Monday
25 September 2023
30.8 C
Kerala
HomeKeralaകെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യപരിചരണത്തിന് സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്ക്

കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യപരിചരണത്തിന് സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്ക്

കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യപരിചരണത്തിന് വേണ്ടി തിരുവനന്തപുരത്ത് തയ്യാറാക്കിയ സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്ക് ഉത്‌ഘാടനം ചെയ്തു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ ആണ് മൊബൈൽ ക്ലിനിക്ക് ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ചത്.

കെഎസ്ആർടിസിയുടെ നെടുംതൂണുകളിൽ ഒന്ന് ജീവനക്കാരാണെന്നും അവരുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ ജീവനക്കാരുടേയും പെൻഷൻകാരുടേയും താൽപര്യങ്ങൾ സംരക്ഷിച്ചാണ് പ്രവർത്തിച്ചതെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസിയിൽ വിവിധ ആരോഗ്യ കാരണങ്ങളാൽ ആഴ്ചയിൽ ഒരു ജീവനക്കാരൻ എന്ന നിലയിൽ മരണപ്പെടുന്ന സാഹചര്യത്തിലാണ് സിഎംഡി ഇത്തരത്തിലുള്ള പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 388 ജീവനക്കാരാണ് വിവിധ രോഗങ്ങളാൽ മരണപ്പെട്ടത്.

ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷൻ ട്രസ്റ്റുമായി സഹകരിച്ചാണ് മൊബൈൽ മെഡിക്കൽ യൂണിറ്റ് പുറത്തിറക്കിയത്. മൊബൈൽ മെഡിക്കൽ യൂണിറ്റിന് വേണ്ടി തയ്യാറാക്കിയ ബസ് പൂർണ്ണമായും പാപ്പനംകോട് സെൻട്രൽ വർക്ക്‌ഷോപ്പിൽ നിന്നും കെഎസ്ആർടിസി തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.മറ്റ് ജില്ലകളിൽ ഇത്തരത്തിൽ തന്നെയുള്ള പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.

മെഡിക്കൽ ചെക്കപ്പിനായാണ് മൊബൈൽ ഹെൽത്ത് ക്ലിനിക്ക് ആരംഭിച്ചത്. ഇതിനായി ഒരു ബസിനെ രൂപമാറ്റം വരുത്തി ഡോക്ടർ, നേഴ്‌സ്, ലാബ് ടെക്‌നീഷ്യൻ എന്നിവരോടൊപ്പം പരിശോധന ലാബ് കൂടെ സജ്ജീകരിച്ച് ഓരോ ഡിപ്പോകളിലും എത്തി 30 ഓളം ടെസ്റ്റുകൾ നടത്തും.

 

RELATED ARTICLES

Most Popular

Recent Comments