കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി ആർടിപിസിആർ ഫലം വേണ്ട; കർണാടക

0
28

കേരളത്തിൽ നിന്നും വരുന്ന ആളുകൾക്ക് ഇനിമുതൽ ആർടിപിസിആർ നെഗറ്റീവ് ഫലം ആവശ്യമില്ലെന്ന് വ്യക്‌തമാക്കി കർണാടക. എന്നാൽ വാക്‌സിൻ സ്വീകരിച്ചത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത് സംബന്ധിച്ച ഉത്തരവ് കർണാടക സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

കേരളത്തിനൊപ്പം തന്നെ ഗോവയിൽ നിന്നുള്ള യാത്രക്കാർക്കും ഇനിമുതൽ കർണാടകയിൽ പ്രവേശിക്കുന്നത് ആർടിപിസിആർ നെഗറ്റീവ് ഫലം ആവശ്യമില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് കേരളം, ഗോവ എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് കർണാടക ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമാക്കിയിരുന്നത്.

നിലവിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇപ്പോൾ നിയന്ത്രണങ്ങളിൽ കർണാടക ഇളവ് നൽകിയിരിക്കുന്നത്.