ബിജെപിക്ക് വൻ തിരിച്ചടി;സ്ഥാനാർഥി പത്രിക തള്ളിയതില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

0
27

നാമനിര്‍ദേശ പത്രിക തള്ളിയ കേസില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് തിരിച്ചടി. ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

തലശ്ശേരിയിൽ എൻ ഹരിദാസിന്‍റെയും ദേവികുളത്ത് ആർ എം ധനലക്ഷ്മിയുടെയും ഗുരുവായൂരിൽ സി നിവേദിതയുടെയും പത്രികകളാണ് തള്ളിയത്. നാമനിര്‍ദേശ പത്രികയില്‍ സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും അത് തിരുത്താന്‍ അവസരം തന്നില്ലെന്നുമാണ് ഹരജിക്കാര്‍ കോടതിയെ അറിയിച്ചത്.

സൂക്ഷ്മപരിശോധനാ സമയത്ത് റിട്ടേണിങ് ഓഫീസര്‍ക്ക് ഇക്കാര്യം അറിയിക്കാമായിരുന്നു. കൊണ്ടോട്ടി, പിറവം മണ്ഡലങ്ങളില്‍ ഇത്തരം അവസരം സ്ഥാനാര്‍ഥികള്‍ക്ക് നല്‍കി. സംസ്ഥാനത്ത് ഇരട്ട നീതിയാണെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ഹൈക്കോടതി ഈ ഹരജികളില്‍ ഇടപെടരുതെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ കോടതിക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനാവൂ. വിജ്ഞാപനം വന്ന ശേഷം കോടതി ഇടപെടുന്നത് നീതിയുക്തമായ തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിക്കുകയുണ്ടായി. ഇന്നലെ ഞായറാഴ്ചയായിട്ടും കോടതി ഹരജി പരിഗണനക്ക് എടുത്തു. പത്രിക തള്ളിയ സംഭവത്തില്‍ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയത്.