLES

Most Popular

Recent Comments