• About
  • Advertise
  • Privacy & Policy
  • Contact
Tuesday, May 17, 2022
  • Login
  • Home
  • Kerala
  • Politics
  • Videos
  • India
  • World
  • Sports
  • Entertainment
No Result
View All Result
Nerariyan | News
  • Home
  • Kerala
  • Politics
  • Videos
  • India
  • World
  • Sports
  • Entertainment
No Result
View All Result
Nerariyan | News
No Result
View All Result
Home Politics

ജനകീയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് പ്രകടനപത്രിക

40 ലക്ഷം തൊഴിലവസരം : പെന്‍ഷന്‍ 2500 ആക്കും : വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍

News Desk by News Desk
March 19, 2021
in Kerala, Politics
0
0
ജനകീയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് പ്രകടനപത്രിക
Share on FacebookShare on TwitterShare on Whatsapp

ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക പുറത്തിറക്കി. 50 ഇന പരിപാടികളാണ് ആദ്യഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്. ഇവ നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 900 നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.

പ്രധാന പ്രഖ്യാപനങ്ങള്‍

1) 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു തൊഴില്‍ നല്‍കും. ഈ ലക്ഷ്യത്തോടെ തല്‍പ്പരരായ മുഴുവന്‍ അഭ്യസ്തവിദ്യര്‍ക്കും നൈപുണി പരിശീലനം നല്‍കും. ഇവരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കും. കോവിഡാനന്തര കാലത്ത് 18 കോടി ആളുകള്‍ക്ക് വീടുകളില്‍ ഡിജിറ്റല്‍ ജോലികള്‍ ചെയ്യുന്നവരായി മാറുമെന്നാണ് ഒരു കണക്ക്. വീട്ടിനകത്തോ, അടുത്തോ ഇരുന്ന് തൊഴിലെടുക്കാന്‍ സന്നദ്ധരായ ഉദ്യോഗാര്‍ത്ഥികളെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യിക്കും. അവര്‍ക്കുവേണ്ടി അന്തര്‍ദേശീയ തൊഴില്‍ കമ്പനികളോടു സംവദിക്കും. ഇങ്ങനെ തൊഴില്‍ ലഭിക്കുന്നവരുടെ സാമൂഹ്യസുരക്ഷാ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതെല്ലാം ചെയ്യുന്നതിന് മികവുറ്റ സ്ഥാപനമാക്കി കെഡിസ്കിനെ മാറ്റും. ഇതിനകം തന്നെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റല്‍ തൊഴില്‍ പ്ലാറ്റ് ഫോമുകള്‍ കെഡിസ്കുമായി ധാരണാപത്രങ്ങള്‍ ഒപ്പിടാന്‍ തയ്യാറായിക്കഴിഞ്ഞു. പതിനായിരക്കണക്കിന് ജാവ സേഫ്ട്വെയര്‍ വിദഗ്ദ്ധരെയും ഫിന്‍ടെക് നൈപുണിയുടെ ബി.കോംകാര്‍ക്കും തൊഴില്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള നടപടികളും ഇതിന്റെ തുടര്‍ച്ചയായി സ്വീകരിക്കുകയാണ്.

2) 15 ലക്ഷം ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും. കാര്‍ഷിക മേഖലയില്‍ 5 ലക്ഷവും കാര്‍ഷികേതര മേഖലയില്‍ 10 ലക്ഷവും ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും. കാര്‍ഷികേതര തൊഴിലുകള്‍ സൃഷ്ടിക്കുന്ന തിനായി 100 ദിന പരിപാടിയിലെന്ന പോലെ വിവിധ വികസന ഏജന്‍സികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. വായ്പയുടെ അടിസസ്ഥാനത്തില്‍ ആരംഭിക്കുന്ന സ്വയംതൊഴില്‍ സ്ഥാപനങ്ങളിലാ യിരിക്കും ഭൂരിപക്ഷം പേരും പണിയെടുക്കുക. തദ്ദേശഭരണ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും 1000 പേര്‍ക്ക് അഞ്ചു വീതം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. തൊഴിലുറപ്പു ക്ഷേമനിധി നടപ്പാക്കും. നഗരമേഖലകളില്‍ വര്‍ക്ക്ഷോപ്പുകളിലും മറ്റു തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണ്‍സായി യുവജനങ്ങളെ എടുക്കുന്നത് അയ്യന്‍കാളി തൊഴിലുറപ്പിന്റെ ഭാഗമാക്കും. പുതിയതായി കമ്പനികളില്‍ നിയമിക്കുന്ന യുവജനങ്ങള്‍ക്കു 2000 രൂപ ഫ്രെഷര്‍സ് അലവന്‍സായി നല്‍കും.
ഇവയ്ക്കു പുറമെ മറ്റൊരു അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ താഴെ പറയുന്ന ഔപചാരിക തൊഴില്‍ മേഖലയില്‍ സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

3) 15000 സ്റ്റാര്‍ട്ട് അപ്പുകള്‍. അഞ്ചു വര്‍ഷം മുമ്പ് 300 തൊഴില്‍ സ്റ്റാര്‍ട്ട് അപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം 3900 ആണ്. 35000 പേര്‍ക്കു തൊഴിലുണ്ട്. അഞ്ചു വര്‍ഷംകൊണ്ട് 15000 സ്റ്റാര്‍ട്ട് അപ്പുകള്‍കൂടി ആരംഭിക്കും. ഒരു ലക്ഷം പേര്‍ക്ക് പുതിയതായി തൊഴില്‍ ലഭിക്കും. ഇതിന് ആവശ്യമായ നൂതനവിദ്യകള്‍ വികസിപ്പിക്കുന്നതിന് ഇന്നവേഷന്‍ ചലഞ്ചു പോലുള്ള സംവിധാനങ്ങള്‍ക്കു രൂപം നല്‍കും. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉദാരമായ ധനസഹായ പിന്തുണ നല്‍കും.

4) പൊതുമേഖലയെ സംരക്ഷിക്കും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങ ളെയും ലാഭത്തിലാക്കും. വൈവിധ്യവല്‍ക്കരിക്കുകയും വിപുലീകരിക്കു കയും ചെയ്യും. ഇതിനായി ഓരോ സ്ഥാപനത്തിന്റെയും വിശദമായ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിക്കും. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കാലോചിതമായ സേവനവേതന അവകാശങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട് കെ.എസ്.ആര്‍.ടി.സി പുനരുദ്ധരിക്കും. ടെക്സ്റ്റയില്‍ മില്ലുകള്‍ക്കു വേണ്ടി റോ മെറ്റീരിയല്‍ കണ്‍സോര്‍ഷ്യം ആരംഭിക്കും. പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്യും.

5) സ്വകാര്യ നിക്ഷേപം. മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് സ്വകാര്യ നിക്ഷേപത്തെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കും. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് വ്യവസായ മേഖലയില്‍ 10000 കോടിയുടെ നിക്ഷേപം സൃഷ്ടിക്കും. ഐ.റ്റി, ബയോടെക്നോളജി, ഇലക്ട്രോണിക്, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ ങ്ങള്‍ക്കു മുന്‍ഗണന നല്‍കും.

6) കേരളം ഇലക്ട്രോണിക് ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബ് കെല്‍ട്രോണിനെ പുനരുദ്ധരിക്കും, സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കും. ആമ്പല്ലൂര്‍ ഇലക്ട്രോണി ഹാര്‍ഡ്വെയര്‍ പാര്‍ക്ക് പൂര്‍ത്തീകരിക്കും. രാജ്യത്തെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക് വ്യവസായ മേഖലയായി കേരളത്തെ മാറ്റും. അതുപോലെ തന്നെ ആരോഗ്യ മേഖലയിലെ കേരളത്തിന്റെ ബ്രാന്‍ഡിനെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ വികസനത്തിനായി ഉപയോഗപ്പെടുത്തും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബുകളില്‍ ഒന്നായി കേരളത്തെ മാറ്റും.

7) മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ റബര്‍ പാര്‍ക്ക്, കോഫി പാര്‍ക്ക്, റൈസ് പാര്‍ക്ക്, സ്പൈസസ് പാര്‍ക്ക്, ഫുഡ് പാര്‍ക്ക്, ജില്ലാ ആഗ്രോ പാര്‍ക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കും. പൊതുമേഖല ഭക്ഷ്യസംസ്കരണ വ്യവസായ ങ്ങളെ നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. നാളികേര സംഭരണത്തിനും സംസ്ക്കരണത്തിനും സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്തും.

8) ടൂറിസം വിപണി ഇരട്ടിയാക്കും. ടൂറിസത്തിനുള്ള അടങ്കല്‍ ഇരട്ടിയാക്കും. പൈതൃക ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിക്കും. സപൈസസ് റൂട്ട് ആവിഷ്കരിക്കും. ടൂറിസം ഡെസ്റ്റിനേഷനുകളുടെ പ്രത്യേകിച്ച് മലബാര്‍ മേഖലയിലുള്ളവയുടെ പശ്ചാത്തല സൗകര്യങ്ങള്‍ മാസ്റ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിക്കും. കോവിഡാനന്തരം ടൂറിസം തുറക്കുന്നതിനു പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും. മാര്‍ക്കറ്റിംഗിനു കൂടുതല്‍ പ്രാധാന്യം നല്‍കും. 2025ല്‍ വിനോദസഞ്ചാരികളുടെ എണ്ണം 2019നെ അപേക്ഷിച്ച് ഇരട്ടിയാക്കും.

9) ചെറുകിട വ്യവസായ മേഖല സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്ന് 3 ലക്ഷമായി ഉയര്‍ത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പ്രത്യേക സ്കീമുകള്‍ തയ്യാറാക്കും. 6 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

10) പ്രവാസി പുനരധിവാസം അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പ അടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവന സംഘങ്ങള്‍, വിപണന ശൃംഖല തുടങ്ങിയ തൊഴില്‍ പദ്ധതികളില്‍ പ്രവാസികള്‍ക്കു പ്രത്യേക പരിഗണന നല്‍കും. ഇവയെല്ലാം സംയോജിപ്പിച്ച് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കു രൂപം നല്‍കും. സര്‍ക്കാര്‍ പങ്കാളിത്തത്തോടെയുള്ള പ്രവാസി കമ്പനികളും സഹകരണ സംഘങ്ങളും ആരംഭിക്കും. സമാശ്വാസ നടപടികള്‍ ശക്തിപ്പെടുത്തും. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന ബ്രിട്ടീഷ് കൗണ്‍സിലിന്റെ സഹകരണത്തോടു കൂടിയുള്ള നേഴ്സുമാര്‍ക്കുള്ള പരിശീലന പരിപാടികള്‍ പോലുള്ളവയിലൂടെ വിദേശത്തു കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്റ് സ്കീമും കൂടുതല്‍ ആകര്‍ഷകമാക്കും. ലോക കേരളസഭ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും.

11) ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം ശക്തിപ്പെടുത്തും. പരമദരിദ്ര കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കും. അതിലെ ഓരോ കുടുംബത്തിനെയും കരകയറ്റുന്നതിനു മൈക്രോപ്ലാന്‍ ഉണ്ടാക്കി നടപ്പാക്കും. 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഇങ്ങനെ 1 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായം നല്‍കും. പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്ക് ഏറെ പരിഹാരമുണ്ടാക്കാന്‍ ഇതിലൂടെ കഴിയും.

12) കൃഷിക്കാരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധന സൃഷ്ടിക്കും. ഇതിനായി ശാസ്ത്രസാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തും. ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് ഉതകുന്നവിധം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കും. കാര്‍ഷികോത്പാദന ക്ഷമത വര്‍ദ്ധന, തറവിലയിലെ കാലോചിത പരിഷ്കാരം, കാര്‍ഷിക ഉല്‍പന്ന സംസ്ക്കരണത്തില്‍ നിന്നുള്ള വരുമാനം, അനുബന്ധ വരുമാനങ്ങള്‍, എന്നിവയിലൂടെയാണ് ഈ നേട്ടം ഉറപ്പുവരുത്തുക. റബ്ബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കി ഉയര്‍ത്തും. മറ്റുള്ളവ കാലോചിതമായി പരിഷ്കരിക്കും. പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടും. നെല്‍വിസ്തൃതി വര്‍ദ്ധിപ്പിക്കും. എല്ലാ വാര്‍ഡുകളിലും വര്‍ഷംതോറും പുതിയ 75 തെങ്ങിന്‍ തൈകള്‍ നടുമെന്ന് ഉറപ്പുവരുത്തും. തോട്ടവിളകള്‍ക്കു പ്രത്യേക പാക്കേജ് നടപ്പാക്കും. മലയോര കൃഷിക്കാരുടെ പട്ടയപ്രശ്നം പരിഹരിക്കും.

13) മൃഗപരിപാലനം പാലില്‍ സ്വയം പര്യാപ്തത കൈവരിക്കും. പാല്‍ ഉത്പാദനത്തില്‍ നമ്മള്‍ കൈവരിച്ച നേട്ടങ്ങള്‍ തുടര്‍വര്‍ഷങ്ങളിലും നിലനിര്‍ത്തുകയും, കേരളത്തെ ക്ഷീര മിച്ച സംസ്ഥാനമാക്കുകയും ചെയ്യും. കാലിത്തീറ്റ ഉത്പാദന ശേഷി ഇരട്ടിയാക്കും. മൊബൈല്‍ വെറ്റിനറി സേവനങ്ങള്‍ എല്ലാ ബ്ലോക്കുകളിലേയ്ക്കും വ്യാപിപ്പിക്കും. പാല്‍ കറക്കുന്നതിനുള്ള യന്ത്രങ്ങള്‍ക്കു സബ്സിഡി നല്‍കും. പ്രതിദിന മുട്ട ഉല്‍പ്പാദനം സ്വയംപര്യാപ്തത കൈവരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. കേരള ചിക്കന്‍ ബ്രാന്‍ഡിന്റെ ശൃംഖല ആരംഭിക്കും.

14) പരമ്പരാഗത വ്യവസായ സംരക്ഷണം സമൂല നവീകരണത്തിലൂടെ കയറിനെ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. യു.ഡി.എഫിന്റെ കാലത്ത് കയര്‍ ഉത്പാദനം 7000 ടണ്ണായിരുന്നത് 28,000 ആയി ഉയര്‍ന്നിട്ടുണ്ട്. അത് 70,000 ടണ്ണായി ഉയര്‍ത്തും. കശുവണ്ടിയില്‍ 10000 പേര്‍ക്കുകൂടി തൊഴില്‍ നല്‍കും. ന്യായവിലയ്ക്ക് കാഷ്യൂ ബോര്‍ഡ് ഉപയോഗപ്പെടുത്തി വ്യവസായത്തിനു തോട്ടണ്ടി ലഭ്യമാക്കും. കൈത്തറിക്കുള്ള യൂണിഫോം പദ്ധതി വിപുലപ്പെടുത്തും. ഹാന്റക്സും ഹാന്‍വീവും പുനരുദ്ധരിക്കും. ബീഡിക്കുള്ള ക്ഷേമസഹായം വര്‍ദ്ധിപ്പിക്കും. പനമ്പ്, ഖാദി, ചെത്ത്, മണ്‍പാത്ര നിര്‍മ്മാണം തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകളെ തൊഴില്‍ സംരക്ഷിച്ചുകൊണ്ട് നവീകരിക്കും. കയര്‍ & ക്രാഫ്റ്റ് സ്റ്റോറുകളിലൂടെ വിപണി കണ്ടെത്തും. ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം നടപ്പാക്കും. വരുമാന ഉറപ്പുപദ്ധതി വിപുലീകരിച്ച് മിനിമം കൂലി ഉറപ്പുവരുത്തും. നിര്‍മ്മാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ പ്രതിസന്ധിക്കു പരിഹാരം കാണും.

15) കടല്‍ കടലിന്റെ മക്കള്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലില്‍ മത്സ്യബന്ധനത്തിനുള്ള പ്രവേശന അധികാരം, ആദ്യ വില്‍പ്പനാവകാശം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉറപ്പുവരുത്തും. മത്സ്യ വിപണന നിയമം പാസ്സാക്കിയതുപോലെ മറ്റ് അക്വേറിയം റിഫോംസിനു വേണ്ടിയുള്ള സമഗ്രനിയമം തയ്യാറാക്കും. കോണ്‍ഗ്രസാണ് ആഴക്കടല്‍ വിദേശ കപ്പലുകള്‍ക്കു തുറന്നുകൊടുത്തത്. ബി.ജെ.പിയാണ് തീരക്കടല്‍കൂടി അവര്‍ക്കു തീറെഴുതാന്‍ ഒരുക്കുകൂട്ടുന്നത്. കേന്ദ്രം എന്തുതന്നെ തീരുമാനിച്ചാലും കോര്‍പ്പറേറ്റ് ട്രോളറുകള്‍ക്ക് കേരളത്തിലെ ഹാര്‍ബറുകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള അനുവാദം നിയമപരമായി നിഷേധിക്കും.

16) തീരദേശ വികസന പാക്കേജ് തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണമുള്ള മുഴുവന്‍ തീരങ്ങളും പുലിമുട്ടുകളോ മറ്റു തീരസംരക്ഷണ പ്രവൃത്തികളോ ഉറപ്പു വരുത്തും. പുനര്‍ഗേഹം പദ്ധതി നടപ്പാക്കും. മുഴുവന്‍ ഹാര്‍ബറുകളു ടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കും. 150 മാര്‍ക്കറ്റുകള്‍ നവീകരിക്കും. മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പു വരുത്തും. ഇവയ്ക്കു പുറമേ വിദ്യാഭ്യാസ ആരോഗ്യ നവീകരണവും മത്സ്യമൂല്യ വര്‍ദ്ധന വ്യവസായങ്ങളുമാണ് പാക്കേജിലുള്ളത്. മത്സ്യ ഗ്രാമത്തില്‍ ഉണ്ടാകേണ്ട മിനിമം സൗകര്യങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും അവ ഉറപ്പുവരുത്തുകയും ചെയ്യും.

17) പട്ടികജാതി ക്ഷേമം മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും അഞ്ചു വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടം നല്‍കും. ഭൂരഹിതര്‍ക്കു കിടപ്പാടമെങ്കിലും ലഭ്യമാക്കും. എല്ലാ ആവാസ സങ്കേതങ്ങളിലും അംബേദ്ക്കര്‍ പദ്ധതി നടപ്പാക്കും. എല്ലാ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളും ഹോസ്റ്റലുകളും മികവുറ്റതാക്കും. ആനുകൂല്യങ്ങള്‍ ഉയര്‍ത്തും. പട്ടികവിഭാഗങ്ങള്‍ക്കുള്ള നൈപുണി പരിശീലനവും തുടര്‍ പ്ലെയ്സ്മെന്റും പദ്ധതി പ്രകാരം 20000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യ കുറവ് പരിഹരിക്കുന്നതിന് ആരംഭിച്ചിട്ടുള്ള നടപടികള്‍ സമയബന്ധിതമായി നടപ്പാക്കും.

18) പട്ടികവര്‍ഗ്ഗ ക്ഷേമം മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പുവരുത്തും. ഒരേക്കര്‍ കൃഷി ഭൂമി വീതം ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ പരമാവധി നടത്തും. വനവിഭവങ്ങള്‍ക്ക് തറവിലയും വിപണിയും ഉറപ്പുവരുത്തും. ആനുകൂല്യങ്ങള്‍ ഉയര്‍ത്തും. പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള ഉപപദ്ധതി പൂര്‍ണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാന വിധേയമായിരിക്കുമെന്ന് ഉറപ്പുവരുത്തും. സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് ആരംഭിച്ചിട്ടുള്ള നടപടികള്‍ സമയബന്ധിതമായി നടപ്പാക്കും.

19) മറ്റു സാമൂഹ്യ വിഭാഗങ്ങള്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും പട്ടിക ജാതിക്കാര്‍ക്കുമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുല്യ അളവില്‍ നല്‍കും. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനുള്ള ബജറ്റ് പിന്തുണ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. പിന്നോക്ക വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കും. ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും. മുന്നോക്ക വികസന കോര്‍പ്പറേഷനു കൂടുതല്‍ പണം ലഭ്യമാക്കും.

20) ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാധാരണ കുട്ടികള്‍ക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. ജനസംഖ്യാനുപാതമായി ബഡ്സ് സ്കൂളുകള്‍ സ്ഥാപിക്കും. സ്പെഷ്യല്‍ സ്കൂളുകളുടെ ധനസഹായം ഇരട്ടിയാക്കും. മുഴുവന്‍ ഭിന്നശേഷി ക്കാര്‍ക്കും സഹായോപകരണങ്ങള്‍ ഉറപ്പുവരുത്തും. കൂടുതല്‍ റിസോഴ്സ് അധ്യാപകരെ നിയമിക്കും. വിവിധ ഏജന്‍സികളുടെയും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, തദ്ദേശഭരണം വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. 80 ശതമാനം ഡിസബിലിറ്റി അധിക ആനുകൂല്യം ലഭ്യമാക്കും. കേരളത്തെ ബാരിയര്‍ ഫ്രീ സംസ്ഥാനമാക്കും.

21) വയോജനക്ഷേമം വിപുലമായ വയോജന സര്‍വ്വേ നടത്തും. സേവനങ്ങള്‍ വാതില്‍പ്പടിയില്‍ നല്‍കും. എല്ലാ വാര്‍ഡുകളിലും വയോക്ലബ്ബുകള്‍ സ്ഥാപിക്കും. വയോജന അയല്‍ക്കൂട്ടങ്ങള്‍ വിപുലപ്പെടുത്തും. പ്രത്യേക വയോജന ക്ലിനിക്കുകളും ഒ.പികളും, പ്രത്യേക സാന്ത്വന പരിചരണം, വയോജനങ്ങള്‍ക്കു മരുന്ന് വാതില്‍പ്പടിയില്‍ എന്നിവ ആരോഗ്യ മേഖലയില്‍ ഉറപ്പുവരുത്തും. സംസ്ഥാന ജില്ല പ്രാദേശികതലങ്ങളില്‍ വയോജന കൗണ്‍സിലുകള്‍ രൂപീകരിക്കും. വയോജന നിയമം കര്‍ശനമായി നടപ്പാക്കും.

22) സ്കൂള്‍ വിദ്യാഭ്യാസം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. പുതിയ ഫര്‍ണ്ണിച്ചര്‍, ലാബ്, ലൈബ്രറി, കളിക്കളങ്ങള്‍ ഉറപ്പുവരുത്തും. വിദ്യാഭ്യാസ നിലവാരത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കു പരിഹാരബോധനത്തിനും പ്രത്യേക വിഷയങ്ങള്‍ക്കുള്ള പോഷണത്തിനും അധ്യയന അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്കീമുകളെ ശക്തിപ്പെടുത്തും. സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കും. മുഴുവന്‍ കുട്ടികളും മിനിമം ശേഷി നേടുമെന്ന് ഉറപ്പിക്കും. നാലിലൊന്ന് കുട്ടികളെങ്കിലും എ ഗ്രേഡില്‍ എത്തുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ അഞ്ചു വര്‍ഷം 6.8 ലക്ഷം കുട്ടികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നതെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം ഇവരുടെ എണ്ണം 10 ലക്ഷമായി ഉയര്‍ത്തും.

23) ഉന്നതവിദ്യാഭ്യാസ രംഗത്തെ വിപുലപ്പെടുത്തും സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നേടിയ മികവിന്റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും. ഇതിനായി 30 സ്വതന്ത്ര മികവിന്റെ കേന്ദ്രങ്ങള്‍ സര്‍വ്വകലാശാലകള്‍ക്കുള്ളില്‍ സ്ഥാപിക്കും. 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ അനുവദിക്കും. ഡോക്ടറല്‍ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. അഫിലിയേറ്റഡ് കോളേജുകളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കും. കൂടുതല്‍ പഠനസൗകര്യങ്ങള്‍ സൃഷ്ടിക്കു ന്നതിന് അവശ്യമായ ഇടങ്ങളില്‍ ഷിഫ്റ്റ് സമ്പ്രദായവും ആവശ്യമുളള ഇടങ്ങളില്‍ പുതിയ സ്ഥാപനങ്ങളും അനുവദിക്കും. കേരളത്തെ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കും.

24) ആരോഗ്യ സംരക്ഷണം ലോകോത്തരം താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളുടെ കെട്ടിട നിര്‍മ്മാണം അടക്കമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രണ്ടുനേരം ഒ.പിയും മരുന്നും ലാബും ഉറപ്പുവരുത്തും. 20 ലക്ഷം കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ കിടത്തി ചികിത്സയും, ബാക്കിയുള്ളവര്‍ക്ക് 2 ലക്ഷം വരെ കാരുണ്യാ പദ്ധതിയും ശക്തിപ്പെടുത്തും. പൗരന്മാരുടെ ആരോഗ്യനില നിരന്തരമായി മോണിറ്റര്‍ ചെയ്യുന്നതിനു വികേന്ദ്രീകൃത ജനപങ്കാളിത്ത സംവിധാനം ഏര്‍പ്പെടുത്തും. തുടക്കത്തില്‍ത്തന്നെ ജീവിതശൈലി രോഗങ്ങള്‍ കണ്ടുപിടിച്ച് പ്രതിരോധിക്കും. കാന്‍സര്‍, ഹൃദ് രോഗം, വൃക്കരോഗം തുടങ്ങിയവ ജീവിതശൈലീ രോഗങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് ജില്ലാ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കും. പബ്ലിക് ഹെല്‍ത്ത് കേഡര്‍ നടപ്പാക്കും. ആലപ്പുഴയിലും തിരുവനന്തപുരം തോന്നയ്ക്കലും ആരംഭിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും.

25) ആയുഷ് പ്രോത്സാഹനം കണ്ണൂരിലെ അത്യാധുനിക ഗവേഷണ കേന്ദ്രം പൂര്‍ത്തീകരിക്കും. ആയൂര്‍വ്വേദത്തിന്റെ ടൂറിസം സാധ്യതകളെ തനിമയും ശാസ്ത്രീയതയും കൈവെടിയാതെ പ്രയോജനപ്പെടുത്തും. ഔഷധ സസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് കുടുംബശ്രീയുമായി ബന്ധപ്പെട്ട സ്കീം ആരംഭിക്കും. ആയൂര്‍വ്വേദ ഔഷധ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കും. ആയൂര്‍വ്വേദ ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. എല്ലാ പഞ്ചായത്തുകളിലും ഡിസ്പെന്‍സറികള്‍ ആരംഭിക്കും.

26) എല്ലാവര്‍ക്കും കുടിവെള്ളം 5000 കോടി രൂപയുടെ കിഫ്ബി പദ്ധതികളും, ജല്‍ജീവന്‍ മിഷന്‍ പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. 30 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കും. വാട്ടര്‍ അതോറിറ്റി പുനഃസംഘടിപ്പിക്കും. പാതിവഴിയിലായ എല്ലാ സ്വീവേജ് പദ്ധതികളും പൂര്‍ത്തീകരിക്കും.

27) എല്ലാവര്‍ക്കും വീട് അടുത്ത വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ നല്‍കും. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും. മൊത്തം അഞ്ചു ലക്ഷം വീടുകള്‍ അഞ്ചു വര്‍ഷംകൊണ്ട് പണി തീര്‍ക്കും. ഭൂമി ലഭ്യമായിടങ്ങളില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയും.

28) പുതിയ കായിക സംസ്കാരം എല്ലാ ജില്ലകളിലെയും സ്പോര്‍ട്സ് സമുച്ചയങ്ങള്‍ പൂര്‍ത്തീകരിക്കും. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഒരു മികച്ച കളിക്കളമെങ്കിലും ഉറപ്പുവരുത്തും. സ്കൂള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സ്പോര്‍ട്സ് പരിശീലനം നല്‍കും. എല്ലാ ജില്ലകളിലും റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കും. സ്പോര്‍ട്സ് കൗണ്‍സിലിനു കൂടുതല്‍ പണവും അധികാരവും നല്‍കും. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും വിശ്രമത്തിനും വിനോദത്തിനും കായികാഭ്യാസത്തിനും പൊതുയിടങ്ങള്‍ സൃഷ്ടിക്കും. സൈക്കിംഗിളിംഗിനെ പ്രോത്സാഹിപ്പിക്കും.

29) ഭാഷാ വികസനവും സാംസ്കാരിക നവോത്ഥാനവും ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുന്നതാണ്. ചരിത്ര സ്മാരകങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നമ്മുടെ സാംസ്കാരികവും കലാപരവുമായ രൂപങ്ങളെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും. നമ്മുടെ സമ്പത്തായ നാടന്‍ കലകളെ സംരക്ഷിക്കുന്നതിന് പ്രത്യേക ഇടപെടല്‍ ഉണ്ടാകും. സാഹിത്യ സമാജങ്ങള്‍, കലാസമിതികള്‍, സ്പോര്‍ട്സ് ക്ലബ്ബുകള്‍, നാടന്‍പാട്ട് സംഘങ്ങള്‍, നാടക സംഘങ്ങള്‍, തുടങ്ങിയ സാംസ്കാരിക കൂട്ടായ്മകള്‍ക്ക് അക്കാദമികള്‍ വഴി ധനസഹായം നല്‍കും. ലൈബ്രറികള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും. ലൈബ്രറികളെ ഡിജിറ്റലൈസ് ചെയ്യും. സ്കൂള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കലാ പരിശീലനത്തിന് സൗകര്യമൊരുക്കും. ബിനാലെ, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍, അന്തര്‍ദേശീയ നാടകോത്സവം, അന്തര്‍ദേശീയ നാടന്‍ കലോത്സവം എന്നിവ കൂടുതല്‍ മികവുറ്റതാക്കും. ജില്ലാ സാംസ്കാരിക സമുച്ചയങ്ങള്‍ പൂര്‍ത്തീകരിക്കും.

30) 60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. ട്രാന്‍സ്ഗ്രിഡ്, കെഫോണ്‍, ജലപാത, തീരദേശ മലയോര ഹൈവേകള്‍, വ്യവസായ പാര്‍ക്കുകള്‍, ആശുപത്രികോളേജ് നവീകരണം, യൂണിവേഴ്സിറ്റി കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങി കിഫ്ബി പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. എന്തുവില കൊടുത്തും കിഫ്ബിയെ സംരക്ഷിക്കും.

31) ഭീമന്‍ പശ്ചാത്തല സൗകര്യ പദ്ധതികള്‍. കൊച്ചിയില്‍ നിന്ന് പാലക്കാട് വഴിയുള്ള വ്യവസായ ഇടനാഴി, കൊച്ചിയില്‍ നിന്ന് മംഗലാപുര ത്തേയ്ക്കുള്ള വ്യവസായ ഇടനാഴി, തിരുവനന്തപുരം കാപ്പിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ്മെന്റ് പദ്ധതി, പുതിയ തെക്കുവടക്ക് സില്‍വര്‍ ലൈന്‍ റെയില്‍വേ പദ്ധതി എന്നീ നാലു ഭീമന്‍ പശ്ചാത്തല സൗകര്യ പദ്ധതികള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗണ്യമായി പൂര്‍ത്തീകരിക്കും. ഇതോടെ കേരളത്തിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഇന്ത്യയിലേറ്റവും മികച്ചതാകും. കൊച്ചിയെ ആഗോള നഗരമായി വികസിപ്പിക്കും.

32) വൈദ്യുതിക്ഷാമം ഇല്ലാത്ത കാലം 2040 വരെ വൈദ്യുതിക്ഷാമം ഇല്ല എന്ന് ഉറപ്പുവരുത്തുന്ന 10000 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ത്തീകരിക്കും. 4000 കോടി രൂപയുടെ വൈദ്യുതി വിതരണ പദ്ധതി പൂര്‍ത്തീകരിക്കും. 3000 കോടി രൂപയുടെ ഇടുക്കി പദ്ധതി രണ്ടാംഘട്ടം ആരംഭിക്കും. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളില്‍ നിന്ന് 3000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രനയത്തെ ചെറുക്കും. സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ സംരക്ഷിക്കും.

33) റോഡ് നവീകരണം 15000 കിലോമീറ്റര്‍ റോഡ് ബി.എം ആന്‍ഡ് ബിസിയില്‍ പൂര്‍ത്തീകരിക്കും. 72 റെയില്‍വേ മേല്‍പ്പാലങ്ങള്‍ പണിയും. 100 മേജര്‍ പാലങ്ങള്‍ പൂര്‍ത്തീകരിക്കും. ദേശീയപാതാ വികസനം പൂര്‍ത്തിയാക്കും. മലയോരഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത എന്നിവ പൂര്‍ത്തീകരിക്കും. മൊത്തം 40000 കോടി രൂപ റോഡു നിര്‍മ്മാണത്തിന് ചെലവഴിക്കും. ആധുനികവും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ സാങ്കേതികവിദ്യകള്‍ റോഡ് നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തും.

34) ജലഗതാഗതം ബദല്‍പാത തെക്കുവടക്ക് ദേശീയ ജലപാത പൂര്‍ത്തീകരിക്കും. ആയിരത്തില്‍പ്പരം കിലോമീറ്റര്‍ ഫീഡര്‍ കനാലുകള്‍ നവീകരിക്കും. കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ത്തീകരിക്കും. തീരദേശ കാര്‍ഗോ ഷിപ്പിംഗ് ആരംഭിക്കും. വിഴിഞ്ഞം, അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം ഹാര്‍ബറുകള്‍ പൂര്‍ത്തിയാകും. അഴീക്കല്‍ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതി ആരംഭിക്കും.

35) റെയില്‍വേവ്യോമ ഗതാഗതം കൊച്ചി മെട്രോ പൂര്‍ത്തീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്‌മെട്രോ ആരംഭിക്കും. തലശേരി മൈസൂര്‍, നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ ലൈനുകള്‍ നിര്‍മ്മിക്കും. ശബരി റെയില്‍ പൂര്‍ത്തിയാക്കും. ശബരി എയര്‍പോര്‍ട്ടിനുള്ള അനുവാദത്തിനും ശബരിറെയില്‍ പൂര്‍ത്തീകരിക്കുന്നതിനും വേണ്ടിയുള്ള സമ്മര്‍ദ്ദം ശക്തിപ്പെടുത്തും. ആവശ്യമെങ്കില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനു സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയോ പങ്കാളിയാവുകയോ ചെയ്യും.

36) തദ്ദേശഭരണം പുതിയ വിതാനത്തിലേയ്ക്ക് ജനകീയാസൂത്രണത്തിന്റെ 25ാം വാര്‍ഷികവുമായി ബന്ധപ്പെടുത്തി ഇതുവരെ അനുഭവങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ട് 14ാം പഞ്ചവത്സര പദ്ധതി രൂപീകരിക്കും. നീര്‍ത്തടാധിഷ്ഠിത ആസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കും. നൂതന പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കും. കൂടുതല്‍ പണവും അധികാരവും ഊദ്യോഗസ്ഥരെയും നല്‍കും. ജനപങ്കാളിത്തവും സുതാര്യതയും വര്‍ദ്ധിപ്പിക്കാന്‍ നടപടിയെടുക്കും. ഇഗവേണന്‍സ് പൂര്‍ത്തീകരിക്കും. നഗര വികസനത്തിന് പ്രത്യേക സ്കീമുകള്‍ ആവിഷ്കരിക്കും.

37) പരിസ്ഥിതി സൗഹൃദം കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നീര്‍ത്തട അടിസ്ഥാനത്തിലുള്ള ജലമണ്ണു സംരക്ഷണ പദ്ധതികളുടെ അടിസ്ഥാനത്തില്‍ നദീതട പദ്ധതികള്‍ ആവിഷ്കരിക്കും. ഇവാഹനനയം ആവിഷ്കരിച്ചു നടപ്പാക്കും. ഊര്‍ജ്ജ മിതവ്യയത്തിനും ബദല്‍ ഊര്‍ജ്ജ നിര്‍മ്മാണത്തിനും സ്കീമുകള്‍ ആവിഷ്കരിക്കും. ശാസ്ത്രീയമായ പരിസ്ഥിതി അവബോധം സമൂഹത്തില്‍ വ്യാപകമാക്കാന്‍ പ്രത്യേക ബോധവല്‍ക്കരണ ചര്‍ച്ചകള്‍ ആസൂത്രണം ചെയ്യും.

38) വനസംരക്ഷണം കൈയേറ്റം പൂര്‍ണമായും തടയും. വനം അതിര്‍ത്തികള്‍ ജണ്ട കെട്ടിയും ഡിജിറ്റലൈസ് ചെയ്തും സംരക്ഷിക്കും. മനുഷ്യവന്യമൃഗ സംഘര്‍ഷം ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കും. വനാതിര്‍ത്തിക്കു ചുറ്റും ബഫര്‍ സോണ്‍ നിജപ്പെടുത്തു മ്പോള്‍ ജനവാസ മേഖലകളെ ഒഴിവാക്കും.

39) പ്രത്യേക വികസന പാക്കേജുകള്‍ 7500 കോടി രൂപയുടെ വയനാട് പാക്കേജ്, 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2500 കോടിയുടെ കുട്ടനാട് പാക്കേജ്, 5000 കോടി രൂപയുടെ തീരദേശ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കും. കാസര്‍കോട് പാക്കേജിനുള്ള തുക വര്‍ദ്ധിപ്പിക്കും. ഇതിനായി പ്രത്യേക മേല്‍നോട്ട സമിതികള്‍ രൂപീകരിക്കും. വര്‍ഷത്തില്‍ രണ്ട് തവണ പ്രത്യേകമായി ഇതിന്റെ പുരോഗതി അവലോകനം ചെയ്യും. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹാരത്തിനു പ്രത്യേക പരിഗണന നല്‍കും.

40) ശുചിത്വം കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ പ്രദേശമാക്കും. ഉറവിട മാലിന്യ സംസ്ക്കരണത്തിന്റെ അടിസ്ഥാനത്തില്‍ ഖരമാലിന്യ സംസ്ക്കരണവും പ്രാദേശിക സ്വീവേജ് സംസ്ക്കരണവും നടപ്പാക്കും. അനിവാര്യമായ ഇടങ്ങളില്‍ വന്‍കിട മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റുകളും സ്ഥാപിക്കും. മുഴുവന്‍ കക്കൂസ് മാലിന്യവും സംസ്ക്കരിക്കാന്‍ ഉതകുന്ന സെപ്റ്റേജുകള്‍ പ്രാദേശികമായി സ്ഥാപിക്കും. വഴിയോര ടേക്ക് എ ബ്രേക്ക് പദ്ധതി പൂര്‍ത്തീകരിക്കും.

41) കേരളം സ്ത്രീ സൗഹൃദമാക്കും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന് ക്രൈം മാപ്പിംഗിന്റെ അടിസ്ഥാനത്തിലുള്ള ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കും. സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ നാലിലൊന്നെങ്കിലും ഉയര്‍ത്തും. സ്ത്രീകള്‍ക്കുള്ള പദ്ധതി അടങ്കല്‍ പത്തു ശതമാനത്തിലേറെയാക്കും. വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജന്‍ഡര്‍ പാര്‍ക്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കും. ഗൃഹജോലിയുടെ മൂല്യം അംഗീകരിച്ചുകൊണ്ട് വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും.

42) ശിശു സൗഹൃദം ശിശുസൗഹൃദ പഞ്ചായത്ത് / മുനിസിപ്പാലിറ്റികളുടെ മാനദണ്ഡങ്ങള്‍ക്കു രൂപം നല്‍കും. അവ എല്ലാവരും കൈവരിക്കുന്നതിന് ഒരു സമയബന്ധിത പരിപാടി തയ്യാറാക്കും. അങ്കണവാടികള്‍ സ്മാര്‍ട്ടാക്കും. കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനു ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും. പോക്സോ കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. പൊലീസ് സംവിധാനത്തിനു കൂടുതല്‍ പരിശീലനം നല്‍കും. ബാലാവകാശങ്ങള്‍ സംരക്ഷിക്കും.

43) വിശപ്പുരഹിത കേരളം സിവില്‍ സപ്ലൈസും കണ്‍സ്യൂമര്‍ഫെഡും വിപുലപ്പെടുത്തും. റേഷന്‍കടകളെ മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍കൂടി വില്‍ക്കാന്‍ അനുവദിക്കും. സ്വകാര്യ വിപണനശാലകള്‍ക്ക് ഔദ്യോഗിക റേറ്റിംഗ് ഏര്‍പ്പെടുത്തും. ജനസംഖ്യാനുപാതികമായി ജനകീയ ഹോട്ടലുകള്‍ ആരംഭിക്കും. കേരളത്തില്‍ ഒരാളും പട്ടിണി കിടക്കാന്‍ അനുവദിക്കില്ല.

44) സാമൂഹ്യ സുരക്ഷ സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയായി ഉയര്‍ത്തും. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീപ്രൈമറി അധ്യാപകര്‍, എന്‍.എച്ച്.എം ജീവനക്കാര്‍, സ്കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്കീം വര്‍ക്കേഴ്സിന്റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും. മിനിമംകൂലി 700 രൂപയാക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഗാര്‍ഹിക തൊഴിലാളികള്‍ക്കു പ്രത്യേക സ്കീമുകള്‍ ആരംഭിക്കും. ക്ഷേമനിധികള്‍ പുനഃസംഘടിപ്പിക്കും. ഓട്ടോടാക്സി മേഖലയിലെ തൊഴിലാളികളുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.

45) സഹകരണ മേഖലയുടെ സംരക്ഷണം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങളെ ശക്തമായി ചെറുക്കും. കേരള ബാങ്ക് വിപുലീകരിച്ച് എന്‍.ആര്‍.ഐ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബാങ്ക് ആക്കും. ഡെപ്പോസിറ്റ് അടിത്തറ ഇരട്ടിയായി ഉയര്‍ത്തും. കേരളത്തിന്റെ വികസനത്തിന് കൃഷിക്കാര്‍ക്കും സംരംഭകര്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം ഉദാരമായ വായ്പ ലഭ്യമാക്കുന്ന കേരളത്തിന്റെ ബാങ്കാകും. അപ്പെക്സ് ബാങ്കിനോടു ബന്ധപ്പെടുത്തി മികച്ച ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ പ്രാഥമിക സഹകരണ ബാങ്കുകളിലും ലഭ്യമാക്കും.

46) വാണിജ്യമേഖല വാണിജ്യമിഷന്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കും. പൈതൃക കമ്പോളങ്ങളെ നവീകരിക്കും. റോഡ് പ്രോജക്ടുകളില്‍ കട നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനു മേഖലാതല വിപണികള്‍ സൃഷ്ടിക്കും. കെ.എസ്.എഫ്.ഇ മ്യൂച്ചല്‍ ഗ്യാരണ്ടിയില്‍ ചിട്ടികള്‍ ആരംഭിക്കും. കേരളബാങ്ക് ചെറുകിട വ്യാപാരികള്‍ക്കു വേണ്ടി പദ്ധതികള്‍ ആവിഷ്കരിക്കും. ജി.എസ്.ടി കൂടുതല്‍ വ്യാപാരി സൗഹൃദമാക്കും. നല്ലനികുതിദായകര്‍ക്ക് പ്രിവിലേജ് കാര്‍ഡ് നല്‍കും. കേരള ഭാഗ്യക്കുറിയെ സംരക്ഷിക്കും.

47) സദ്ഭരണവും അഴിമതി നിര്‍മ്മാര്‍ജനവും ഇഗവേണന്‍സ്, ഇടെന്‍ഡറിംഗ്, സോഷ്യല്‍ ഓഡിറ്റ്, കര്‍ശനമായ വിജിലന്‍സ് സംവിധാനം എന്നിവയെല്ലാം ഉപയോഗപ്പെടുത്തി അഴിമതി നിര്‍മ്മാര്‍ജനം ചെയ്യും. സോഷ്യല്‍ പോലീസിംഗ് സംവിധാനം ശക്തിപ്പെടുത്തും. അതിനായുള്ള ഡയറക്ടറേറ്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. ജനമൈത്രി പൊലീസ് പുനഃസംവിധാനം ചെയ്ത് ഇതിനു കീഴില്‍ കൂടുതല്‍ ശക്തമാക്കും. ക്രമസമാധാനം മെച്ചപ്പെടുത്തും. ഏതു പരാതിയിലും 30 ദിവസത്തിനകം തീരുമാനം ഉറപ്പുവരുത്തും. എല്ലാ ബ്ലോക്കുകളിലും ഒറ്റ കേന്ദ്രത്തില്‍ എല്ലാ സേവനങ്ങളും ലഭ്യമാക്കും. ഭരണപരിഷ്കാര കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ നടപ്പിലാക്കും. മദ്യവര്‍ജ്ജനത്തിനുള്ള പരിശ്രമങ്ങള്‍ ശക്തിപ്പെടുത്തും. ദേവസ്വങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ഉറപ്പുവരുത്തും. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് സുഗമമായി എത്തിക്കും. സിംഗിള്‍ വിന്‍ഡോയിലൂടെ സേവനം ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സേവനം ലഭ്യമാക്കും. ഇതിനായി ആവശ്യമായ ഭേദഗതി സേവനാവകാശ നിയമങ്ങളില്‍ വരുത്തും. ചട്ടങ്ങളും രൂപീകരിക്കും.

48) ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് അധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ നവകേരള നിര്‍മ്മിതിയ്ക്കായി വ്യവസായ സംരംഭകര്‍ അടക്കമുള്ളവരോട് പൂര്‍ണ സഹകരണം ഉറപ്പുവരുത്തും. സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 സംസ്ഥാനങ്ങളില്‍ ഒന്നാക്കുകയും ചെയ്യും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

49) നിയമനങ്ങള്‍ പി.എസ്.സി മുഖേന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്പെഷ്യല്‍ റൂളുകള്‍ക്കു രൂപം നല്‍കുകയും നിയമനങ്ങള്‍ പി.എസ്.സിക്കു വിടുകയും ചെയ്യും. ഒഴിവുകള്‍ പൂര്‍ണ്ണമായും സമയബന്ധിതമായും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് ഉറപ്പുവരുത്തും. പി.എസ്.സി പരീക്ഷ, മൂല്യനിര്‍ണ്ണയം, നിയമനം എന്നിവ നടത്തുവാന്‍ ചലനാത്മകവും പൂര്‍ണ്ണതോതില്‍ ഓട്ടോമേറ്റഡുമായ സംവിധാനം സൃഷ്ടിക്കും. ഏറ്റവും കുറഞ്ഞ മനുഷ്യ ഇടപെടലോടെ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയും, മൂല്യനിര്‍ണ്ണയം നടത്തുകയും, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, നിയമനം നടത്തുകയും ചെയ്യും. പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കും.

50) കടാശ്വാസം കാര്‍ഷിക കടാശ്വാസ കമ്മീഷന്‍, മത്സ്യമേഖല കടാശ്വാസ കമ്മീഷന്‍, വിദ്യാഭ്യാസ വായ്പാ സമാശ്വാസം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തുടരും. സംസ്ഥാനത്തെ വിവിധ വികസന ഏജന്‍സികളില്‍ ദീര്‍ഘനാളായി കുടിശികയായി കിടക്കുന്ന വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനു പദ്ധതികള്‍ ആവിഷ്കരിക്കും. കിടപ്പാടങ്ങള്‍ ജപ്തി ചെയ്യുന്നതിനെതിരെ നിയമനിര്‍മ്മാണം ഉണ്ടാക്കും. വട്ടിപ്പലിശയ്ക്കും വ്യാജ ലേലം വിളികള്‍ക്കുമെതിരെ പ്രാദേശിക അടിസ്ഥാനത്തില്‍ സമിതികള്‍ക്കു രൂപം നല്‍കും

Tags: electionfeatured newsldfmanifestoഎല്‍ഡിഎഫ് പ്രകടനപത്രിക
News Desk

News Desk

Next Post
സർക്കാരുമായുള്ള വിയോജിപ്പ് രാജ്യദ്രോഹമല്ല : സുപ്രീംകോടതി

കേരളം പൗരത്വഭേദഗതി പ്രമേയം പാസാക്കിയതിൽ എന്താണ്‌ തെറ്റെന്ന്‌ സുപ്രീംകോടതി

  • Trending
  • Comments
  • Latest
EXCLUSIVE… പാലക്കാട് ഷാഫി പറമ്പിൽ മൂന്നാം  സ്ഥാനത്തേക്ക്

EXCLUSIVE… പാലക്കാട് ഷാഫി പറമ്പിൽ മൂന്നാം സ്ഥാനത്തേക്ക്

April 4, 2021
ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കുന്നു

ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കുന്നു

May 24, 2021
പതിനൊന്ന് മുതിർന്ന പോലീസ് ഓഫീസർമാർ തിങ്കളാഴ്ച്ച വിരമിക്കുന്നു

പതിനൊന്ന് മുതിർന്ന പോലീസ് ഓഫീസർമാർ തിങ്കളാഴ്ച്ച വിരമിക്കുന്നു

May 30, 2021
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി നല്‍കി സന്നദ്ധപ്രവർത്തക രേഖ

‘എന്റെ അനിയനെ ട്രോളിയാല്‍… 17 വര്‍ഷമായി കേന്ദ്രസര്‍വീസിലുണ്ട് ഞാന്‍, പണികൊടുത്തിരിക്കും’; ശ്രീജിത്ത് പണിക്കരുടെ സഹോദരന്റെ ഭീഷണി സന്ദേശം പുറത്ത്

May 9, 2021
കരകൗശല ഗ്രാമവുമായി സംസ്ഥാന സർക്കാർ

കരകൗശല ഗ്രാമവുമായി സംസ്ഥാന സർക്കാർ

0
പോരാട്ടത്തിന്റെ മറുപേര് കീഴ് വെൺമണി, ക്രിസ്മസ് ആഘോഷങ്ങളും ആരവങ്ങളുമില്ല

പോരാട്ടത്തിന്റെ മറുപേര് കീഴ് വെൺമണി, ക്രിസ്മസ് ആഘോഷങ്ങളും ആരവങ്ങളുമില്ല

0
കാത്തിരിപ്പിന്റെ അര നൂറ്റാണ്ടിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമാകുന്നു.

കാത്തിരിപ്പിന്റെ അര നൂറ്റാണ്ടിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമാകുന്നു.

0
സോളാറിൽ യുഡിഎഫ് ബിജെപി രഹസ്യ ധാരണ തെളിവുകൾ നേരറിയാൻ പുറത്തുവിടുന്നു

സോളാറിൽ യുഡിഎഫ് ബിജെപി രഹസ്യ ധാരണ തെളിവുകൾ നേരറിയാൻ പുറത്തുവിടുന്നു

0
സംസ്ഥാനത്ത് ഇന്നും തീവ്രമഴമുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്;ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഇന്നും തീവ്രമഴമുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്;ജാഗ്രതാ നിർദ്ദേശം

May 17, 2022
മ​ധ്യ​പ്ര​ദേ​ശി​ൽ കോ​വി​ഡ് രോ​ഗി​ക​ളി​ൽ ‘ബ്ലാ​ക്ക് ഫം​ഗ​സ്’ വ്യാ​പി​ക്കു​ന്നു , ഇ​തു​വ​രെ 50 പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചു

12 ലക്ഷം പേർക്ക് പനി, വടക്കൻ കൊറിയയിൽ അതിതീവ്ര കൊവിഡ് വ്യാപനം

May 16, 2022
ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി

റെക്കോർഡിട്ട് വിമാന ഇന്ധന വില

May 16, 2022
വൈദ്യന്റെ കൊലപാതകം; കൂട്ടുപ്രതി നൗഷാദുമായി തെളിവെടുപ്പ് നടത്തി

വൈദ്യന്റെ കൊലപാതകം; കൂട്ടുപ്രതി നൗഷാദുമായി തെളിവെടുപ്പ് നടത്തി

May 16, 2022

Recommended

സംസ്ഥാനത്ത് ഇന്നും തീവ്രമഴമുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്;ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഇന്നും തീവ്രമഴമുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്;ജാഗ്രതാ നിർദ്ദേശം

May 17, 2022
മ​ധ്യ​പ്ര​ദേ​ശി​ൽ കോ​വി​ഡ് രോ​ഗി​ക​ളി​ൽ ‘ബ്ലാ​ക്ക് ഫം​ഗ​സ്’ വ്യാ​പി​ക്കു​ന്നു , ഇ​തു​വ​രെ 50 പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചു

12 ലക്ഷം പേർക്ക് പനി, വടക്കൻ കൊറിയയിൽ അതിതീവ്ര കൊവിഡ് വ്യാപനം

May 16, 2022
ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി

റെക്കോർഡിട്ട് വിമാന ഇന്ധന വില

May 16, 2022
വൈദ്യന്റെ കൊലപാതകം; കൂട്ടുപ്രതി നൗഷാദുമായി തെളിവെടുപ്പ് നടത്തി

വൈദ്യന്റെ കൊലപാതകം; കൂട്ടുപ്രതി നൗഷാദുമായി തെളിവെടുപ്പ് നടത്തി

May 16, 2022

About Us

Nerariyan is a Malayalam news portal that delivers news and views on politics, business and entertainment. In such an era when media has become a profit-driven business, we stand apart with our utmost commitment to the values of objective and truthful journalism. Although we focus more on Kerala news, we also cover national and international happenings. Esteemed journalists and experts from various domains join us to present refreshing and insightful contents for our audience.

Categories

  • Articles
  • Entertainment
  • Fact Check
  • Health
  • India
  • Kerala
  • Politics
  • Sports
  • Uncategorized
  • Videos
  • World

FACEBOOK

Recent News

സംസ്ഥാനത്ത് ഇന്നും തീവ്രമഴമുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്;ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഇന്നും തീവ്രമഴമുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്;ജാഗ്രതാ നിർദ്ദേശം

May 17, 2022
മ​ധ്യ​പ്ര​ദേ​ശി​ൽ കോ​വി​ഡ് രോ​ഗി​ക​ളി​ൽ ‘ബ്ലാ​ക്ക് ഫം​ഗ​സ്’ വ്യാ​പി​ക്കു​ന്നു , ഇ​തു​വ​രെ 50 പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചു

12 ലക്ഷം പേർക്ക് പനി, വടക്കൻ കൊറിയയിൽ അതിതീവ്ര കൊവിഡ് വ്യാപനം

May 16, 2022

© 2021 www.nerariyan.com - Developed by Sandeep RK & powered by Wordpress.

No Result
View All Result
  • Home
  • Kerala
  • Politics
  • Videos
  • India
  • World
  • Sports
  • Entertainment

© 2021 www.nerariyan.com - Developed by Sandeep RK & powered by Wordpress.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In