കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ കള്ളക്കളി, കസ്‌റ്റംസ്‌ ഓഫീസുകളിലേക്ക്‌ എൽഡിഎഫ്‌ മാർച്ച്‌ നടത്തി

0
70

നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയിൽ മുഖ്യമന്ത്രിയെയും എൽ.ഡി.എഫ്‌ സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കസ്റ്റംസ്‌ ഓഫീസുകളിലേക്ക് എൽഡിഎഫ്‌ മാർച്ച് നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്കാണ്‌ മാർച്ച്‌ നടത്തിയത്‌.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വ്യക്തിഹത്യ നടത്താനുള്ള കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ കള്ളക്കളികളാണ് ഇതെന്ന് ‌ നേതാക്കൾ വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികൾ ഉയർത്തിക്കാണിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറെ മുന്നോട്ടുപോയ എൽഡിഎഫിനെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ കീഴ്‌പെടുത്താനുള്ള നീക്കമാണ്‌ ബിജെപി നടത്തുന്നത്‌.

ഭരണനേതൃത്വത്തെയും സർക്കാരിനെയും അവഹേളിക്കാനുള്ള ഹീന ശ്രമമാണ് നടത്തുന്നത്. ഇതിന് ഒത്താശയുമായി കേരളത്തിലെ കോൺഗ്രസുമുണ്ട്‌. ഇതിനെതിരെയാണ്‌ ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധമാർച്ച്‌ നടത്തുന്നത്‌.

ജയിലിൽ കിടക്കുന്ന പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ്‌ ഹൈക്കോടതിയിൽ കസ്‌റ്റംസ്‌ സത്യവാങ്‌മൂലം നൽകിയത്‌. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ്‌ ഏറ്റെടുത്തു‌.

എൽഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കഴിയില്ലെന്ന്‌ ബോധ്യമായപ്പോഴാണ്‌ മ്ലേച്‌ഛമായ ഈ നീക്കം.ഇതിനെതിരെ ശക്‌തമായായ താക്കീതായി എൽഡിഎഫ്‌ മാർച്ച്‌.

തിരുവനന്തപുരത്ത്‌ ആയുർവേദ കോളേജിന്‌ മുന്നിൽനിന്നു മാർച്ച്‌ ആരംഭിച്ച്‌ പ്രസ് ക്ലബിന് സമീപമുള്ളിൽ കസ്റ്റംസ് ഓഫീസിന്‌ മുന്നിൽ ധർണഇരുന്നു. മാർച്ച്‌ സിപിഐ എം പിബി അംഗം എം എ ബേബി ഉദ്ഘാടനം ചെയ്‌തു.

കൊച്ചിയിൽ മാർച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു.എസ്‌ ശർമ എംഎൽഎ, കെ എൻ സുഗതൻ, ടി പി അബ്‌ദുൾ അസീസ്‌, കുമ്പളം രവി, ടി സി സഞ്ജിത്ത്‌, അനിൽ ജോസ്‌,ജോർജ്‌ ഇടപ്പരത്തി എന്നിവർ സംസാരിച്ചു. എം സ്വരാജ്‌ എംഎൽഎ , കെ ചന്ദ്രനപിള്ള എന്നിവർ പങ്കെടുത്തു.

കോഴിക്കോട്‌ നടന്ന മാർച്ചിൽ സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.മുതലക്കുളം മൈതാനം കേന്ദ്രീകരിച്ചാണ് മാർച്ച് നടന്നത്. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. പി കെ നാസർ അധ്യക്ഷനായി. മാമ്പറ്റ ശ്രീധരൻ, എൻ സി മോയിൻ കുട്ടി, പി ടി ആസാദ്, അഡ്വ. എം പി സൂര്യനാരായണൻ, സി പി ഹമീദ്, പി അബ്ദുറഹിമാൻ, ഫിറോസ് പുളിക്കൽ എന്നിവർ സംസാരിച്ചു. ടി വി നിർമലൻ സ്വാഗതം പറഞ്ഞു.