മുഖപത്രം വഴി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു, ആർഎസ്എസിൽ വൻപൊട്ടിത്തെറി, നാലുപേർക്കെതിരെ നടപടി, ഇ ഡി അന്വേഷിക്കും

0
48

ആർഎസ്എസ് മുഖപത്രം വഴി കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന സംഭവം പുറത്തുവന്നതോടെ കേരളത്തിലെ ബിജെപിയിലും ആർ എസ് എസ് നേതൃത്വത്തിലും വൻപൊട്ടിത്തെറി. ആർ എസ് എസ് നേതൃത്വത്തിലെ നിലവിലെ ഭാരവാഹികളെ ഒഴിവാക്കി മുതിർന്ന നേതാവ് എസ് സേതുമാധവന് കേരളത്തിന്റെ ചുമതല നൽകി സർസംഘചാലക് മോഹൻ ഭഗവത് ഉത്തരവിറക്കി. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കട്ടെയെന്ന നിലപാടിൽ നേതാക്കൾ എത്തിയതോടെ ബിജെപിയിലെയും ആർ എസ് എസിലെയും ഒരു വിഭാഗം നേതാക്കൾ കേസ് ഒതുക്കാനുള്ള നെട്ടോട്ടം ആരംഭിച്ചു.

ആർ എസ് എസ് മുൻ സംസ്ഥാന ഭാരവാഹിയും മുഖപത്രത്തിന്റെ ചുമതലക്കാരനുമായ നേതാവ്, മാനേജ്‌മെന്റ് വിഭാഗത്തിലെ ഉന്നതൻ, മധ്യതിരുവിതാംകൂറിലെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നയാൾ, മാർക്കറ്റിങ് വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെയാണ് അന്വേഷണം. ഇതിന്റെ ഭാഗമായി ഈ നാലുപേർക്കെതിരെയും ഇ ഡി നോട്ടീസ് തയ്യാറാക്കിക്കഴിഞ്ഞു. പ്രാഥമിക അന്വേഷണം നടത്താനായി ഇ ഡിയുടെ ഡൽഹിയിൽ നിന്നുള്ള നാല് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തി. രാജസ്ഥാൻ യൂണിറ്റിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ് സംഘം അന്വേഷണത്തിനായി കേരളത്തിലെ എത്തിയത്. അതിനിടെ കേസ് ഒതുക്കിത്തീർക്കാൻ ബിജെപി, ആർ എസ് എസ് നേതാക്കൾ കൊണ്ടുപിടിച്ച ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബറിൽ പാലക്കാട് ചേർന്ന ആർ എസ് എസ് നേതൃയോഗത്തിൽ വിഷയം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ ആർ എസ് എസ് സർസംഘ് ചാലക് മോഹൻ ഭഗവത് പ്രത്യേക അന്വേഷണകമ്മീഷനെ നിയോഗിക്കുകയും ചെയ്തു. ഭയ്യാജി ജോഷി, ദത്താത്രേയ ഹൊസബളെ തുടങ്ങിയവരെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ഇവർ നൽകിയ റിപ്പോർട്ട് അനുസരിച്ച് നാലുപേർക്കെതിരെയും കടുത്ത അച്ചടക്ക നടപടി വേണമെന്നും ചുമതലകളിൽ മാറ്റിനിർത്തണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. അച്ചടക്ക നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആരോപണവിധേയരായവർ ഇക്കഴിഞ്ഞ ഡിസംബറിൽ കോഴിക്കോട്ട് സംഘടിപ്പിച്ച ഒരു ചടങ്ങിൽ പങ്കെടുത്ത മോഹൻ ഭാഗവതിന്റെ കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ, ആരോപണവിധേയരെ കാണാൻ താൽപര്യമില്ലെന്നും ഇത്തരം കാര്യം മേലാൽ സംസാരിക്കാൻ വരരുതെന്നും ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. തൊട്ടടുത്ത ദിവസം തിരുവനന്തപുരത്ത് ദത്താത്രേയ ഹൊസബളെയെ കണ്ടപ്പോൾ അദ്ദേഹവും അനുമതി നൽകിയില്ല. സർസംഘചാലക് പറഞ്ഞ കാര്യത്തിൽ താൻ ഇടപെട്ടാൽ തന്നെ സ്ഥലത്തുനിന്നും ഓടിക്കുമെന്നായിരുന്നു ദത്താത്രേയയുടെ മറുപടി.

ചന്ദ്രിക ദിനപത്രം വഴി പത്തു കോടിയുടെ കള്ളപ്പണം വെളുപ്പിച്ച സംഭവത്തിൽ ഇ ഡി അന്വേഷണം ആരംഭിച്ചിരുന്നു. നോട്ട് നിരോധനസമയത്ത് പത്തു കോടി രൂപ വെളുപ്പിച്ചിരുന്നു. ഇതിൽ ആദ്യം അന്വേഷണം ആരംഭിച്ച ഇ ഡി പൊടുന്നനെ ഈ അന്വേഷണം അവസാനിപ്പിച്ചത് ചില രാഷ്ട്രീയ ഗൂഢനീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു. സംസ്ഥാനത്തെ ചില മുതിർന്ന മുസ്ലിംലീഗ് നേതാക്കളും ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും നടത്തിയ രഹസ്യനീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കവും. തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ രഹസ്യചർച്ച സജീവമാക്കി ചന്ദ്രിക കേസ് ഒതുക്കിത്തീർക്കുകയായിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവരടങ്ങുന്ന സംഘമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നാണ് ആർഎസ്എസിലെ ഒരു വിഭാഗം ആരോപിക്കുന്നത്. മുരളീധരന്റെ അടിക്കടിയുള്ള വിദേശയാത്രകളെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സംഘനേതൃത്വം നേരത്തെ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ അറിഞ്ഞുള്ള ഇടപാട് ഇപ്പോൾ കുത്തിപ്പൊക്കി കൊണ്ടുവന്നതിനു പിന്നിലെന്നാണ് ആർഎസ്എസ് ആരോപിക്കുന്നത്.