സംസ്ഥാനത്ത് എല്ലാ ജില്ലകളിലേക്കുള്ള വാക്സിൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. വാക്സിൻ കുത്തിവയ്പ് ശനിയാഴ്ച്ചയാണ് ആരംഭിക്കുന്നത്. 133 വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് വാക്സിൻ നൽകുന്നത്. ആദ്യ ഘട്ടത്തിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ ആദ്യ ദിനം വാക്സിൻ സ്വീകരിക്കും. 3,68,866 ആരോഗ്യപ്രവർത്തകരാണ് വാക്സിനായി രെജിസ്റ്റർ ചെയ്തിരിക്കുന്നത്.
പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് തിരുവനന്തപുരം എറണാകുളം, കോഴിക്കോട് മേഖല സ്റ്റോറുകളിൽ എത്തിച്ച കൊവിഷീൽഡ് വാക്സിൻ, ഇന്ന് ജില്ലാ വെയർഹൗസുകളിലേക്ക് എത്തിക്കും.4,33,500 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് എത്തിയത്.
1,34,000 ഡോസ് വാക്സിൻ ലഭിച്ച തിരുവനന്തപുരം മേഖലാ കേന്ദ്രത്തിൽ നിന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കും 1,80,000 ഡോസ് ലഭിച്ച എറണാകുളം മേഖലയിൽ നിന്ന് ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂർ ജില്ലകളിലേക്കും 1,19,500 ഡോസ് ലഭിച്ച കോഴിക്കോട് മേഖലയിൽ നിന്ന് കണ്ണൂർ, കാസർഗോഡ്, മലപ്പുറം, വയനാട് ജില്ലകളിലേക്കും വാക്സിനെത്തിക്കും.ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൊവിഡ് ബാധിച്ച് നാലാഴ്ച കഴിയാത്തവർ, കൊവിഡ് ലക്ഷണങ്ങളുള്ളവർ എന്നിവരെ ഒഴിവാക്കും. വാക്സിനേഷനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.