എന്താണ് പഞ്ചാബിൽ ഐപിഎൽ ഇല്ലാത്തത് ? ബിസിസിഐക്കെതിരെ പഞ്ചാബ് കിംഗ്സിന്റെ സി ഇ ഓ രംഗത്ത്

0
26

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ അഞ്ചോ, ആറോ വേദികളിലായി ഇത്തവണത്തെ ഐപിഎൽ നടത്താനാണ് ബിസിസിഐ നീക്കങ്ങൾ നടത്തുന്നത്. ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത, ഡെൽഹി, ബാംഗ്ലൂർ എന്നീ നഗരങ്ങളെയാണ് വേദികളായി ബിസിസിഐ പരിഗണിക്കുന്നതെന്നാണ് സൂചനകൾ.

മുംബൈയിൽ മത്സരങ്ങൾ നടത്തുന്നതും ബോർഡിന്റെ പരിഗണനയിലുണ്ടായിരുന്നുവെന്നും എന്നാൽ മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ മുംബൈയെ വേദികളായി പരിഗണിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായുമാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേ സമയം ഇപ്പോളിതാ തങ്ങളുടെ ഹോം സ്റ്റേഡിയമായ മൊഹാലിയെ ഐപിഎൽ നടത്തിപ്പിനുള്ള വേദിയായി പരിഗണിക്കാത്തതിൽ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് പഞ്ചാബ് കിംഗ്സിന്റെ സി ഇ ഓ ആയ സതീഷ് മേനോൻ. വേദികളുടെ കാര്യത്തിൽ ബിസിസിഐ എങ്ങനെയാണ് തീരുമാനമെടുത്തതെന്ന് തങ്ങൾക്കറിയില്ലെന്നും ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് തങ്ങൾ ബിസിസിഐയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കവെ മേനോൻ വ്യക്തമാക്കി. എന്തു കൊണ്ടാണ് പഞ്ചാബിൽ ഐപിഎൽ മത്സരങ്ങൾ നടത്തേണ്ടെന്ന് അവർ (ബിസിസിഐ) തീരുമാനിച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്നും ഇതോടൊപ്പം അദ്ദേഹം വ്യക്തമാക്കി.

അതേ സമയം തങ്ങളുടെ ഹോം ഗ്രൗണ്ടുകളെ ഒഴിവാക്കിക്കൊണ്ട് ഇത്തവണത്തെ ഐപിഎൽ നടത്തുന്നതിനോട് തികഞ്ഞ അസന്തുഷ്ടിയാണ് പഞ്ചാബിന് പുറമേ, രാജസ്ഥാൻ റോയൽസ്, സൺ റൈസേഴ്സ് ഹൈദരാബാദ് എന്നീ ഫ്രാഞ്ചൈസികൾക്കുമുള്ളത്. ഇത്തരത്തിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന അവർ രേഖാമൂലം പ്രതിഷേധം അറിയിക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.

“ഈ നീക്കം ഞങ്ങൾ മൂന്ന് ടീമുകളേയും ബാധിക്കും. ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നവരാണ് ടൂർണമെന്റിലും മികച്ച കളി കെട്ടഴിക്കുന്നത്. അവർ അഞ്ചോ, ആറോ മത്സരങ്ങൾ സ്വന്തം ഗ്രൗണ്ടിലും, കുറച്ച് മത്സരങ്ങൾ എതിരാളികളുടെ ഗ്രൗണ്ടിലും വിജയിച്ച് പ്ലേ ഓഫിലെത്തുന്നു‌.

ഈ 5 ടീമുകൾക്കും (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡെൽഹി ക്യാപിറ്റൽസ് ടീമുകൾക്ക് ഹോം ആനുകൂല്യമുണ്ടാകും. ഞങ്ങൾക്കാകട്ടെ എല്ലാ മത്സരങ്ങളും എവേ മത്സരങ്ങളായി കളിക്കേണ്ടി വരും.” കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിയുടെ ഒഫീഷ്യൽമാരിലൊരാൾ വ്യക്തമാക്കി.