വടക്കഞ്ചേരി മേൽപ്പാലം ഇന്ന് തുറന്നേക്കും, മേൽപ്പാലത്തിന്റെ 90 ശതമാനം പ്രവൃത്തികളും പൂർത്തിയായി

0
30

വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിലെ വടക്കഞ്ചേരി മേൽപ്പാലത്തിന്റെ 90 ശതമാനം പ്രവൃത്തികളും പൂർത്തിയായ സാഹചര്യത്തിൽ മേൽപ്പാലം ശനിയാഴ്‌ചമുതൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് കരാർ കമ്പനി .

അഴുക്കുചാലിന്റെയും ഡിവൈഡറിന്റെയും പ്രവൃത്തി അവസാനഘട്ടത്തിലാണ്. വെള്ളിയാഴ്ച രാത്രിയോടുകൂടി ഇതിന്റെ പണികൾ പൂർത്തീകരിച്ച് താൽക്കാലികമായി തുറന്നുകൊടുക്കാനാണ് തീരുമാനം. മേൽപ്പാലത്തിന്റെ ടാറിങ്‌ പ്രവൃത്തി പൂർത്തിയാക്കി.

പാലത്തിന്റെ ഡിവൈഡറിലും ഇരുവശങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ പിന്നീട് നടത്തും. പാലത്തിന്‌ മുകളിലൂടെ കുറച്ച് ദിവസം വാഹങ്ങൾ ഓടിയതിനുശേഷം ഒരു തവണകൂടി അവസാനവട്ട ടാറിങ് നടത്തും.

നാല്‌ വർഷംമുമ്പ്‌ വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായാണ്‌ മേൽപ്പാലം നിർമാണം ആരംഭിച്ചത്. ആറുവരി പാത ആരംഭിക്കുന്ന റോയൽ ജങ്‌ഷൻമുതൽ ഡയാന ഹോട്ടൽവരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരമാണ് മേൽപ്പാലം നിർമിച്ചിരിക്കുന്നത്.

മൂന്ന് അടിപ്പാതയാണ് പാലത്തിന് കുറുകെയുള്ളത്. നിർമാണം ആരംഭിച്ച് വർഷങ്ങളായെങ്കിലും കരാർ കമ്പനിയുടെയും ദേശീയപാതാ അതോറിറ്റിയുടെയും അനാസ്ഥയിൽ നിർമാണം നീണ്ടുപോകുകയായിരുന്നു.