പൊതുമേഖലയില്‍ രാജ്യത്തെ ആദ്യ പ്രതിരോധ പാര്‍ക്ക് കേരളത്തില്‍; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

0
52

പാലക്കാട് ഒറ്റപ്പാലത്ത് നിര്‍മിച്ച പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്രതിരോധ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ഒറ്റപ്പാലം കിന്‍ഫ്രയില്‍ നിര്‍മിച്ച പാര്‍ക്കില്‍ പ്രതിരോധ സേനയ്ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കും.

ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് ഡിഫന്‍സ് പാര്‍ക്ക് ഒരുക്കിയത്. 60 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് നിര്‍മിച്ചത്.

131 കോടി രൂപ ചിലവില്‍ നിര്‍മിച്ച പാര്‍ക്കില്‍ 81 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ചിലവ‍ഴിച്ചപ്പോള്‍ 50 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ധന സഹായമായി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വ‍ഴി ഡിഫന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പ്രതിരോധ സേനകള്‍ക്കാവശ്യമായ ഐടി-ഇലക്ട്രോണിക് ഉപകരണങ്ങള്‍, എയര്‍ക്രാഫ്റ്റ് ഘടകങ്ങള്‍, നാവിഗേഷന്‍ ഉത്പന്നങ്ങള്‍, സുരക്ഷാ വസ്ത്രങ്ങള്‍ തുടങ്ങിയവ ഡിഫന്‍സ് പാര്‍ക്കില്‍ നിര്‍മിക്കും. മൂന്ന് കമ്പനികൾ ഡിഫന്‍സ് പാര്‍ക്കില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. സംരഭകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.