ലീ​ഗ് പ്രളയ ഫണ്ടും മുക്കി; 1.33 കോടി എവിടെ?

0
39

പ്രളയ പുനരധിവാസത്തിന്‌ പിരിച്ച കോടികളുടെ കണക്ക്‌ വെളിപ്പെടുത്താതെ മുസ്ലിംലീഗ്‌. 2018ലെ ദുരന്തതരെ സഹായിക്കാനെന്ന പേരിൽ‌ സംസ്ഥാന കമ്മിറ്റി നേരിട്ടാണ്‌ ധനസമാഹരണത്തിന്‌‌ ആഹ്വാനംചെയ്‌തത്‌. കേരളത്തിനുപുറമെ ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും പണം സ്വരൂപിച്ചു. എന്നാൽ തുക എവിടെ എന്നതിന്‌ വ്യക്തതയില്ല. ലീഗ്‌ മണ്ഡലം കമ്മിറ്റികൾ മുഖേനയായിരുന്നു പിരിവ്‌‌. തമിഴ്‌നാട്‌ സംസ്ഥാന കമ്മിറ്റി പണം നൽകിയതിന്റെ ചിത്രം 2018 സെപ്‌തംബറിൽ മുഖപത്രമായ ചന്ദ്രികയിൽ പ്രസിദ്ധീകരിച്ചിരുന്നു. മുസ്ലിംലീഗ്‌.

55 ലക്ഷം രൂപയുടെ ചെക്ക്‌ ദേശീയ പ്രസിഡന്റ്‌ കെ എം ഖാദർ മൊയ്‌തീൻ സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾക്ക്‌ കൈമാറുന്ന ചിത്രവും വാർത്തയുമാണ്‌ നൽകിയത്‌. നേരത്തെ‌ 78 ലക്ഷം രൂപ തമിഴ്‌നാട്‌ ഘടകം കൊടുത്തതായും വാർത്തയിലുണ്ട്‌. കെഎംസിസി ഉൾപ്പെടെ പോഷക സംഘടനകളെ ഉപയോഗിച്ചായിരുന്നു വിദേശത്തെ പിരിവ്‌. പ്രളയ പുനരധിവാസ-പുനർനിർമാണത്തിന്‌ ഫണ്ട്‌ വിനിയോഗിക്കാനായി മലപ്പുറം ജില്ലാ പഞ്ചായത്തുമായി സഹകരിച്ച്‌ പ്രത്യേക കർമപദ്ധതി തയ്യാറാക്കുമെന്ന്‌ പ്രഖ്യാപിച്ചു.

അത്തരത്തിൽ ഒരിടപെടലും ജില്ലാ പഞ്ചായത്ത്‌ മുഖേനയുണ്ടായില്ല. മലപ്പുറം ജില്ലയിൽ 2018 മെയ്‌ മുതൽ ആഗസ്തുവരെയുണ്ടായ പ്രളയത്തിൽ 48 പേരാണ്‌ മരിച്ചത്‌. മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ സർക്കാർ നഷ്ടപരിഹാരം നൽകി. വീട്‌ തകർന്നവർക്ക്‌ അവ പുനർനിർമിച്ച്‌ കൊടുത്തു. എന്നാൽ ലീഗ്‌ സ്വന്തമായി പുനരധിവാസ പ്രവർത്തനങ്ങളൊന്നും ഇവിടങ്ങളിൽ ഏറ്റെടുത്ത്‌ നടപ്പാക്കിയിട്ടില്ല.