‘ മുല്ലപ്പള്ളി ഓലപ്പാമ്പ്‌ കാണിച്ച്‌ വിരട്ടേണ്ട ; പിണറായി ഇവിടെ ഇങ്ങിനെ തന്നെയുണ്ട് ‌’

0
43

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പള്ളി പണ്ട് കോണ്‍ഗ്രസിന്‍റെ കേന്ദ്ര മന്ത്രിയായിരുന്നു. ഇപ്പോള്‍ ബിജെപിയുടെ മന്ത്രിയാണോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

”കുറെ കാലമായില്ലെ എന്തെങ്കിലും കിട്ടുമോയെന്ന്‌ നോക്കുന്നു. മുല്ലപ്പള്ളി ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ കുറേ നോക്കിയതല്ലേ വല്ലതും നടന്നോ. നിങ്ങൾ ആരെയാണ്‌ ക്രൂശിക്കാൻ പുറപ്പെടുന്നത്‌. അത്‌ നടക്കണമെങ്കിൽ അയാൾ കൂടി സഹായിക്കണം. ചില അബദ്ധങ്ങളും തെറ്റുകളുമൊക്കെ കാണിക്കണം. സാധാരണയിൽനിന്നു വ്യത്യസ്‌തമായി ചെയ്യണം. നിങ്ങൾ ഇനിയും നോക്കിക്കോളൂ. പിണറായി വിജയന്‍ ഇവിടെ ഇങ്ങനെ തന്നെ കാണും”. മുല്ലപള്ളിയുടെ വിവാദപ്രസ്‌താവനക്ക്‌ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ആരോപണങ്ങൾ ഫലവത്താവാത്തവരുടെ അവസാനത്തെ അടവാണ് അപവാദ പ്രചാരണം. പല ആയുധങ്ങളും അണിയറയില്‍ തയ്യാറാവുന്നുണ്ട്. വ്യാജ സന്ദേശങ്ങള്‍, കൃത്രിമ രേഖകളുടെ പകര്‍പ്പുകള്‍, ശബ്ദാനുകരണ സംഭാഷണങ്ങള്‍ എന്നിവ ഇപ്പോള്‍ തന്നെ പ്രചരിപ്പിക്കുന്നു. സംഘപരിവാറിന്റെ കൈപിടിച്ച് കേന്ദ്രഏജന്‍സികളുടെ അകമ്പടിയോടെ കേരളത്തിലെ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറിങ്ങിയ യുഡിഎഫിന് തെരഞ്ഞെടുപ്പിന്‌ കേരള രാഷ്ട്രീയത്തിൽ റോള്‍ തന്നെ ഇല്ലാതാവും.

ഇരട്ടവോട്ട്‌ പുറത്ത്‌ വന്നിടത്തോളമെല്ലാം കോൺഗ്രസിന്റെ സ്‌ഥാനാർഥികളും ബന്ധപ്പെട്ടവരും ആണല്ലോ. ഇതുവരെ പുറത്തുവന്ന കാര്യങ്ങൾ വെബ്‌സൈറ്റിലാക്കി പ്രതിപക്ഷ നേതാവ്‌ ഏതോ മഹാകാര്യമെന്ന നിലയിൽ പറയുകയാണ്‌. അക്കാര്യങ്ങളിൽ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്‌ . കോടതിയും മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്‌. വന്നിടത്തോളം കാര്യങ്ങൾ നോക്കുമ്പോൾ കോൺഗ്രസുകാർ ബോധപൂർവ്വം ഇരട്ടയായി ചേർക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്ന്‌ സംശയിക്കണം.

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. ധാരണാപത്രം റദ്ദാക്കാന്‍ വ്യവസായ മന്ത്രി ഉത്തരവിട്ടു. അതിന്‍റെ അടിസ്ഥാനത്തില്‍ ധാരണാപത്രം റദ്ദാക്കുകയും ചെയ്തു. എന്നാല്‍ കരാര്‍ റദ്ദാക്കിയിട്ടില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനാണ്‌ ശ്രമം .അത്‌ നുണകൾ തുടക്കത്തിൽ തന്നെ ചീറ്റിപോയ നിലയിലാണിപ്പോൾ.

എൽഡിഎഫ് സര്‍ക്കാരിനെതിരേ ഉന്നയിച്ച ഒരാരോപണവും വിശ്വാസ്യതയുള്ളതാണെന്ന് തെളിയിക്കാന്‍ ഉന്നയിച്ചവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിന്റെ പ്രതിഫലനമാണ് കേരളത്തിലുടനീളമുള്ള എല്‍ഡിഎഫ് ജനമുന്നേറ്റത്തിലും സർവ്വേയിലും വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.