ഓർമ്മ; 27 വർഷത്തെ സേവനത്തിന് ശേഷം വിടപറഞ്ഞ് ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ

0
91

തൊണ്ണൂറുകളിലെ ഒട്ടനവധി ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഇഷ്ട് ബ്രൗസർ ഇനി ഓർമകളിൽ മാത്രം. ജനകീയ ബ്രൗസർ ഷട്ട് ഡൗൺ ചെയ്യുകയാണെന്ന തീരുമാനം മൈക്രോസോഫ്റ്റ് തന്നെയാണ് അറിയിച്ചത്. 1995ലാണ് ആഡ് ഓൺ പാക്കേജ് പ്ലസിന്റെ ഭാഗമായി ഈ വെബ് ബ്രൗസർ ആദ്യമായി പുറത്തിറങ്ങിയത്. പിന്നീടുള്ള പതിപ്പുകൾ സൗജന്യ ഡൗൺലോഡ് അല്ലെങ്കിൽ ഇൻ-സർവീസ് പായ്ക്കുകളായി ലഭ്യമായിരുന്നു. വിൻഡോസ് 95-ന്റെ യഥാർത്ഥ ഉപകരണ നിർമ്മാതാവിന്റെ സേവന റിലീസുകളിലും വിൻഡോസിന്റെ പിന്നീടുള്ള പതിപ്പുകളിലും ഉൾപ്പെടുത്തി.

ഒജി സെർച്ച് ബ്രൗസർ എന്നറിയപ്പെടുന്ന ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ 2003 ലായിരുന്നു അതിന്റെ പ്രധാന കുതിപ്പ് സംഭവിച്ചത്. 95ശതമാനം ഉപയോഗ പങ്കാളിത്തത്തോടെ അന്ന് ബ്രൗസർ അതിന്റെ ഉയരങ്ങൾ കീഴടക്കി. പക്ഷെ പിന്നീടുള്ള വർഷങ്ങളിൽ ഇന്റർനെറ്റ് എക്‌സ്‌പ്ലോറിന്റെ ഉപയോക്തൃ അടിത്തറ കുറഞ്ഞു. പിന്നീട് 2016 നു ശേഷം കമ്പനി ഇന്റർനെറ്റ് എക്‌സ്‌പ്ലോററിന്റെ പുതിയ പ്രധാന നവീകരണങ്ങളോ പതിപ്പുകളോ പുറത്തിറക്കിയിട്ടില്ല. 2013-ൽ പുറത്തിറങ്ങിയ ഇന്റർനെറ്റ് എക്സ്പ്ലോറർ 11, മൈക്രോസോഫ്റ്റ് പുറത്തിറക്കിയ അവസാനത്തെ പതിപ്പാണ്. എന്നാൽ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ സാവധാനം നിർത്തലാക്കാനുള്ള മൈക്രോസോഫ്ട് തീരുമാനം ഇതാദ്യമായാണ്. 2021 ഓഗസ്റ്റ് 17 ന് ഇന്റർനെറ്റ് എക്സ്പ്ലോററിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് 365 അവസാനിപ്പിച്ചിരുന്നു.

1990 കളിലും 2000ത്തിന്റെ തുടക്കത്തിലെയും കമ്പ്യൂട്ടർ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് എക്സ്പ്ലോറർ ചെറുതല്ലാത്ത ഓർമ തന്നെയാണ്. ദശലക്ഷ കണക്കിന് ആളുകളെ വേൾഡ് വൈഡ് വെബിലേക്കുള്ള എത്തിക്കാൻ ആദ്യ പടിയായി പ്രവർത്തിച്ചതും ഇന്റർനെറ്റ് എക്സ്പ്ലോറർ തന്നെയാണ്. ഈ വിടപറച്ചിൽ ഒരുപാട് ഓർമകളുടെ തിരിച്ചുപോക്ക് കൂടിയാണ്. “വർഷങ്ങളായി ഇന്റർനെറ്റ് എക്‌സ്‌പ്ലോററിനെ പിന്തുണച്ചതിന് എല്ലാവരോടുമുള്ള നന്ദി എത്ര പറഞ്ഞാലും മതിവരില്ല.” ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ വിടപറയലിനെ മൈക്രോസോഫ്റ്റ് കുറിച്ചതിങ്ങനെയാണ്.