‘മുഖ്യമന്ത്രിയുടെ വാക്കുകൾ വെറും വാക്കുകൾ മാത്രമായിരുന്നില്ല’ ബഷീർ വള്ളിക്കുന്ന് എഴുതുന്നു

0
34

കേരളത്തിലെ മുസ്‌ലിംകളിൽ വലിയൊരു വിഭാഗത്തിന് എൽഡിഎഫ് സർക്കാരിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും കൂടുതൽ അനുഭാവം രൂപപ്പെടാനുള്ള പ്രധാനപ്പെട്ട കാരണം പൗരത്വ വിഷയവുമായി ബന്ധപ്പെട്ട നിലപാടുകളാണ് എന്ന് ബഷീർ വള്ളിക്കുന്ന്.

സ്വതന്ത്ര ഇന്ത്യയുടെ ഏഴര പതിറ്റാണ്ടിന്റെ ചരിത്രത്തിനിടയിൽ ഈ രാജ്യത്തെ മുസ്‌ലിം ജനത നേരിട്ട ഏറ്റവും വലിയ ഭീഷണികളിൽ ഒന്നായിരുന്നു ഭരണഘടന ഉറപ്പ് നല്കുന്ന തുല്യാവകാശത്തിന് നേരെയുള്ള ഫാസിസ്റ്റ് സർക്കാരിന്റെ കടന്നുകയറ്റവും മതേതര കാഴ്ചപ്പാടിന്റെ താഴ്വേരറുക്കുന്ന പൗരത്വ നിയമവും.

പൗരത്വം പോലെ അതിപ്രധാനമായ ഒരു വിഷയം മതം നോക്കി തീരുമാനിക്കുക എന്ന അത്യധികം അപകടകരമായ ഒരു ഫാസിസ്റ്റ് നീക്കം വന്നപ്പോൾ അതിനെതിരെ പാറ പോലെ ഉറച്ചു നിന്ന് പോരിനിറങ്ങി എന്നതാണ് പിണറായി വിജയനെ ഒരു വലിയ വിഭാഗം മുസ്ലിംകൾക്ക് പ്രിയങ്കരനാക്കിയത്. അതൊരു വസ്തുതയാണ്, അതിനെ കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ലെന്നു ബഷിർ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

കേരളത്തിലെ മുസ്‌ലിംകളിൽ വലിയൊരു വിഭാഗത്തിന് എൽഡിഎഫ് സർക്കാരിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും കൂടുതൽ അനുഭാവം രൂപപ്പെടാനുള്ള പ്രധാനപ്പെട്ട കാരണം പൗരത്വ വിഷയവുമായി ബന്ധപ്പെട്ട നിലപാടുകളാണ് എന്ന് കരുതുന്ന ഒരാളാണ് ഞാൻ.

സ്വതന്ത്ര ഇന്ത്യയുടെ ഏഴര പതിറ്റാണ്ടിന്റെ ചരിത്രത്തിനിടയിൽ ഈ രാജ്യത്തെ മുസ്‌ലിം ജനത നേരിട്ട ഏറ്റവും വലിയ ഭീഷണികളിൽ ഒന്നായിരുന്നു ഭരണഘടന ഉറപ്പ് നല്കുന്ന തുല്യാവകാശത്തിന് നേരെയുള്ള ഫാസിസ്റ്റ് സർക്കാരിന്റെ കടന്നുകയറ്റവും മതേതര കാഴ്ചപ്പാടിന്റെ താഴ്വേരറുക്കുന്ന പൗരത്വ നിയമവും.

പൗരത്വം പോലെ അതിപ്രധാനമായ ഒരു വിഷയം മതം നോക്കി തീരുമാനിക്കുക എന്ന അത്യധികം അപകടകരമായ ഒരു ഫാസിസ്റ്റ് നീക്കം വന്നപ്പോൾ അതിനെതിരെ പാറ പോലെ ഉറച്ചു നിന്ന് പോരിനിറങ്ങി എന്നതാണ് പിണറായി വിജയനെ ഒരു വലിയ വിഭാഗം മുസ്ലിംകൾക്ക് പ്രിയങ്കരനാക്കിയത്. അതൊരു വസ്തുതയാണ്, അതിനെ കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല.

പൗരത്വ നിയമത്തിനെതിരെ കേരളം സുപ്രിം കോടതിയിൽ പോയി, ഈ ബില്ലിനെതിരെ നിയമപ്പോരാട്ടത്തിന് ഇറങ്ങുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരുന്നു കേരളം.. മാത്രമല്ല, കേരളത്തിലെ എല്ലാ കക്ഷികളേയും ഒന്നിച്ച് നിർത്തി നിയമസഭ പൗരത്വ ബില്ലിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി, പൗരത്വ ബില്ലിന്റെ മുന്നോടിയായുള്ള എൻ പി ആർ സർവേ കേരളത്തിൽ നടത്തില്ലെന്ന് പ്രഖ്യാപിച്ചു. കേന്ദ്രവുമായുള്ള ഒരു തുറന്ന പോരാട്ടമായിരുന്നു അത്.

ഫെഡറൽ വ്യവസ്ഥയോടുള്ള വെല്ലുവിളിയായല്ല , മറിച്ച് ഭരണഘടന ഉറപ്പ് നൽകുന്ന പൗരന്റെ മൗലിക അവകാശത്തെ തൊട്ട് കളിക്കുമ്പോൾ ഭരണഘടനക്ക് വേണ്ടിയുള്ള പോരാട്ടം. അതായിരുന്നു ആ ചെറുത്തുനില്പ്പിന്റെ കോണ്ടെക്സ്റ്റ്.കേരളത്തിന്റെ അത്തരമൊരു നിലപാട് ഇന്ത്യയിലെ പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് വലിയ ആവേശം പകർന്നു എന്നത് സത്യമാണ്. പല സംസ്ഥാനങ്ങളും ആ നിലപാടുകൾ പിന്തുടർന്നു. കേരളം മുന്നിൽ നിന്ന് ഇന്ത്യയെ നയിക്കുന്ന ഒരു പ്രതീതി അന്നുണ്ടായി.

സിപിഎമ്മിനും പിണറായി വിജയനുമെതിരെ സോഷ്യൽ മീഡിയയിൽ ധാരാളം എഴുതിയിട്ടുള്ള ഒരാളാണ് ഞാൻ. ആ എഴുത്തുകൾ ഈ പ്രൊഫൈലിലും എന്റെ ബ്ലോഗിലും ഇപ്പോഴുമുണ്ട്, ഇനിയും എഴുതേണ്ടി വന്നാൽ എഴുതുക തന്നെ ചെയ്യും. കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും യുഡിഎഫിനും കഴിയുന്നത്ര പിന്തുണ കൊടുത്ത് നിരന്തരം എഴുതിക്കൊണ്ടിരുന്ന ഒരാളുമാണ്.

നിലപാടുകൾ കൊടിയുടെ നിറം നോക്കി അന്ധമാകാതിരിക്കാനും അവ മെറിറ്റുള്ളതാക്കാനും പരമാവധി ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് പൗരത്വ വിഷയത്തിൽ കേരള സർക്കാർ എടുത്ത ശക്തമായ നിലപാടിനെ പിന്തുണക്കുന്നതും. ഒരു നേതാവിന്റെ ഏറ്റവും വലിയ ഗുണം പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതെ നില്ക്കുന്നുണ്ടോ എന്നതാണ്. അവിടെ അതിജീവനത്തിന്റേയും ചെറുത്ത് നില്പിന്റെയും ഊർജ്ജം പ്രസരിപ്പിക്കുന്നുണ്ടോ എന്നതാണ്.

പ്രളയവും നിപ്പയും കോവിഡും വന്നപ്പോൾ പതറാതെ നില്ക്കാനും ‘ഭയപ്പെടേണ്ട സർക്കാർ കൂടെയുണ്ട്, നമ്മൾ അതിജീവിക്കും’ എന്ന ആത്മവിശ്വാസം ഓരോ മനുഷ്യനിലേക്കും പകരാനും പിണറായി വിജയന് കഴിഞ്ഞു എന്നത് സത്യമാണ്. കഴിഞ്ഞ ദിവസം ഒരു വീട്ടമ്മ പറഞ്ഞത് കേട്ടിരുന്നില്ലേ, എനിക്ക് അയാളുടെ ധാർഷ്ട്യമുള്ള പെരുമാറ്റം ഒട്ടും ഇഷ്ടമില്ലായിരുന്നു, പക്ഷേ കോവിഡിന്റെ നാളുകളിൽ ദിവസവും അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോൾ വല്ലാതെ ഇഷ്ടപ്പെട്ടു പോയി എന്ന്.

മുഖ്യമന്ത്രിയുടെ വാക്കുകൾ വെറും വാക്കുകൾ മാത്രമായിരുന്നില്ല, റേഷനായും മുടങ്ങാത്ത പെൻഷനായും ഭക്ഷണ കിറ്റായും സാമൂഹ്യ അടുക്കളയായും കേരളത്തിലെ മനുഷ്യരിലേക്ക് ആ വാക്കുകളുടെ അടയാളങ്ങളെത്തിക്കൊണ്ടേയിരുന്നു, മനുഷ്യർ മറക്കാത്ത ചരിത്രങ്ങൾ. വിഷയത്തിൽ നിന്ന് മാറുന്നില്ല, പറഞ്ഞു വരുന്നതിന്റെ ചുരുക്കം പ്രളയവും നിപ്പയും കോവിഡും വന്നപ്പോൾ കേരള ജനതയ്ക്ക് മുഖ്യമന്ത്രി പകർന്ന ആത്മവിശ്വാസത്തിന് സമാനമായ ആത്മവിശ്വാസവും കരുതലും തന്നെയാണ് പൗരത്വ പ്രക്ഷോഭ നാളുകളിൽ അദ്ദേഹം ഇവിടത്തെ ന്യൂനപക്ഷ സമൂഹങ്ങളിലേക്ക് പകർന്നതും പടർന്നതും. പൗരത്വ നിയമം റദ്ദ് ചെയ്തിട്ടില്ല, അതിനിയും പൊടി തട്ടി പുറത്ത് വരും.

ഇന്ത്യയുടെ മതേതര ചട്ടക്കൂട് നിലനിർത്താനുള്ള പോരാട്ടം ഇനിയും തുടരേണ്ടി വരും. അപ്പോൾ ആ വിഷയത്തിൽ നട്ടെല്ലുള്ള നിലപാടെടുക്കുന്ന ഒരു രാഷ്ട്രീയം ഈ നാട്ടിൽ ഉണ്ടാവണമെന്നും അത് ഇന്ത്യയ്ക്ക് മുഴുവൻ ചെറുത്ത് നിൽപ്പിന്റെ കരുത്ത് പകരണമെന്നും, ഭീതിയും ആശങ്കയും വിട്ടുമാറാത്ത ഒരു ന്യൂനപക്ഷ സമുദായത്തിലെ മനുഷ്യർ കരുതുന്നുവെങ്കിൽ അവരെ നമുക്ക് കുറ്റം പറയാനാവില്ല.

ജീവിക്കുന്ന ചുറ്റുപാടുകൾക്ക് അനുസരിച്ച് മനുഷ്യർ നിലപാടുകൾ എടുക്കും, പഴയ വഴികളിൽ നിന്ന് മാറി പുതുവഴികൾ പരീക്ഷിക്കും, അത് ചരിത്രത്തിന്റെ രീതിയാണ്, അതിജീവനത്തിന്റെ ഭാഷയാണ്. അതിനോട് കലഹിക്കരുത്, കെറുവിക്കരുത്.

ബഷീർ വള്ളിക്കുന്ന്