-അനിരുദ്ധ് പി.കെ
പാലാരിവട്ടം അഴിമതി കേസിൽ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇബ്രാഹിം കുഞ്ഞും, ജ്വലറി നിക്ഷേപത്തട്ടിപ്പിൽ ജാമ്യം ലഭിച്ച യു ഡി എഫ് എം എൽ എ എം സി ഖമറുദീനും യു ഡി എഫ് മുന്നണിക്ക് തലവേദനയാകുന്നു. ഇരുവരുടെയും അറസ്റ്റും ജയിൽ വാസവും മുന്നണിക്ക് ജനങ്ങൾക്കിടയിൽ നൽകിയ തിരിച്ചടി ചെറുതല്ല. സദ്ഭരണം സംശുദ്ധ ഭരണം എന്ന മുദ്രാവാക്യം ഉയർത്തുന്ന യു ഡി എഫ് യാത്രക്ക് യാതൊരു ആത്മാർത്ഥതയും ഇല്ലെന്ന് തെളിയിക്കുന്ന പ്രത്യക്ഷ ഉദാഹരണമാണ് ഇരു നേതാക്കളും.
ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് ഇബ്രാഹിം കുഞ്ഞ് പാണക്കാട്ടെ തങ്ങളുമായി സന്ദർശനം നടത്തി തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കാനുള്ള നീക്കം നടത്തിയത് വിവാദമാകുകയാണ്. ഇതിനിടയിൽ എം സി ഖമറുദ്ധീൻ മഞ്ചേശ്വരത്ത് വീണ്ടും മത്സരിക്കാൻ സന്നദ്ദത അറിയിച്ചു. തനിക്കെതിരെ ലീഗിലെ ഒരു വിഭാഗം നേതാക്കൾ ഗൂഢാലോചന നടത്തിയെന്നും ഖമറുദ്ധീൻ ജയിൽ മോചിതനായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതോടെ ലീഗിനുള്ളിലും ഇരു നേതാക്കൾക്കെതിരെയും പടനീക്കം നടക്കുന്നതായി വ്യക്തമാകുകയാണ് .
ഇരു നേതാക്കളെയും ഒഴിവാക്കാനും, ഉൾക്കൊള്ളാനും കഴിയാത്ത പൊല്ലാപ്പിലാണ് യു ഡി എഫ്. അഴിമതിക്കാരെയും വഞ്ചകരെയും ചുമക്കുന്ന യു ഡി എഫിന്റെ നയത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പ്രതിഷേധമറിയിച്ചു. പ്രചാരണ പരിപാടികളിൽ നിന്നും യാത്രയിൽ നിന്നും ഇവരെ മാറ്റി നിർത്തണമെന്ന് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ലീഗിനുള്ളിലും വിയോജിപ്പിന്റെ സ്വരം ഉയർന്നു കഴിഞ്ഞു. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചിട്ടുള്ള ലീഗിന്റെ ഒരു വിഭാഗം തനിക്കെതിരെ പ്രവർത്തിച്ചെന്നായിരുന്നു എം സി ഖമറുദീന്റെ ആരോപണം.മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വം ഇക്കുറി ലീഗിന് തലവേദനയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കുഞ്ഞാലിക്കുട്ടി കൂടി മത്സരിക്കാനെത്തിയതും ലീഗിൽ സീറ്റ് സ്വപ്നം കണ്ടിരുന്ന പലർക്കും തിരിച്ചടിയായിട്ടുണ്ട്. കത്വ ഫണ്ട് മുക്കൽ ഇഞ്ചിക്കൃഷി എന്നിവയിൽ യൂത്ത് ലീഗിനേറ്റ അപമാനം ഒരു പരിധിവരെ യുവാക്കളെ തള്ളിക്കളയാൻ മുതിർന്ന ലീഗ് നേതാക്കൾക്ക് ശക്തമായ കാരണമാകും. സീറ്റ് പ്രതീക്ഷയുണ്ടായിരുന്നു പല യുവ നേതാക്കളും ഇപ്പോൾ വാലും ചുരുട്ടി നിശ്ശബ്ദരായിക്കഴിഞ്ഞു.