ചെന്നിത്തല പയറ്റുന്നത് ഗീബൽസിയൻ തന്ത്രം; വെല്ലുവിളി ഏറ്റെടുത്ത് മെഴ്‌സിക്കുട്ടിയമ്മ

0
35

വീണ്ടും നുണപ്രചരണമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പയറ്റിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഫിഷറീസ് മന്ത്രി രണ്ട് പ്രാവശ്യം ഫയല്‍ കണ്ടു എന്നതാണ് ഇന്നത്തെ കണ്ടെത്തല്‍. ആദ്യത്തെ ആക്ഷേപം അമേരിക്കയില്‍ വച്ച് ചര്‍ച്ച നടത്തി, ഇവിടെ വന്ന് ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് അനുമതി നല്‍കി എന്നതായിരുന്നു. അമേരിക്കയില്‍ ചര്‍ച്ച നടത്തി എന്നത് തികച്ചും അസംബന്ധമായ പ്രചാരവേലയാണ് എന്ന് വ്യക്തമാക്കിയപ്പോള്‍, കണ്ടതിന്റെ രേഖ പുറത്ത് വിടുന്നു എന്നതായി. അത് ഓഫീസില്‍ വന്ന് നിവേദനം നല്‍കുന്നതാണെന്ന് വ്യക്തമായപ്പോള്‍ ഫയല്‍ കണ്ടു എന്നതായി. ഫയല്‍ കാണുന്നതില്‍ എന്താണ് അസാധാരണത്വം. ആരെങ്കിലും നിവേദനം നല്‍കിയാല്‍ കാണാന്‍ പാടില്ലേയെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി താന്‍ ഏറ്റെടുക്കുകയാണെന്നും ഫിഷറീസ് വകുപ്പ് ഇക്കാര്യത്തില്‍ എന്തെങ്കിലും അനുകൂലമായ തീരുമാനം എടുത്തുയെന്ന് തെളിയിക്കാമോയെന്നും മന്ത്രി ചോദിച്ചു.

മേഴ്‌സിക്കുട്ടിയമ്മയുടെ വാക്കുകള്‍:

”പ്രതിപക്ഷ നേതാവിന്റെ ഗീബല്‍സിയന്‍ തന്ത്രങ്ങളെ തിരിച്ചറിയുക, ദുഷ്പ്രചാരവേല തള്ളിക്കളയുക….

ആഴക്കടല്‍ മല്‍സ്യ ബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കൊണ്ടു വന്ന ആക്ഷേപം തികച്ചും ആസൂത്രിതവും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉള്ളതുമാണ് എന്ന് വ്യക്തമാക്കിയിട്ടും വീണ്ടും നുണപ്രചരണമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് പയറ്റിക്കൊണ്ടിരിക്കുന്നത്. ഫിഷറീസ് മന്ത്രി രണ്ട് പ്രാവശ്യം ഫയല്‍ കണ്ടു എന്നതാണ് ഇന്നത്തെ കണ്ടെത്തല്‍. ആദ്യത്തെ ആക്ഷേപം അമേരിക്കയില്‍ വച്ച് ചര്‍ച്ച നടത്തി, ഇവിടെ വന്ന് ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് അനുമതി നല്‍കി എന്നതായിരുന്നു.

അമേരിക്കയില്‍ ചര്‍ച്ച നടത്തി എന്നത് തികച്ചും അസംബന്ധമായ പ്രചാരവേലയാണ് എന്ന് വ്യക്തമാക്കിയപ്പോള്‍, കണ്ടതിന്റെ രേഖ പുറത്ത് വിടുന്നു എന്നതായി. അത് ഓഫീസില്‍ വന്ന് നിവേദനം നല്‍കുന്നതാണെന്ന് വ്യക്തമായപ്പോള്‍ ഫയല്‍ കണ്ടു എന്നതായി. ഫയല്‍ കാണുന്നതില്‍ എന്താണ് അസാധാരണത്വം.ആരെങ്കിലും നിവേദനം നല്‍കിയാല്‍ കാണാന്‍ പാടില്ലേ?. എന്ത് തീരുമാനമെടുത്തു എന്നതാണ് പ്രധാനം.ഫിഷറീസ് വകുപ്പിന്റെ ആഴക്കടല്‍ മത്സ്യ ബന്ധനം സംബന്ധിച്ച് നിലപാട് വ്യക്തമാണെന്നിരിക്കെ നയത്തിന് വിരുദ്ധമായ തീരുമാനം എടുക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുകയാണ്.

ഫിഷറീസ് വകുപ്പ് ഇക്കാര്യത്തില്‍ എന്തെങ്കിലും അനുകൂലമായ തീരുമാനം എടുത്തു എന്ന് അങ്ങേയ്ക്ക് തെളിയിക്കാമോ?. ഇല്ലെങ്കില്‍ ഈ അധമമായ പ്രചാരവേല പ്രതിപക്ഷ നേതാവ് നടത്തുന്നത് തരംതാണതും, ഹീനവുമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്. ചില കുത്തക മാധ്യമങ്ങളുടെ പിന്തുണയോടെ ആടിനെ പട്ടിയാക്കുന്ന പണി അവസാനിപ്പിക്കണം.

ഇതുമായി ബന്ധപ്പെട്ട വസ്തുത എന്താണ്?

ഒരു അമേരിക്കന്‍ കമ്പനി ആഴക്കടല്‍ മല്‍സ്യ ബന്ധനം, പ്രോസസ്സിംഗ്, ഗവേഷണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരു കണ്‍സപ്റ്റ് നോട്ട് എന്റെ ഓഫീസില്‍ വന്ന് നല്‍കുന്നു.ഗവണ്‍മെന്റിന്റെ നയം വ്യക്തമാക്കി, നടപടി ക്രമം പാലിച്ച് ഫിഷറീസ് വകുപ്പ് സെക്രട്ടറി ഈ കമ്പനിയുടെ വിശ്വാസ്യതയെക്കുറിച്ച് കേന്ദ്ര വിദേശമന്ത്രാലയത്തോട് ആരായുന്നു.വിദേശമന്ത്രാലയം അത് അന്വേഷിച്ച് വിവരം സെക്രട്ടറിക്ക് കൈമാറുന്നു. ആ വിവരം അനുസരിച്ച് ഇവര്‍ അവകാശപ്പെടുന്ന ഒരു കാര്യവും നടത്താന്‍ ശേഷിയുള്ളവരല്ല എന്ന് വ്യക്തമാണ്. മല്‍സ്യബന്ധന വകുപ്പ് ഇതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ല എന്നിരിക്കെ ഇക്കൂട്ടര്‍ വീണ്ടും 2020 ജനുവരിയില്‍ നടന്ന വ്യവസായ നിക്ഷേപക സംഗമത്തില്‍ ഇവരുടെ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നു. ഇതില്‍ എന്താണ് ഫിഷറീസ് വകുപ്പിന്റെ പങ്ക്. ബോധപൂര്‍വ്വമായി ഒരു പൊതുമേഖലാ സ്ഥാപനം പ്രതിപക്ഷ നേതാവിന്റെ ജാഥ തുടങ്ങിയതിന് ശേഷം ഫെബ്രുവരി രണ്ടിന് ഒരു വമ്പന്‍ പദ്ധതിയ്ക്ക് എം.ഒ.യു ഒപ്പുവയ്ക്കുന്നുവെന്ന് പറയുന്നത് തികച്ചും അസാധാരണമാണ്. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയോ, വകുപ്പോ അറിയാതെ തികച്ചും രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടു കൂടി നടത്തിയ ഈ നീക്കം ഗവണ്‍മെന്റ് റദ്ദാക്കുകയും ചെയ്തു.

ഇപ്പോള്‍ പ്രചാരവേല മല്‍സ്യനയത്തിലെ ഖണ്ഡിക 2. 9 നെക്കുറിച്ചാണ്. 2019ലെ മല്‍സ്യനയത്തില്‍ പുറംകടലില്‍ ബഹുദിന മല്‍സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് സംരക്ഷണം നല്‍കും എന്നു പറഞ്ഞത് നിലവിലുള്ള മല്‍സ്യബന്ധന യാനങ്ങളുടെ സംരക്ഷണത്തെക്കുറിച്ചു മാത്രമാണ്. മല്‍സ്യനയത്തിലെ 2. 9 എന്ന ഖണ്ഡിക നീക്കം ചെയ്യണമെന്ന് ബോട്ട് ഉടമ സംഘടനകള്‍ക്കും, ശ്രീ. ഷിബു ബേബി ജോണിനും അഭിപ്രായമുണ്ടോ എന്ന് ആവര്‍ത്തിച്ച് ആരാഞ്ഞിട്ടും പ്രതികരണമുണ്ടായില്ല. ഇത്തരം കള്ളക്കളി മല്‍സ്യത്തൊഴിലാളി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാം എന്ന ലക്ഷ്യത്തിലാണെങ്കില്‍ അത് നടക്കില്ല എന്നാണ് എനിയ്ക്ക് പറയാനുള്ളത്. മല്‍സ്യത്തൊഴിലാളികള്‍ ഈ സര്‍ക്കാര്‍ നല്‍കിയ നല്ല നയങ്ങളുടെ ഗുണഭോക്താക്കളാണ്.

പിടിക്കുന്ന മത്സ്യത്തിന് ന്യായവില ഉറപ്പാക്കുക, മല്‍സ്യബന്ധനോപകരണങ്ങളുടെ ഉടമസ്ഥാവകാശം ഉറപ്പാക്കുക, മെച്ചപ്പെട്ട ഭവനസമുച്ചയങ്ങള്‍ അവര്‍ക്ക് വേണ്ടി നിര്‍മ്മിക്കുക. മല്‍സ്യത്തൊഴിലാളിയുടെ മക്കള്‍ പഠിക്കുന്ന ഫിഷറീസ് സ്‌ക്കൂളുകള്‍ അറിവിന്റെ മാതൃകാ കേന്ദ്രങ്ങളാക്കുക, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുക, മല്‍സര പരീക്ഷകളില്‍ അവരെ സജ്ജരാക്കി എ.ബി.ബി.എസും, എഞ്ചിനീയറിംഗും ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കുന്നതിന് അവരെ പ്രാപ്തരാക്കുക. മല്‍സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ് 10 ലക്ഷമാക്കി ഉയര്‍ത്തി, പ്രകൃതിക്ഷോഭങ്ങളുമായി മല്ലിടുമ്പോഴൊക്കെ അവര്‍ക്ക് സൗജന്യ റേഷനും, സാമ്പത്തിക സഹായവും ലഭ്യമാക്കുക, കടലില്‍ അപകടത്തില്‍ പെടുന്ന മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി മൂന്ന് മറൈന്‍ അംബുലന്‍സുകളുടെ സര്‍വ്വീസ് ആരംഭിക്കുക, മല്‍സ്യത്തൊഴിലാളി സംഘങ്ങള്‍ക് ആധുനീക സജ്ജീകരണങ്ങളോടുകൂടിയ ബോട്ടുകള്‍ നല്‍കുക, കടലില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ താമസ്സിക്കുന്ന മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി പുനര്‍ ഗേഹം പദ്ധതിയിലൂടെ ഭവനങ്ങള്‍ നല്‍കുക തുടങ്ങി നിരവധി പദ്ധതികളാണ് മല്‍സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളത്.

ഇതാണ് വസ്തുത എന്നിരിക്കെ ചില മാധ്യമ കുത്തകളുടെ പിന്തുണയോടെ എന്ത് അധമവും ഹീനവുമായ പ്രചരണം അഴിച്ചുവിടുന്നത് പ്രതിപക്ഷ നേതാവിന് ചേരുന്നതല്ല. ഈ സര്‍ക്കാരിനെക്കുറിച്ച് ഒന്നും പറയാനില്ലാതിരിക്കെ മുങ്ങിത്താഴുബോള്‍ നടത്തുന്ന ഇത്തരം ഹീനമായ പ്രചാരവേലകളെ അര്‍ഹിക്കുന്ന അവഞ്ജയോടെ മല്‍സ്യത്തൊഴിലാളികള്‍ തള്ളിക്കളയുക തന്നെ ചെയ്യും.”