ലക്ഷദ്വീപില്‍ ഇനിമുതൽ മദ്യം ലഭിക്കും; മൂന്ന് ദ്വീപുകളിൽ മദ്യശാല

0
54

മദ്യ നിരോധിത മേഖലയായ ലക്ഷദ്വീപില്‍ മദ്യശാലകള്‍ തുറക്കാന്‍ നീക്കം. ആദ്യഘട്ടത്തില്‍ വിനോദ സഞ്ചാരികള്‍ക്കായി മൂന്ന് ദ്വീപുകളില്‍ മദ്യം വിളമ്പും. ജനപ്രതിനിധികളുടെയും മതസംഘടനകളുടെയും എതിര്‍പ്പ് മറികടന്നാണ് ദ്വീപ് ഭരണകൂടത്തിന്‍റെ നടപടി.

ലക്ഷദ്വീപിലെത്തുന്ന വിനോദ സഞ്ചാരികളെ ഉദ്ധേശിച്ച് മൂന്ന് പ്രധാന ദ്വീപുകളില്‍ മദ്യശാലകള്‍ തുറക്കാനുള്ള അനുമതിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കവരത്തി, മിനികോയ്, കടമം ദ്വീപുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ മദ്യ ശാലകള്‍ തുറക്കുക. കടമത്ത് ഐലന്‍റ് ബീച്ച് റിസോർട്ട്, കവരത്തിയിലെ പാരഡൈസ് ഹട്ട് റിസോർട്ട്, മിനിക്കോയി ഐലന്‍റ് ബീച്ച് റിസോർട്ട് എന്നീ റിസോർട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കി ജില്ലാ കലക്ടര്‍ എസ് അസ്കര്‍ അലി ഐ.എ.എസ് ഉത്തരവിറക്കി.

സർക്കാർ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ദ്വീപില്‍ നിന്ന് ഉയരുന്നത്. ലക്ഷദ്വീപ് ടൂറിസം ജനറല്‍ മാനേജര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ദ്വീപില്‍ മദ്യം വിളമ്പാനുള്ള അനുമതി പത്രം ലഭിക്കുന്നത്. ടൂറിസത്തിന്‍റെ ഭാഗമായി നേരത്തെയും ദ്വീപില്‍ മദ്യം അനുവദിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും വ്യാപകമായ പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തി വെക്കുകയായിരുന്നു.