‘കയ്യിൽ നയാപൈസയില്ല’ ; കമ്പനി ഉടമയുടെ ആസ്തി പുറത്ത് ‌: ട്രോളർ കരാർ തട്ടിപ്പിലെ ഗൂഢാലോചന കൂടുതൽ തെളിയുന്നു

0
50

വമ്പൻ ട്രോളറുകൾ നിർമ്മിക്കാൻ പ്രതിപക്ഷനേതാവിന്റെ മുൻ സെക്രട്ടറി കരാർ ഒപ്പുവെച്ചകമ്പനി ഉടമയ്‌ക്ക്‌ ആകെയുള്ളത്‌ പതിനായിരം രൂപ. മറ്റൊരു ആസ്‌തിയും തനിക്കില്ലെന്ന്‌ കരാർ ഒപ്പിട്ട കമ്പനി ഉടമ ഷിജു എം വർഗീസ്‌ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുന്നു.

കുണ്ടറ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ ഷിജു തെരഞ്ഞെടുപ്പ്‌ കമ്മീഷനു നൽകിയ സത്യവാങ്‌മൂലത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌. വിദേശത്തും സ്വത്തൊന്നും ഇല്ലെന്ന്‌ ഈ ‘മുതലാളി’ പറയുന്നു. സ്വന്തമായി വാഹനമോ സ്വർണ്ണമോ ഭൂസ്വത്തോ ഇല്ലെന്നും സത്യവാങ്‌മൂലത്തിലുണ്ട്‌.

‘‘ചില വിദേശ മലയാളികൾ ഒരു കോട്ടുവാങ്ങിയിട്ട്‌ നാട്ടിലേക്ക്‌ വരും. പല പദ്ധതിയേയും പറ്റിപറയും. അത്തരം ആളുകളോട്‌ ബന്ധപ്പെട്ട സെക്രട്ടറിമാരെ കാണാനാണ്‌ പറയുക. എത്തരം കൂട്ടരാണ്‌ ഈ വന്നിട്ടുള്ളതെന്ന്‌ അറിയില്ലല്ലോ. അത്തരത്തിലുളള ഗൂഢാലോചനയായിരുന്നു ഇതുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്‌ച്ച പറഞ്ഞിരുന്നു. ഇത്‌ അക്ഷരം പ്രതി ശരിവെക്കുന്നതാണ്‌ പുറത്തുവരുന്ന വിവരങ്ങൾ.

കാസർകോട്‌ പോളി ടെക്‌നിക്കിൽ നിന്ന്‌ ഒരു ഡിപ്ലോമ നേടിയിട്ടുള്ള ഷിജുവിന്‌ കപ്പൽ നിർമ്മാണത്തിലോ അനുബന്ധകാര്യങ്ങളിലോ യാതൊരു വൈദഗ്ധ്യമോ മുൻപരിചയമോ ഇല്ലായിരുന്നുവെന്നും ഇപ്പോൾ വെളിവായിട്ടുണ്ട്‌. കരാറിനുപിന്നിൽ കൂടുതൽ ആഴത്തിലുള്ള ഗൂഢാലോചന നടന്നതിന്റെ സൂചനയാണ്‌ ഇതോടെ പുറത്തുവരുന്നത്‌.

ഒരു ആസ്തിയും വൈദഗ്ധ്യവും ഇല്ലാത്ത ഒരാളുമായി കോടികളുടെ കരാർ ഒപ്പിടുകയും സർക്കാർ സംവിധാനത്തെ ദുരുപയോഗപ്പെടുത്തി അതിനു വൻ പ്രചാരം നൽ കുകയുമാണ് പ്രതിപക്ഷനേതാവിന്റെ മുൻ സെക്രട്ടറി കെ എസ് ഐ എൻ സി മാനേജിങ് ഡയറക്ടർ എൻ പ്രശാന്ത് ചെയ്‌തത്.

കൂട്ടത്തിൽ ട്രോളർ കരാർഎന്നത്‌ ആഴക്കടൽമത്സ്യബന്ധനത്തിനുള്ള കരാർ എന്നാക്കുകയും ചെയ്‌തു. പിന്നീട് കരാർ രേഖകൾ ഓരോന്നായി പ്രതിപക്ഷ നേതാവിന് കൈമാറി ആരോപണങ്ങൾക്കും വഴിയൊരുക്കുന്നു. ഇപ്പോൾ കമ്പനി ഉടമ തന്നെ കോൺ ഗ്രസ് ഒത്താശയോടെ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടി അമ്മയ്‌ക്കെതിരെ മത്സരിക്കുകയും ചെയ്യുന്നു. കരാർ ഒപ്പിടൽ മുതൽ ഇപ്പോൾ മന്ത്രിക്കെതിരായ സ്ഥാനാർത്ഥിത്തം വരെയെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നുവെന്ന സൂചനകളാണ്‌ പുറത്തുവരുന്നത്‌.