ഹാഥ്റസ് പീഡന കേസ്; ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ചുകൊന്നു

0
26

മകളെ ശല്യം ചെയ്തതിനെതിരെ പരാതി നല്‍കിയ പിതാവിനെ പ്രതി വെടിവെച്ചുകൊന്നു. ജാമ്യത്തിലിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. ഉത്തർപ്രദേശിലെ ഹാഥ്റസിലാണ്​ സംഭവം. ഗ്രാമത്തിലെ ക്ഷേത്രത്തിന്​ പുറത്ത്​ പ്രതിയുടെ കുടുംബവും പരാതിക്കാരിയുടെ കുടുംബവും തമ്മിലുണ്ടായ വാക്കുതര്‍ക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

2018ലാണ് ഗൌരവ് ശര്‍മക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാൽ ഒരു മാസത്തിനുള്ളിൽ തന്നെ ഇയാൾക്ക് ജാമ്യം ലഭിച്ചു. ഈ സംഭവത്തോടെ ഇരു കുടുംബങ്ങളും തമ്മില്‍ ശത്രുതയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഗൌരവ് ശര്‍മയുടെ ഭാര്യയും ബന്ധുവും ക്ഷേത്രദര്‍ശനത്തിന്​ പോയപ്പോള്‍ കൊല്ലപ്പെട്ടയാളുടെ പെൺമക്കളും അവിടെ ഉണ്ടായിരുന്നു. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഗൗരവ് ശർമയും പെണ്‍കുട്ടികളുടെ പിതാവും ഇടപെട്ടതോടെ പ്രശ്നം രൂക്ഷമായി. ഗൗരവ്​ ബന്ധുക്കളായ ചില യുവാക്കളെ സ്​ഥലത്തേക്ക്​ വിളിച്ചുവരുത്തി. തുടര്‍ന്ന് പ്രതി പെണ്‍കുട്ടികളുടെ പിതാവിനെ വെടിവെച്ച് കൊല്ലുകയുമായിരുന്നുവെന്ന് ഹാഥ്റസ്​ പൊലീസ്​ മേധാവി വിനീത്​ ജയ്​സ്വാൾ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.

ഗൗരവിന്‍റെ ഒരു ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു​. പ്രതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി​ പൊലീസ്​ സ്​റ്റേഷന്​ മുന്‍പില്‍ പ്രതിഷേധിച്ചു- ‘ആദ്യം അയാള്‍ എന്നെ ഉപദ്രവിച്ചു, ഇപ്പോള്‍ എന്‍റെ പിതാവിനെ കൊന്നു. അവര്‍ അഞ്ചോ ആറോ പേരുണ്ടായിരുന്നു. എന്‍റെ പിതാവിന് ആരോടും ശത്രുത ഉണ്ടായിരുന്നില്ല. എനിക്ക് നീതി വേണം’ എന്നാണ് പെണ്‍കുട്ടി പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഹാഥ്റസ് വാര്‍ത്തകളില്‍ നിറഞ്ഞത്. ദലിത്​ യുവതിയെ മേല്‍ജാതിയില്‍പ്പെട്ട നാല് പേര്‍ ബലാത്സംഗം ചെയ്ത് കൊന്നു. പെൺകുട്ടിയുടെ മൃതദേഹം പൊലീസ്​കുടുംബത്തിന് വിട്ടുകൊടുക്കാതെ അർധരാത്രി കത്തിച്ചുകളഞ്ഞത് വിവാദമായിരുന്നു. പിന്നാലെയാണ് ഹാഥ്റസില്‍ നിന്നും മറ്റൊരു കുറ്റകൃത്യത്തിന്‍റെ വാര്‍ത്ത കൂടി പുറത്തുവന്നത്.