ആവേശവും ആർപ്പുവിളിയും; നെഹ്റു ട്രോഫി വള്ളം കളി മത്സരം ഇന്ന്, മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

0
229

ആരാകും പുന്നമടയുടെ ജലരാജൻ. ആർപ്പുവിളികളും ആവേശത്തിരയിളക്കവും കൊണ്ട് പുന്നമടയുടെ ഇരു കരകളും ആകാംഷയോടെ കാത്തിരിക്കുകയാണ്. 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരം ശനിയാഴ്ച ആരംഭിക്കാനിരിക്കെ ആവേശം അതിന്റെ പാരമ്യത്തിലാണ്. പകൽ 11ന്‌ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സോടെ വള്ളംകളി മത്സരങ്ങൾക്ക് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. കളിവള്ളങ്ങളുടെ മാസ്‌ഡ്രിൽ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റീസ്‌ ആശിഷ്‌ ജിതേന്ദ്ര ദേശായി ഫ്ലാഗ്‌ ഓഫ്‌ ചെയ്യും.

തുടർന്ന്‌ ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ്‌. നാലുമുതൽ അഞ്ചുവരെ ഫൈനൽ നടക്കും. 19 ചുണ്ടനടക്കം 72 വള്ളം പോരിനിറങ്ങും. ഇരുട്ടുകുത്തി എ ഗ്രേഡ്‌ – 4, ഇരുട്ടുകുത്തി ബി ഗ്രേഡ്‌ – 15, ഇരുട്ടുകുത്തി സി ഗ്രേഡ്‌ –13, വെപ്പ്‌ എ ഗ്രേഡ്‌ – 7, വെപ്പ്‌ ബി ഗ്രേഡ്‌ – 4 ചുരുളൻ – 3, തെക്കനോടിത്തറ – 3, തെക്കനോടികെട്ടി – 4 എന്നിങ്ങനെയാണ്‌ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. ഇരുട്ടുകുത്തി എ ഗ്രേഡ്‌, വെപ്പ്‌ ബി ഗ്രേഡ്‌, തൊക്കനോടിത്തറ, തെക്കനോടികെട്ടി, ചുരുളൻ വിഭാഗങ്ങളിൽ ഫൈനലാണ്‌ നടക്കുക. ഒരു മാസത്തെ പരിശീലനവും അവസാനവട്ട ഒരുക്കങ്ങളും പൂർത്തീകരിച്ചാണ് വിവിധ ബോട്ട് ക്ലബുകളും തുഴച്ചിലുകാരും മത്സരത്തിനായി എത്തുന്നത്.

മുൻ വർഷത്തെ ചാമ്പ്യന്മാരായ കാട്ടിൽ തെക്കേതിലും രണ്ടാം സ്ഥാനക്കാരായ നടുഭാഗവുമടക്കം 19 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണത്തെ അങ്കത്തിനൊരുങ്ങുന്നത്. ഉദ്‌ഘാടനയോഗത്തിൽ ടൂറിസംമന്ത്രി മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജൻ, സജി ചെറിയാൻ, എം ബി രാജേഷ്‌, വീണാ ജോർജ്‌, വി അബ്‌ദുറഹ്‌മാൻ എന്നിവർ മുഖ്യാതിഥികളാകും. വള്ളംകളി പരിഗണിച്ച്‌ ശനിയാഴ്ച ആലപ്പുഴ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.