ദിഷ രവിയെ ഉടന്‍ വിട്ടയക്കണം: സിപിഐ എം

0
50

ഡല്‍ഹി പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകയായ  ദിഷ രവിയെ ഉടന്‍ വിട്ടയക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. പൊലീസ് നടപടി അതിക്രൂരവും അപലപനീയവുമാണ്. ദിഷക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്നും പിബി ആവശ്യപ്പെട്ടു.

കര്‍ഷക സമരത്തെ പിന്തുണച്ച് ഒരു ”ടൂള്‍കിറ്റ്” കൈമാറിയെന്ന  കാരണത്താല്‍ രാജ്യദ്രോഹക്കുറ്റവും  ക്രിമിനല്‍ ഗൂഢാലോചനയുമാണ് ദിഷക്കെതിരെ ചുമത്തിയിട്ടുള്ളത്. യുവ ആക്ടിവിസ്റ്റിനെതിരായ ഈ പീഡനം മോഡി സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ബംഗളൂരു മൗണ്ട് കാര്‍മല്‍ കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയും പരിസ്ഥിതിപ്രവര്‍ത്തകയുമായ ദിഷ രവിയെ ഡല്‍ഹി പൊലീസ് സൈബര്‍സെല്‍ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സൊലദേവനഹള്ളിയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ദിഷയെ രാത്രിതന്നെ ഡല്‍ഹിയിലെത്തിച്ചു. ദേശദ്രോഹം, ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ദിഷയെ മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട്  അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കര്‍ഷകപ്രക്ഷോഭത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖയെന്ന പേരിലാണ് ഗ്രേറ്റ ത്യുണ്‍ബെര്‍ഗ് അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ‘ടൂള്‍കിറ്റ്’ പോസ്റ്റ് ചെയ്തത്. ഇത് രാജ്യത്തിനെതിരെ ഖലിസ്ഥാന്‍ ഭീകരരുടെ കലാപാഹ്വാനമാണെന്ന് ഡല്‍ഹി പൊലീസ് ആരോപിച്ചു. ഫെബ്രുവരി മൂന്നിന് ദിഷ രവി മൊബൈല്‍ഫോണില്‍ ഈ രേഖ എഡിറ്റ് ചെയ്തിട്ടുണ്ട്. വിശദമായി ചോദ്യംചെയ്താലേ ഗൂഢാലോചനയിലെ കൂടുതല്‍ കണ്ണികളെ പുറത്തുകൊണ്ടുവരാന്‍ പറ്റൂവെന്നും പൊലീസ് വാദിച്ചു.

കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ ദിഷ ഒരുഗൂഢാലോചനയിലും പങ്കില്ലെന്നും രേഖയില്‍ രണ്ടുവരി മാത്രമാണ് എഡിറ്റ് ചെയ്ത് ചേര്‍ത്തതെന്നും അറിയിച്ചു. ആസൂത്രിതമായി സ്പര്‍ധയും വിദ്വേഷവും പടര്‍ത്താന്‍ ശ്രമിച്ചെന്ന പേരില്‍  10 ദിവസംമുമ്പ് ഗ്രേറ്റക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു.

ഗ്രേറ്റയും മറ്റുചിലരും ഷെയര്‍ ചെയ്ത ‘ടൂള്‍കിറ്റ്’ രേഖയുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍, ഇ-മെയിലുകള്‍, യുആര്‍എല്ലുകള്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറാന്‍ പൊലീസ് ഗൂഗിളിനും ട്വിറ്ററിനും നിര്‍ദേശം നല്‍കിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യ അറസ്റ്റെന്ന് പൊലീസ് അവകാശപ്പെട്ടു.