കള്ളപ്പണം വെളുപ്പിക്കൽ; മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ഇ ഡി ചോദ്യം ചെയ്യും

0
48

പത്തു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻമന്ത്രിയും മുസ്ലീം ലീ​ഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുകാട്ടി ഇ ഡി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് അയച്ചു. കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്.

നോട്ട് നിരോധനകാലത്ത് മുസ്ലീം ലീ​ഗ് മുഖപത്രമായ ചന്ദ്രികയുടെ അകൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് പരാതി. പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച തുകയാണിതെന്ന് ഇ ഡിക്ക് അയച്ച പരാതിയിൽ വ്യക്തമാക്കിയിരുന്നു.

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന ഇബ്രാഹിം കുഞ്ഞിന് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. അതിനിടെ ജാമ്യഉപാധിയിൽ ഇളവ് ആവശ്യപ്പെട്ട് ബുധനാഴ്ച ഹൈക്കോടതിയിൽ ഇബ്രാഹിംകുഞ്ഞ് ഹരജി നൽകിയിരുന്നു. ഹരജി പരിശോധിച്ച കോടതി ഇബ്രാഹിം കുഞ്ഞിനെ അതിനിശിതമായി വിമർശിച്ചിരുന്നു.