ആയിരത്തിലധികം ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാനാവശ്യപ്പെട്ട് കേന്ദ്രം

0
36

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും പ്രകോപനപരമായ വാദങ്ങളും പ്രചരിപ്പിച്ചുവെന്നാരോപിച്ച് ആയിരത്തിലധികം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് വീണ്ടും ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍.

ലിസ്റ്റ് ചെയ്‌ത‌ 1178 ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ പാകിസ്താന്‍, ഖലിസ്താന്‍ ഉപയോക്താക്കളുണ്ടെന്ന് ആരോപിച്ചാണ് കേന്ദ്രം പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ട്വിറ്റര്‍ കേന്ദ്രത്തിന്റെ ഉത്തരവ് പൂര്‍ണമായും പാലിച്ചിട്ടില്ല. ജനുവരി 31ന് സമാനമായ കാരണങ്ങള്‍ ആരോപിച്ച് 257 ഓളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.

മോഡി കര്‍ഷകരുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നു (ModiPlanningFarmerGenocide) എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ കര്‍ഷക പ്രതിഷേധം സംബന്ധിച്ച് ട്വീറ്റ് ചെയ്ത അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്‌തിരുന്നത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ട്വിറ്റര്‍ ബ്ലോക്ക് നീക്കിയിരുന്നു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്‌ത കിസാന്‍ എക്താ മോര്‍ച്ച, ഭാരതീയ കിസാന്‍ യൂണിയന്റെ എക്താ ഉഗ്രഹന്‍ പ്രതിനിധികള്‍, കിസാൻ സഭ നേതാക്കളുടെ അക്കൗണ്ടുകൾ തുടങ്ങിയവ ബ്ലോക്ക്‌ ചെയ്‌തിരുന്നു.