ഐടി മേഖലയിലും, ചെറുകിട സംരംഭങ്ങൾ വഴിയും വൻ തൊഴിൽ സാധ്യത കേരളത്തിൽ തുറന്നു: മുഖ്യമന്ത്രി

0
32

കേരളത്തിൽ ഐടി മേഖല വഴിയും ചെറുകിട സംരംഭങ്ങൾ വഴിയും വൻ തൊഴിൽ സാധ്യത ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സംസ്ഥാനത്തു തന്നെ തൊഴിലെടുക്കാനുള്ള അവസരം സർക്കാർ സൃഷ്ടിച്ചതിന്റെ ഫലമായി നിയമനം ലഭിച്ചത്‌ ആയിരങ്ങൾക്ക്‌. എൽഡിഎഫ്‌ സർക്കാർ വന്നശേഷം സ്‌റ്റാർട്ടപ്‌ വഴി മാത്രം 30,000ത്തിലധികം പേർക്കാണ്‌ നേരിട്ട്‌ തൊഴിൽ നൽകിയതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

സ്‌റ്റാർട്ടപ്പുകൾ 300ൽ നിന്ന് 2900 ആയി വർധിച്ചു. സ്റ്റാർട്ടപ്പുകൾക്കുള്ള കോർപസ് ഫണ്ട് മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്നില്ല. 739 കോടി രൂപ ഈ സർക്കാരിന്റെ കാലത്ത് കോർപസ് ഫണ്ട് നൽകി. 57,000 ചതുരശ്ര അടിയായിരുന്ന പശ്ചാത്തല സൗകര്യം നാല്‌ ലക്ഷം ചതുരശ്ര അടിയായി ഉയർന്നു.

ഐടി മേഖലയിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. 52.44 ലക്ഷം ചതുരശ്ര അടി തൊഴിലിടം സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞു. 35.5 ലക്ഷം ചതുരശ്ര അടി തൊഴിലിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. അന്തർദേശീയ കമ്പനികളെ സംസ്ഥാനത്തേക്ക് എത്തിക്കാൻ കഴിഞ്ഞുവെന്നത് നാടിനു തന്നെ നേട്ടമായി.

ടെക്നോസിറ്റിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇവിടെ 1500 കോടിയോളം രൂപ മുതൽ മുടക്കിൽ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ പുതുതലമുറ വ്യവസായങ്ങൾക്കുള്ള ധാരണപത്രം ഒപ്പിടുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി.
ചെറുകിട തൊഴിൽ സംരംഭങ്ങൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 10,177 ആയിരുന്നു. എൽഡിഎഫ്‌ സർക്കാർ വന്ന ശേഷം പുതുതായി 30,176 തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു.

ഈ മേഖലയിൽ 82,000 തൊഴിലവസരങ്ങളായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നത്‌. ഇപ്പോൾ ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിച്ചു. 2020 സെപ്‌തംബർ ഒന്ന്,‌ – ഡിസംബർ ഒമ്പത്‌ കാലയളവിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച ആദ്യഘട്ട 100 ദിന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം നേടി എന്നു മാത്രമല്ല, 1,16,440 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു–- മുഖ്യമന്ത്രി പറഞ്ഞു.