കിളിമഞ്ചാരോ കീഴടക്കി ഒൻപതുകാരി

0
46

ഒന്‍പതാം വയസില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശുകാരിയായ റിഥിക ശ്രീ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ടാൻസാനിയയിലെ കിളിമഞ്ചാരോ കീഴടക്കിയാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ ഒമ്പത് വയസുകാരി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

ഇതോടെ കിളിമഞ്ചാരോ കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെൺകുട്ടിയും ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയുമായിരിക്കുകയാണ് റിഥ്വിക ശ്രീ. അച്ഛനൊപ്പം കഴിഞ്ഞ ജനുവരി 16 നാണ് റിഥ്വിക കിളിമഞ്ചാരോ പര്‍വ്വതം കയറിത്തുടങ്ങിയത്. നേരത്തെ സമുദ്രനിരപ്പിൽ നിന്ന് 5,681 മീറ്റർ ഉയരത്തിലുള്ള ഗിൽമാൻ പോയിന്‍റും റിഥ്വിക കീഴടക്കിയിരുന്നു.

കായികാധ്യാപകനും ക്രിക്കറ്റ് കോച്ചുമായ റിഥ്വികയുടെ പിതാവിന്‍റെ ശിക്ഷണത്തിൽ ചെറുപ്പം മുതൽ റിഥ്വിക റോക്ക് ക്ലൈമ്പിങ് പരിശീലനം നേടിയിരുന്നു. തെലങ്കാനയിലെ ഭോംഗിറിലെ റോക്ക് ക്ലൈംബിംഗ് സ്കൂളിൽ നിന്നും റിഥിക പരിശീലനം നേടിയിട്ടുണ്ട്. അഭിമാനനേട്ടം കരസ്ഥമാക്കിയ റിഥികയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. പ്രതിസന്ധിക്കിടയിലും അവസരങ്ങളെ പ്രയോജനപ്പെടുത്തിയ റിഥികക്ക് അഭിനന്ദനങ്ങളെന്ന് അനന്ത്പൂര്‍ കലക്ടര്‍ ഗാന്ധം ചാന്ദ്രുഡു ട്വിറ്ററില്‍ കുറിച്ചു.