ജനവികാരം മാനിക്കൽ : മകാരാദികൾ കൂട്ടവിലാപത്തിൽ

0
28

– കെ വി –

ജനവികാരം മാനിച്ച് പ്രവർത്തിക്കുക എന്നത് ജനാധിപത്യ സമ്പ്രദായത്തിൽ ഏതൊരു സർക്കാരിനും ഭൂഷണമാണ്. ന്യൂനപക്ഷത്തിനുമേൽ ഭൂരിപക്ഷത്തിൻ്റെ താല്പര്യം അടിച്ചേല്പിക്കലല്ല ജനാധിപത്യ രീതിയുടെ സത്ത.

ഓടി മുന്നിലെത്തിയവർ പിന്നിലായിപ്പോയവരെ കൂടി പരിഗണിക്കുമ്പോഴാണ് മത്സരാനന്തര  വേദി അയവുള്ളതായിത്തീരുന്നത് . പിരിമുറുക്കം പിന്നെയും നിലനിർത്തുന്നത് ആരോഗ്യകരമല്ല.

ചില വിഷയങ്ങളിൽ ബന്ധപ്പെട്ട ആളുകളെ തെറ്റിദ്ധരിപ്പിച്ച് കോളിളക്കമുണ്ടാക്കൽ എളുപ്പമാണ്. അത്തരം ഘട്ടങ്ങളിൽ ആവശ്യങ്ങൾ തികച്ചും ന്യായമാണോ എന്ന് നോക്കാതെതന്നെ സർക്കാരിന് ഇടപെടേണ്ടിവരും.

സാധ്യമാവുന്നത്ര രമ്യമായ തീർപ്പിലേക്ക് നയിക്കേണ്ടതും അനിവാര്യമാകും. രാഷ്ടീയ എതിരാളികൾക്ക് മുതലെടുപ്പിനുള്ള പഴുത് കൊടുക്കാതിരിക്കലും ഭരണജാഗ്രതയുടെ ഭാഗമാണല്ലോ.

പി എസ് സി റാങ്ക് ഹോൾഡർമാരിൽ ഒരു വിഭാഗം നടത്തുന്ന സമരത്തോട് എൽ ഡി എഫ് സർക്കാർ സ്വീകരിച്ച സമീപനത്തിലും തെളിയുന്നത് ഈ രാഷ്ട്രീയപക്വതയാണ്.
നേരത്തേയും ചില പ്രശ്നങ്ങളിൽ ജനകീയ സമ്മർദമുയർന്നപ്പോൾ നല്ല വിട്ടുവീഴ്ചയോടെയുള്ള നിലപാട് സർക്കാർ സ്വീകരിച്ചിരുന്നു.

അതിൽ, നവമാധ്യമങ്ങളുടെ പരിധിവിട്ടുള്ള പോക്ക് നിയന്ത്രിക്കാൻ ആലോചിച്ച നിയമ ഭേദഗതിയും പെടും. പൊലീസ് ആക്ടിലെ നിർദിഷ്ട ചട്ടഭേദഗതി മാറ്റിവെച്ചത് ഗവർമെണ്ടിനെക്കുറിച്ച് നല്ല മതിപ്പാണുണ്ടാക്കിയത്.

പൊതുജനാഭിപ്രായത്തോട് സന്ദർഭോചിതമായ യോജിപ്പ് പ്രകടിപ്പിക്കുന്നതിൽ എന്താണ് തെറ്റ്..? എതിർപ്പുകളെല്ലാം അവഗണിച്ച് ഡിജിറ്റൽ മീഡിയകളിലെ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നത് ഈയിടെയാണല്ലോ. അതേമാർഗമാണോ സംസ്ഥാനവും പിന്തുടരേണ്ടിയിരുന്നത്…?

വിമർശനങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചത് എൽ ഡി എഫിൻ്റെ ജനാധിപത്യ ബോധത്തിന് ഒരു പൊൻതൂവലാണ്.ശബരിമല വിഷയത്തിലും അഭിപ്രായ സമന്വയത്തിൻ്റെ പാതയിലേക്കാണ് സംസ്ഥാന സർക്കാർ തിരിയുന്നത്. കേസ് പുനപ്പരിശോധനയിൽ സുപ്രീം കോടതി വിധി എന്തായാലും സർവകക്ഷിയോഗം വിളിച്ച് ചർച്ചചെയ്തേ നടപ്പാക്കൂ എന്ന് എൽ ഡി എഫ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീഅയ്യപ്പ ക്ഷേത്രദർശനത്തിന് പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകിയ സൂപ്രീം കോടതിയുടെ നിലവിലുള്ള വിധിക്ക് എൽ ഡി എഫ് എതിരല്ല. എന്നാൽ , പഴയ ആചാരലംഘനം മറയാക്കി സംഘർഷാന്തരീക്ഷം സൃഷ്ടിക്കുന്നവർക്ക് ഒരു വിധത്തിലും വളംവെച്ചു കൊടുക്കാൻ തയ്യാറില്ലതാനും.

അതായത്, പാരമ്പര്യവിശ്വാസികളെ പിന്തുണച്ച് അതിവൈകാരികത വളർത്തി ക്രമസമാധാ നം തകർക്കുന്നവരോട് ഏറ്റുമുട്ടി വെറുപ്പ് സമ്പാദിക്കാനില്ലെന്നു തന്നെ. മുന്നണിയെ നയിക്കുന്ന സി പി ഐ എമ്മിൻ്റെ കാഴ്ചപ്പാട് വ്യത്യസ്തമായാലും സംസ്ഥാന സർക്കാരിന് സന്തുലനം പാലിക്കേണ്ടിവരുമെന്നർത്ഥം.

സംസ്ഥാന സർവീസിലെ തൊഴിലവസരങ്ങൾക്കായുള്ള റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരിൽ പല രാഷ്ട്രീയ ആശയഗതിക്കാരുമുണ്ടാകും . അവരെ നിയമിക്കാൻ പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും പുതിയ തസ്തികകൾ ഉണ്ടാക്കുന്നതിലും നല്ല ശ്രദ്ധയും അനുകമ്പയും പിണറായി വിജയൻ സർക്കാർ കാണിച്ചിട്ടുണ്ട്. ഈ ഭരണകാലത്ത് 1,57,909 പേർക്ക് ഇങ്ങനെ നിയമന ശുപാർശ നൽകുകയുണ്ടായി.

പൊതുമേഖലാ സംരംഭങ്ങളിലും സർക്കാർ അനുബന്ധ സ്ഥാപനങ്ങളിലുമായി 79000 ത്തോളം പേർ വേറെയും ജോലിയിൽ കയറി. 2011 – 16 കാലയളവിലാകട്ടെ 1,50, 365 പേരെയേ പി എസ് സി മുഖേന നിയമിച്ചിരുന്നുള്ളൂ.കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസംകൂടി നീട്ടി നൽകിയതും മറ്റൊരനുകൂല നടപടിയാണ്.

ഈ ഫെബ്രുവരി 3 നും വരുന്ന ആഗസ്ത് രണ്ടിനും ഇടയ്ക്ക് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾക്കാണ് അവധി ദീർഘിപ്പിച്ചിരിക്കുന്നത്. എൽ ഡി സി, സ്റ്റാഫ് നഴ്സ്, ഡ്രൈവർ, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ 473 തസ്തികകളിലെ റാങ്കുകാർക്ക് അതിൻ്റെ പ്രയോജനം ലഭിക്കും. ഇക്കൊല്ലം ഏപ്രിൽ – മെയ് മാസങ്ങളിലായി അനേകം ജീവനക്കാർ വിരമിക്കുന്നുണ്ട്. ആ ഒഴിവുകളിൽ ഇപ്പോൾ അവധി നീട്ടിയ ലിസ്റ്റിലുള്ളവരെയാണ് പരിഗണിക്കുക.

മാത്രമല്ല, പല വകുപ്പുകളിലായി 7000 ത്തോളം തസ്തികകൾ പുതുതായി സൃഷ്ടിച്ചിട്ടുമുണ്ട്. എന്നാൽ, ഈ വസ്തുതകളെല്ലാം മറച്ചുവെച്ച് താല്ക്കാലിക നിയമനങ്ങളെച്ചൊല്ലി വിവാദമുണ്ടാക്കാനാണ് റാങ്ക് ലിസ്റ്റുകാരുടെ സംഘടനക്കാരെന്ന പേരിൽ ചിലർ രംഗത്തിറങ്ങിയത്. ഇടതുപക്ഷ വിരുദ്ധജ്വരം ബാധിച്ച ഏതാനും വാർത്താമാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും പിന്തുണയുമായെത്തിയതോടെ ഈ സമരം ബഹുജനശ്രദ്ധയാകർഷിക്കുകയുമുണ്ടായി.

ഇതേ തുടർന്ന് ഉദ്യോഗാർത്ഥികളിലും പൊതുസമൂഹത്തിലും ഉയർന്ന ആശങ്കകൾ അകറ്റാനാണ് ഒടുവിൽ ചേർന്ന മന്ത്രിസഭാ യോഗം ചില അടിയന്തര തീരുമാനങ്ങൾ എടുത്തത്. അതിൻ്റെ ഭാഗമായി , സർക്കാരിന് കീഴിലെ ചില സ്ഥാപനങ്ങളിൽ പത്ത് വർഷത്തിലേറെയായി ജോലി ചെയ്തുപോരുന്നവരെ സ്ഥിരപ്പെടുത്തുന്ന നടപടി നിർത്തിവെച്ചിരിക്കയാണ്.

നിയമനം പി എസ് സി വഴിയല്ലാതിരിക്കെ സ്ഥാപനങ്ങൾ നേരിട്ട് നടത്തിയ എഴുത്തുപരീക്ഷയിലും ഇൻ്റർവ്യൂവിലും മികവ് തെളിയിച്ച് ജോലി നേടിയവരാണ് ഇവരിൽ അധികം പേരും. അതു കൂടാതെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽനിന്നയച്ച സീനിയോറിട്ടി ലിസ്റ്റിൻ്റെ ക്രമത്തിൽ നിയമിതരായവരുമുണ്ട്. അക്കൂട്ടത്തിൽ മുൻ യു ഡി എഫ് ഭരണകാലത്ത് ജോലിയിൽ ചേർന്നവരും പെടും.

മനുഷിക പരിഗണനയുടെ പേരിൽ ഇവരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ജോലിത്തുടർച്ച അർഹതപ്പെട്ടവരെ “പിൻ വാതിലു ” കാരാക്കി മുദ്രകുത്തുകയാണ് മകാരാദി മാധ്യമങ്ങളും സമരക്കാരും.

അതുകൊണ്ടാണ് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തേണ്ടെന്ന് കരുതി ആദ്യത്തെ ധാരണയിൽനിന്ന് സർക്കാർ പിന്മാറിയത്. എങ്കിലും കുടുംബവും കുട്ടികളുമായി കഴിയുന്ന ഇവരെ കൈയൊഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അത്രയെങ്കിലും ആശ്വാസം . താൽക്കാലിക രാഷ്ട്രീയലാഭത്തിന് ഇവരെ തള്ളിപ്പറഞ്ഞ യു ഡി എഫ് നേതാക്കൾക്ക് മനസ്സാക്ഷി എന്നൊന്നുണ്ടോ…!