കത്വാ ഫണ്ട് മുക്കൽ: യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ രാജിവെച്ചു; ലീഗിൽ പൊട്ടിത്തെറി

0
117

കത്വയിൽ പീഡിനത്തിനിരയായി കൊലചെയ്യപ്പെട്ട പെൺക്കുട്ടിയു‌‌ടെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി പിരിച്ച തുകയിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ യൂത്ത് ലീഗ് ദേശിയ ജനറൽ സെക്രട്ടറി സി കെ സുബൈർ സ്ഥാനം രാജിവെച്ചു. കത്വഫണ്ട് തട്ടിപ്പില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസി‍ഡന്റ് പി കെ ഫിറോസിനും ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിനുമെതിരേ നേരത്തെ കേസെടുത്തിരുന്നു. മുന്‍ യൂത്ത് ലീഗ് നേതാവ് കൂടിയായ യൂസഫ് പടനിലത്തിന്റെ പരാതിയില്‍ കുന്ദമംഗലം പോലീസാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയത്.

2018 ഏപ്രില്‍ 19, 20 തിയതികളിൽ കത്വാ, ഉന്നാവോ പെണ്‍കുട്ടികളുടെ കുടംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി ഏകദിന ഫണ്ട് സമാഹരണം നടത്താന്‍ ചന്ദ്രിക ദിനപത്രത്തിൽ പരസ്യം നൽകിയിരുന്നു. സി കെ സുബൈറാണ് പരസ്യം നൽകിയത്. വിവിധ മദ്രസകൾ കേന്ദ്രീകരിച്ചും കെഎംസിസി മുഖേനയും ഒരു കോടിയോളം രൂപയാണ് യൂത്ത് ലീ​ഗ് സമാഹരിച്ചത്. ഫണ്ട് സമാഹരണം നടന്നിട്ട് മുന്ന് വർഷം പിന്നിട്ടിട്ടും ഫണ്ട് വിനിയോ​ഗം സംബന്ധിച്ച് യാതൊരു കണക്കും പുറത്തുവിടാൻ യൂത്ത് ലീ​ഗ് ദേശീയ നേതൃത്വം തയ്യാറായില്ല. വിഷയം പല തവണ പാർട്ടിയിൽ അവതരിപ്പിച്ചിട്ടും തുടർച്ചായായി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടികൾ ഒന്നും ഉണ്ടായില്ലെന്ന് പരാതി നൽകിയ യൂസഫ് പടനിലം വ്യക്തമാക്കിയിരുന്നു. യൂത്ത് ലീ​ഗിന്റെ കത്വാഫണ്ട് തട്ടിപ്പ് സംബന്ധിച്ച് വാർത്ത നേരറിയാനാണ് പുറത്തുകൊണ്ടുവന്നത്.

കേസിൽ സി കെ സുബൈറാണ് ഒന്നാം പ്രതി. കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അക്കൗണ്ടിലൂടെ ഒരു കോടിയോളം രൂപ പിരിച്ചെടുത്തത് വകമാറ്റി ചെലവഴിച്ചുവെന്നും 15 ലക്ഷം യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് വഞ്ചിച്ചുവെന്നുമാണ് കേസ്. കേസിൽ പി കെ ഫിറോസാണ് രാണ്ടാം പ്രതി.

വിഷയം ദേശീയതലത്തിലടക്കം വൻ വിവാദമായതോടെ ഫണ്ട് നിയമസഹായത്തിനായി വിനിയോ​ഗിച്ചു എന്ന ന്യായീകരണവുമായി സി കെ സുബൈർ രം​ഗത്തെത്തിയിരുന്നു. ഫണ്ട് അഭിഭാഷകർക്ക് കൈമാറിയെന്ന വ്യാജ രേഖയുണ്ടാക്കി സ്ഥാപിക്കാനുള്ള ശ്രമാങ്ങളും നടന്നു. ഫണ്ട് വിനിയോ​ഗത്തിന്റെ ബാങ്ക് രേഖകൾ പുറത്തുവിടണമെന്ന ആവശ്യം ഉയർന്നെങ്കിലും സി കെ സുബൈർ അതിനും തയ്യാറായില്ല.

നിയമ സഹായത്തിനായി ഒരു പൈസ പോലും യൂത്ത് ലീ​ഗ് നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി അഭിഭാഷകർ രം​ഗത്തെത്തി. തുടർന്ന് പെൺകുട്ടിയുടെ കുടംബത്തിന് അഞ്ചുലക്ഷം കൈമാറിയെന്ന യൂത്ത് ലീ​ഗിന്റെ ന്യായീകരണം തന്റെ ബാങ്ക് സ്റ്റമെന്റ് അടക്കം പുറത്തുവിട്ട് പെൺകുട്ടിയുടെ കുടുംബം നിഷേധിച്ചു. ഇത്തരത്തിൽ ആകെ നാണംകെട്ട അവസ്ഥയിലാണ് ഇപ്പോൾ ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിന്റെ രാജി.