അഴിമതി മുക്ത കേരളത്തിനായി ‘ജനജാഗ്രത’ വെബ്സൈറ്റ്

0
36

അഴിമതി സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് തെളിവുകൾ സഹിതം നൽകാനായി പുതിയ വെബ്സൈറ്റ് ആരംഭിക്കുന്നു.അഴിമതി മുക്ത കേരളത്തിനായി ആരംഭിക്കുന്ന വെബ്സൈറ്റിന് ജനജാഗ്രത എന്ന് പേരു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ജനങ്ങൾ നിർദ്ദേശിച്ചതനുസരിച്ചാണ് ഈ പേര് തിരഞ്ഞെടുത്തത്. 740ഓളം വ്യക്തികൾ പേരുകൾ നിർദേശിച്ചിരുന്നു. ഏഴു പേരാണ് ജനജാഗ്രത എന്ന പേര് നിർദേശിച്ചത്. പേര് ആദ്യം നിർദേശിച്ച ആളെയാണ് വിജയിയായി കണ്ടെത്തിയിരിക്കുന്നത്.

പൊതുജനങ്ങൾക്ക് വെബ്സൈറ്റ് മുഖേന അഴിമതി സംബന്ധിച്ച വിവരങ്ങൾ നൽകാം. വെബ്സൈറ്റിൽ എല്ലാ വകുപ്പുകളുടെയും പേരുകളും ഓരോ വകുപ്പിലേയും ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഉണ്ടാകും. ഏതു വകുപ്പിൽ ഏതു തലത്തിൽ അഴിമതി നടന്നാലും ജനങ്ങൾക്കത് അറിയിക്കാനാവും.

അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതിക്കെതിരെ ആദ്യഘട്ടത്തിൽ മുൻകരുതൽ നടപടികളും പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികളും വേഗത്തിൽ സ്വീകരിക്കാൻ കഴിയും.

സർക്കാർ ഉദ്യോഗസ്ഥർ പലപ്പോഴും ഭയക്കുന്നത് തങ്ങൾക്കെതിരെ ചിലരെങ്കിലും വ്യാജ അഴിമതി പരാതികൾ നൽകുന്നുവെന്നതാണ്. വെബ്സൈറ്റ് യാഥാർത്ഥ്യമാകുന്നതോടെ ആ ഭയം ഇല്ലാതാകും. യഥാർത്ഥ പരാതികളും വ്യാജ പരാതികളും തിരിച്ചറിയുന്ന തരത്തിലാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അതുകൊണ്ട് സത്യസന്ധമായി ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ ഭയക്കേണ്ടതില്ല. പൂർണമായി ജനങ്ങളുടെ പിന്തുണയോടെ മാത്രമേ പദ്ധതി വിജയത്തിലെത്തിക്കാനാകൂ. സ്മാർട്ട് ഫോൺ വഴി ആർക്കും അഴിമതിമുക്ത കേരളത്തിനായി ഇടപെടനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.