ചേരിതിരിഞ്ഞ് കോൺഗ്രസ്, സ്ഥാനാർഥി പട്ടിക പാർട്ടിക്കുള്ളിൽ വെല്ലുവിളിയാകുന്നു

0
22

സംസ്ഥാന നിയസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം ചേരിതിരിഞ്ഞ് കോൺഗ്രസിൽ കലഹം രൂക്ഷം. സ്ഥാനാർഥി പട്ടിക പാർട്ടിക്കുള്ളിൽ വെല്ലുവിളിയാകുന്നു സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്. സംസ്ഥാനത്തുടനീളം സ്ഥാനാർഥിപ്പട്ടികയിൽ പ്രതിഷേധം ശക്തമാകുകയാണ്.

സീറ്റ് ലഭിക്കാത്തതിനാൽ കോൺഗ്രസ് നേതിര്ത്വത്തോട് പൊട്ടിത്തെറിച്ചു മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് രാജിവെച്ചിരുന്നു. പ്രതിഷേധം രേഖപ്പെടുത്തി കെപിസിസി ആസ്ഥാനത്തിന് മുന്നിലിരുന്ന് തല മുണ്ഡനം ചെയ്യുകയും ചെയ്തു.

പ്രതിഷേധങ്ങൾ പലവിധത്തിൽ ഏറെ കണ്ടിട്ടുണ്ടെങ്കിലും അസാധാരണമായ അനുഭവമാണ് കോൺഗ്രസ് നേതൃത്വത്തിന് മഹിളാ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നേരിട്ടത്.കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ യഥാർത്ഥ മുഖം വ്യക്തമാക്കുന്ന സാഹചര്യമാണ് ഓരോ കോൺഗ്രസ് പ്രവർത്തകരും സൃഷ്ടിക്കുന്നത്.

സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന കോൺഗ്രസിലെ അംഗം ഇന്നും തുടർന്നു. ഇന്ന് കൽപ്പറ്റയിൽ ടി സിദ്ധിഖിനെ സ്ഥാനാർത്ഥിയാക്കാനുള്ള തിരുമനത്തിൽ പ്രതിഷേധവുമായി വയനാട് കിസാൻ കോൺഗ്രസ് രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി വയനാട്ടിൽ കിസാൻ കോൺഗ്രസ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു.

ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാർത്ഥി വേണ്ടെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം.കാർഷിക മേഖല ശക്തമായ വയനാട് മേഖലയിൽ കാർഷിക മേഖലയെ അവഗണിച്ചാണ് സ്ഥാനാർത്ഥി നിർണയം നടന്നത്. നൂറുകണക്കിനാളുകൾ രക്തം നൽകി വളർത്തിയ പാർട്ടിയിൽ പുറത്തുനിന്ന് ഒരാൾ വന്ന് സ്ഥാനാർത്ഥിയാകേണ്ടതില്ല.

കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടിക്ക് സീറ്റ് നൽകിയില്ല. അടിത്തട്ടിലുള്ള നീക്കങ്ങൾ മൂലം അദ്ദേഹത്തിന്റെ പേര് വെട്ടിമാറ്റിയിരിക്കുകയാണെന്നും പ്രവർത്തകർ പറഞ്ഞു. മുഴുവൻ പ്രവർത്തകരും പാർട്ടിയിൽ നിന്ന് രാജിവെയ്ക്കുമെന്നും പ്രവർത്തകർ വ്യക്തമാക്കി.

സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് മണലൂരിലും കോൺഗ്രസ് പ്രവർത്തകരുടെ കൂട്ട രാജി ഉണ്ടായി. കെട്ടിയിറക്കിയ സ്ഥാനാർഥിയെ വേണ്ടെന്ന് കോൺഗ്രസ് പ്രവർത്തകർ. സ്ഥാനാർഥി വിജയ് ഹരിയുടെ കയ്യിൽ നിന്ന് ലക്ഷങ്ങൾ സീറ്റിനായി വാങ്ങിയെന്നും ആരോപണം ഉയർന്നു.

സ്ഥാനാർത്ഥി സാധ്യതാ പട്ടിക പുറത്തുവന്നപ്പോൾ തന്നെ വലിയ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെ നേതൃത്വം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് മണലൂരിൽ കോൺഗ്രസ് പ്രവർത്തകർ രാജിവച്ചത്. 20 ഓളം പ്രവർത്തകരാണ് രാജിവച്ചത്.

പുതുക്കാട് മണ്ഡലത്തിലും പ്രതിഷേധമുണ്ട്. പുതുക്കാട് മണ്ഡലത്തിൽ അനിൽ അന്തിക്കാടിനെ സ്ഥാനാർത്ഥിയായി വേണ്ടെന്നാണ് മണ്ഡലത്തിലെ പ്രവർത്തകർ പറയുന്നത്. പകരം പ്രാദേശികമായിട്ടുള്ള ആളിനെ സ്ഥാനാർത്ഥിയായി നിശ്ചയിക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.

കെപി അനിൽകുമാറിനെ മാറ്റി പിസി വിഷ്ണുനാഥിനെ വട്ടിയൂർകാവിൽ ഉറപ്പിച്ചെങ്കിലും പ്രാദേശിക നേതാക്കൾ വീണ്ടും എതിർപ്പ് ഉയർത്തുന്നു. വിഷ്ണുനാഥിനെ നിർത്തിയാൽ വിമതനെ ഇറക്കുമെന്നാണ് വട്ടിയൂർകാവിലെ പ്രാദേശിക നേതാക്കളുടെ ഭീഷണി. ജില്ലയ്ക്ക് പുറത്തുള്ളവർ വേണ്ടെന്ന വാദമാണ് ഉയർത്തുന്നത്.

കോൺഗ്രസിലെ രാജിയും പ്രതിഷേധവും ശക്തമായതോടെ പ്രതിപക്ഷനേതാവ് തന്നെ ജില്ലാ നേതാക്കളുമായി ചർച്ച നടത്തുകയാണ്. എന്നാൽ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും തമ്മിൽ നടക്കുന്ന തമ്മിലടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് കേന്ദ്ര നേതിര്ത്വം പറയുന്നത്.

ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയും , നാമനിർദേശം നൽകുകയും ചെയ്ത തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേയ്ക്ക് കടന്നപ്പോൾ ബിജെപിയും കോൺഗ്രസ്സും സ്ഥാനാർഥി നിർണ്ണയ തർക്കത്തിലാണ്.