പുതുച്ചേരിയിൽ വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായതോടെ കോൺഗ്രസ് സർക്കാരിന് ഭരണം നഷ്ടമായി. ബിജെപി നീക്കത്തിൽ 33 അംഗ നിയമസഭയിൽ ഭരണകക്ഷിയുടെ അംഗബലം 11 മാത്രമായി ചുരുങ്ങിയതോടെയാണ് സർക്കാർ വീണത്.
സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കറാണ് അറിയിച്ചത്. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎൽഎമാരും സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പ്രതിപക്ഷത്തിന് 14 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്.
ഞായറാഴ്ച രണ്ട് എംഎൽഎമാർ കൂടി കോൺഗ്രസിൽനിന്ന് രാജിവച്ചതോടെയാണ് സർക്കാരിൻറെ അംഗബലം 11 ആയത്. അതേസമയം, തെരഞ്ഞെടുപ്പിന് രണ്ടു മാസങ്ങൾ മാത്രം ശേഷിക്കെയാണ് സർക്കാർ വീണത്. രാജിവച്ച എംഎൽഎമാർ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.
ദക്ഷിണേന്ത്യയിലെ ഏക കോൺഗ്രസ് ഭരണ സംസ്ഥാനമായിരുന്നു ഇത്. രാഹുൽ ഗാന്ധിയുടെ ദക്ഷിണേന്ത്യൻ പര്യടനത്തിന് തൊട്ടു മുമ്പാണ് കോൺഗ്രസ് സർക്കാരിന്റെ പതനം.