Monday
25 September 2023
28.8 C
Kerala
HomeExplainerമനോരമ ഇറങ്ങി യു ഡി എഫ് സ്ക്വാഡിനൊപ്പം

മനോരമ ഇറങ്ങി യു ഡി എഫ് സ്ക്വാഡിനൊപ്പം

– കെ വി –

എത് നല്ല കാര്യവും വളച്ചൊടിച്ച് വിപരീതാർത്ഥത്തിൽ അവതരിപ്പിക്കാനുള്ള മകാരാദി മാധ്യമങ്ങളുടെ മിടുക്ക് അപാരമാണ്. തങ്ങളുടെ അനഭിമത പട്ടികയിൽപെട്ടവരെ ഇകഴ്ത്തിക്കാട്ടാൻ ഏതറ്റംവരെയും അവ പോകും. വാക്കുകളിലും വാചകങ്ങളിലും വരികൾക്കിടയിലും തലക്കെട്ടിലുമെല്ലാം എങ്ങനെയൊക്കെ വിഷം പുരട്ടാമോ അവരത് ചെയ്തിരിക്കും. അതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് വ്യാഴാഴ്ചത്തെ മലയാള മനോരമയിലെ ഇരട്ട ലീഡ് വാർത്തകളും മുഖപ്രസംഗവുമെല്ലാം. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ഒരേ തസ്തികയിൽ പത്ത് വർഷത്തിലധികമായി ജോലി ചെയ്തുവരുന്നവരെ സ്ഥിരപ്പെടുത്തുന്നത് സംസ്ഥാനത്ത് ഇതാദ്യമല്ല.

മാനുഷിക പരിഗണനയിലുള്ള ആ നടപടിക്ക് സുപ്രീം കോടതി വിധിയുടെ പിൻബലമുണ്ട്. കക്ഷി രാഷ്ട്രീയഭേദമന്യേ സകല ട്രേഡ് യൂനിയനുകളും സർവീസ് സംഘടനകളും ആവശ്യപ്പെട്ടുപോരുന്നതുമാണത്. ആ 10 വർഷ മാനദണ്ഡത്തിൽ പകുതിയിലേറെയും മുൻ യു ഡി എഫ് ഭരണത്തിൽ നിയമിതരായവരാണെന്നതും സ്പഷ്ടം. എൽ ഡി എഫ് അധികാരത്തിൽവന്നിട്ട് അഞ്ചുകൊല്ലം തികയുന്നല്ലേയുള്ളൂ. തുടർഭരണം ഇവിടെ ഉണ്ടായിട്ടില്ലല്ലോ. എന്നിട്ടും ആരോപണം ഈ താൽക്കാലികക്കാരെ മുഴുവൻ നിയമിച്ചത് നിലവിലുള്ള സർക്കാർ ആണെന്നാണ്.

സി ഡിറ്റ് അടക്കം ഒട്ടേറെ സ്ഥാപനങ്ങളിൽ ഒരേ ജോലിയിൽ 10 കൊല്ലം പിന്നിട്ട കരാർ /താൽക്കാലികക്കാരുണ്ട്. അതത് ഒഴിവുകളിലേക്ക് പൂർണ യോഗ്യതയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരാണിവർ . എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന ടെസ്റ്റിനും ഇന്റർവ്യൂവിനും ഹാജരായി അർഹത തെളിയിച്ചവരുമുണ്ട്. അവരെയൊക്കെ അവിഹിതവഴിയിലൂടെ വന്നവരായി അടച്ചാക്ഷേപിക്കുകയാണ് മനോരമ പത്രം. ഇത്തരം സ്ഥാപനങ്ങളിൽ മിക്കവയിലും പൂർവകാല നിയമനങ്ങൾ നടന്നത് പി എസ് സി വഴി അല്ലായിരുന്നു. അതൊന്നും തിരക്കൽ യു ഡി എഫ് അനുകൂലികളുടെ അന്വേഷണോന്മുഖ പത്രപ്രവർത്തനത്തിൽ പെടുന്നതല്ല.

കോവിഡ് മഹാമാരിമൂലമുള്ള പ്രത്യേക സാഹചര്യത്തിൽ പി എസ് സി ലിസ്റ്റിന്റെ കാലാവധി നീട്ടിയതിൽ, റാങ്ക് പട്ടികയിൽപെടുന്ന ഉദ്യോഗാർത്ഥികൾ പൊതുവെ സംതൃപ്തരാണ്. 2021 ഫെബ്രുവരി മൂന്നിനും ആഗസ്ത് രണ്ടിനും ഇടയ്ക്ക് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾക്കാണ് ആറു മാസംകൂടി നീട്ടി നൽകിയിരിക്കുന്നത്. എൽ ഡി സി , സ്റ്റാഫ് നഴ്സ്, ഡ്രൈവർ, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ 473 തസ്തികകളിലെ റാങ്ക് ലിസ്റ്റിലുള്ള ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് അതിന്റെ പ്രയോജനം ലഭിക്കും.

 

ഏപ്രിൽ- മെയ് മാസങ്ങളിൽ സംസ്ഥാന സർവീസിൽനിന്ന് വൻ തോതിൽ ജീവനക്കാർ വിരമിക്കുന്നുണ്ട്. ഈ ഒഴിവുകളിലേക്ക് ഇപ്പോൾ പ്രാബല്യത്തിലുള്ള റാങ്ക് ലിസ്റ്റുകാർക്ക് കയറാം. എന്നാൽ അതിനെയും വല്ലാത്ത അനിഷ്ടത്തോടെയാണ് ഇടതുപക്ഷ വിരുദ്ധജ്വരം ബാധിച്ച പത്രം വ്യാഖ്യാനിക്കുന്നത്. കാത്തിരിക്കാൻ ആറു മാസംകൂടി എന്ന തലക്കെട്ടിന്റെ വ്യംഗ്യം വ്യക്തമാണ്.

” കാഴ്ചപ്പാട് ” പേജിലേക്ക് കടന്നാൽ വിഷനിലവറ വാതിൽ തുറക്കുന്നത് വേറെ കാണാം. കറയറ്റ ധാർമിക പ്രബോധനങ്ങളുടെ മറവിൽ എൽ ഡി എഫ് സർക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണമാണ് മുഖപ്രസംഗം നിറയെ. അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്കുവേണ്ടി ഓരോ അക്ഷരത്തിലൂടെയും കുടംകണക്കിന് മുതലക്കണ്ണീർ തൂകുകയാണ്. ഇതിൽനിന്ന് ഒരുകാര്യം ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകർ തിരിച്ചറിയേണ്ടതുണ്ട്. യു ഡി എഫിനുവേണ്ടി പതിവുപോലെ മനോരമാദികൾ തെരഞ്ഞെടുപ്പു പ്രചാരവേല തുടങ്ങിക്കഴിഞ്ഞു – പത്രവരിക്കാരുടെ വിരുന്നുമുറികളിലേക്ക് ഇടിച്ചുകയറിയുള്ള സ്ക്വാഡ് പ്രവർത്തനം .

അതുകൊണ്ടുതന്നെ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ താഴേത്തട്ടിലുള്ള പ്രവർത്തനത്തിന് എൽ ഡി എഫ് വേഗം കൂട്ടേണ്ടതുണ്ട്. ഉമ്മൻ ചാണ്ടി വാഴ്ചയിലേതിലും കൂടുതൽ പേർക്ക് പി എസ് സി മുഖേന നിയമനം നൽകിയത് ‘എൽ ഡി എഫ് സർക്കാരാണ് – 1,55,544 പേർക്ക് . 2016 മെയ് മുതൽ 2020 ഡിസംബർ 31 വരെയുള്ള കണക്കാണിത്. ഈ തിയ്യതിക്കുള്ളിൽ വിവിധ തസ്തികകളിലേക്കുള്ള4012 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 2011-16 കാലയളവിലാകട്ടെ 1,50, 365 പേരെയേ നിയമിച്ചിരുന്നുള്ളൂ. മാത്രമല്ല, മറ്റു തൊഴിലവസരങ്ങളും വർധിപ്പിക്കാനായത് പിണറായി മന്ത്രിസഭയുടെ കാലത്താണ് .

പൊതുമേഖല ഉൾപ്പെടെയുള്ള സംഘടിത വ്യവസായ സ്ഥാപനങ്ങളിൽ 79,000 പേർക്ക് പുതുതായി ജോലി ലഭ്യമാക്കി. ചെറുകിട – മൈക്രോ സംരംഭങ്ങളിലും സ്റ്റാർട്ടപ്പുകളിലും മറ്റുമായി ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ വേറെയും ഒരുക്കി. തൊഴിലില്ലാത്തവരെ തുണയ്ക്കുന്ന എൽ ഡി എഫ് ഗവർമ്മെണ്ടിന്റെ പ്രതിബദ്ധതയാണ് ഇതിലെല്ലാം തെളിയുന്നത്. ചെറുതല്ലാത്ത ഈ നേട്ടങ്ങൾ അനുഭവിച്ചറിയുന്ന യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മകാരാദി മാധ്യമങ്ങൾ മെനഞ്ഞുവിടുന്ന നുണകൾ എവിടെയും ഏശില്ല.

RELATED ARTICLES

Most Popular

Recent Comments