കര്‍ഷക സമരം 98ാം ദിവസത്തിലേക്ക്; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ പ്രചരണം നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച

0
19

കർഷക സമരം 98ആം ദിവസത്തിലേക്ക്. പുതുക്കിയ സമര പരിപാടികളുമായി സംയുക്ത കിസാൻ മോർച്ച. ദേശീയപാത ഉപരോധം, മഹിളാ കിസാൻ ദിവസ്, സ്വകാര്യവത്കരണ വിരുദ്ധദിനം എന്നിങ്ങനെയാണ് പുതിയ സമര പരിപാടികൾ. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്ക് എതിരെ കർഷകർ പ്രകടനം നടത്തുമെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. സംയുക്ത കിസാൻ മോർച്ച കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ വരാനിരിക്കുന്ന കർഷക സമരങ്ങൾക്ക് തീരുമാനമായി, കർഷക സമരം തുടങ്ങി 100 ദിവസം തികയുന്ന മാർച്ച്‌ 6ന് ദില്ലിക്ക് പുറത്തുള്ള വിവിധ പ്രതിഷേധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന കെ‌എം‌പി എക്സ്പ്രസ് ഹൈവേ കർഷകർ 5 മണിക്കൂർ ഉപരോധിക്കും.

രാവിലെ 11 മുതൽ വൈകുന്നേരം 4 വരെയാണ് റോഡ് ഉപരോധം.ഹൈവേയിലെ ടോൾ പ്ലാസകളും പിടിച്ചടുക്കും.കേന്ദ്ര സർക്കാരിനെതിരെ മാർച്ച്‌ 6ന് രാജ്യവ്യാപകമായി കരിദിനം ആചാരിക്കും. മാർച്ച് എട്ടിന് സംയുക്ത് കിസാൻ മോർച്ച മഹിള കിസാൻ ദിവസ് ആയി ആഘോഷിക്കും.

അതിർത്തികളിൽ അന്നേദിവസം സ്ത്രീകൾ കർഷകസമരത്തിന് നേതൃത്വം കൊടുക്കും. കർഷക പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനും രാജ്യത്ത് വനിതാ കർഷകരുടെ സംഭാവനകളെ ഉയർത്തിക്കാട്ടുന്നതിനുമായി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്ന വനിതാ സംഘടനകളെ സംയുക്ത കിസാൻ സമിതി അതിർത്തികളിലേക്ക് ക്ഷണിച്ചു.

മാർച്ച് 15 ന് സ്വകാര്യവത്കരണ വിരുദ്ധ ദിനമായി കർഷകർ ആചരിക്കും. തെരഞ്ഞെടുപ്പ് പരിധിയിലുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകർ പ്രതിഷേധിക്കും.