കോവിഡ്‌ പ്രതിരോധയജ്ഞത്തിന്റെ വേഗംകൂട്ടാന്‍ കേന്ദ്രം അടിയന്തരനടപടി സ്വീകരിക്കണം : സീതാറാം യെച്ചൂരി

0
36

കോവിഡ്‌ രണ്ടാംഘട്ട വ്യാപനത്തെക്കുറിച്ച് ആശങ്ക ശക്തമായതോടെ പ്രതിരോധയജ്ഞത്തിന്റെ വേഗംകൂട്ടാന്‍ കേന്ദ്രസർക്കാരില്‍നിന്ന് അടിയന്തരനടപടി ഉണ്ടാകണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

എല്ലാവർക്കും എത്രയുംവേ​ഗം വാക്‌സിൻ നൽകുക മാത്രമാണ്‌ കോവിഡ്‌ ഭീതിയിൽനിന്ന്‌ കരകയറാനുള്ള മാർഗം. നിലവിൽ മൂന്ന്‌ കോടിയിലധികം പേർക്ക്‌ വാക്‌സിൻ നൽകി.

എന്നാല്‍, ആറ്‌ കോടിയോളം വാക്‌സിൻ ഡോസ് വിദേശത്തേക്ക് കയറ്റിഅയച്ചു. വിദേശരാജ്യങ്ങളെ സഹായിക്കുന്നതിൽ തെറ്റില്ല. ‌മുമ്പും‌ പല വാക്‌സിനും ഇന്ത്യ കയറ്റിയയച്ചിട്ടുണ്ട്‌. ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ ഉൽപാദക രാജ്യങ്ങളുടെ പട്ടികയിൽ വളരെ നേരത്തെ ഇന്ത്യ സ്ഥാനം പിടിച്ചിട്ടുണ്ട്‌‌.

അത്യാവശ്യഘട്ടങ്ങളിൽ മറ്റ്‌ രാജ്യങ്ങളെ സഹായിക്കുന്നതിൽ തെറ്റില്ല. എന്നാൽ, രാജ്യത്തെ ജനങ്ങളെ രോഗഭീതിയിൽനിന്ന്‌ കരകയറ്റാനുള്ള നടപടി ആദ്യമുണ്ടാകണം. മഹാകുംഭമേളയും തെരഞ്ഞെടുപ്പുകളും അടുത്ത സാഹചര്യത്തിൽ വാക്‌സിനേഷന്റെ വേഗം കൂട്ടാനുള്ള അടിയന്തര നടപടി സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടാകണം.

പോളിയോ പ്രതിരോധയജ്ഞത്തിന്റെ മാതൃകയിൽ വലിയപ്രചാരണം സംഘടിപ്പിച്ച്‌ വാക്‌സിനേഷൻ വേഗം കൂട്ടാനുള്ള നിരന്തര പരിശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. അല്ലെങ്കിൽ ഉദ്ദേശിച്ച ഫലം കാണില്ലെന്നും യെച്ചൂരി പറഞ്ഞു.