Home Newspool സഭാ പരിരക്ഷ പൂരപ്പാട്ടിനോ ..!

സഭാ പരിരക്ഷ പൂരപ്പാട്ടിനോ ..!

SHARE

– കെ വി –

ജനാധിപത്യ സംവിധാനത്തിൽ നിയമനിർമാണ സഭകൾക്കുള്ള സ്ഥാനം വളരെ വലുതാണ്. ഭരണഘടനാനുസൃതമായ സവിശേഷ അധികാരങ്ങളുള്ള ജനപ്രതിനിധിസഭയ്ക്ക് നാടിനെ എല്ലാ നിലയ്ക്കും നയിക്കാനുള്ള ഉത്തരവാദിത്തവുമുണ്ട്. ജനവികാരങ്ങൾ ശക്തമായി പ്രതിഫലിപ്പിക്കാനുള്ള വേദിയെന്ന പരിഗണനയിലാണ് ചില പ്രത്യേകാവകാശങ്ങൾ അവിടെ അംഗങ്ങൾക്ക് ഉറപ്പുവരുത്തിയിട്ടുള്ളത്. എന്നാൽ , രാഷ്ട്രീയമര്യാദയോ മാന്യതയോ തൊട്ടുതീണ്ടാത്ത പൂരപ്പാട്ടിനുള്ള അവസരമാക്കി അതിനെ യു ഡി എഫ് നേതൃത്വത്തിലെ ക്വട്ടേഷൻ ഗ്രൂപ്പ് റാഞ്ചുകയാണ്.

റിയൽ എസ്റ്റേറ്റ് കച്ചവടത്തിലെ ബ്ലാക്ക് മെയിൽ തന്ത്രങ്ങൾ നിയമസഭയിലും പയറ്റിനോക്കാൻ മുതിരുന്ന ഒരു എം എൽ എ … നാവിൽ വരുന്നതൊക്കെ വിളിച്ചുകൂവുന്ന ആ സംസ്ക്കാരശൂന്യതയ്ക്ക് കൈയടിച്ചു കൊടുക്കുന്ന പ്രതിപക്ഷനേതാവും അനുചരന്മാരും. എന്തൊരു വില്ലത്തരത്തിനും വൃത്തികേടിനുമാണ് സംസ്ഥാന നിയമസഭ വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്. അടിയന്തരപ്രമേയം എന്ന വ്യാജേന , ആ വർത്തിച്ചുപഴകിയ ദുരാരോപണങ്ങൾക്ക് എരിവും പുളിയും കൂട്ടാൻ നെറികെട്ട ജല്പനങ്ങളിൽ നെഗളിച്ചവർ സഭയുടെ നിലവാരംതന്നെ ഇടിച്ചുതാഴ്ത്തുകയായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയപ്രബുദ്ധതയ്ക്ക് ചേരാത്ത ഈ രണ്ടാം നമ്പർ ശൈലിയെ തള്ളിപ്പറയാൻ കക്ഷി രാഷ്ടീയ ഭേദമന്യേ പൗരസമൂഹം മുന്നോട്ടുവരേണ്ടിയിരിക്കുന്നു.

രാഷ്ടീയഭിന്നാഭിപ്രായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ നിയമസഭയിൽ സ്വാഭാവികമാണ്. എന്നാൽ കരുതിക്കൂട്ടിയുള്ള വ്യക്തിഹത്യയ്ക്കൊരുമ്പെട്ട് , ജനങ്ങൾ ആദരവോടെ കാണുന്ന എം എൽ എമാർ നിലമറന്ന് സംസാരിക്കുന്നത് എവിടെയായാലും ഭൂഷണമല്ല.
ആറുപതിറ്റാണ്ട് പിന്നിടുന്ന നിസ്വാർത്ഥ പൊതുപ്രവർത്തനത്തിന്റെ അഭിമാനകരമായ പാരമ്പര്യമുള്ള നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയൻ . പിന്തിരിപ്പൻ – യാഥാസ്ഥിതിക ശക്തികളോടും അധികാര കേന്ദ്രങ്ങളോടും പൊരുതിവളർന്ന അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ നീക്കിബാക്കി ഒട്ടേറെ സമരസ്മരണകളും, ശരീരമാകെ അടിയും ഇടിയും കൊണ്ട പാടുകളും മാത്രമാണ്. വിശ്വസിക്കുന്ന ആശയസംഹിതകളിലും നയസമീപനങ്ങളിലും പിണറായിയോട് വിയോജിപ്പുള്ളവർ എല്ലാ രാഷ്ട്രീയകക്ഷികളിലുമുണ്ടാകും. നാടും ജനങ്ങളുമായി ബന്ധപ്പെട്ട ചില പ്രത്യേക വിഷയങ്ങളിൽ സ്വീകരിക്കുന്ന കർക്കശ നിലപാടുകളോട് എതിർപ്പ് തോന്നുന്നതിലും തെറ്റില്ല.

ഏത് പ്രതിസന്ധിയെയും തന്റേടത്തോടെ തരണംചെയ്യാൻ പ്രാപ്തിയുണ്ടെന്ന് തെളിയിച്ച ഭരണത്തലവൻ എന്ന നിലയ്ക്ക് അദ്ദേഹത്തോട് അസൂയ മൂത്തവരുണ്ടെന്നതും സ്വാഭാവികം. പക്ഷേ, അതൊന്നും അതിരുവിട്ട വൈരാഗ്യമായി വളർന്നുകൂടാ. എന്ത് തോന്നിവാസത്തിനും നിയമസഭയെ ഉപയോഗപ്പെടുത്താമെന്ന നേതൃധാരണയും തിരുത്തണം. ഇല്ലെങ്കിൽ നുണപരമ്പരകളിൽ അഭിരമിച്ച് ധിക്കാരം തുടരുന്ന നേതാക്കളെ പുറങ്കാലുകൊണ്ട് തൊഴിച്ചകറ്റാൻ ജനങ്ങൾ സ്വമേധയാ തയ്യാറാവും. അതാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുവേളയിൽ കണ്ടത്. എത്ര കൊണ്ടാലും പഠിക്കാത്തവർക്ക് താക്കീതായി മാറും വരാനിരിക്കുന്ന പ്രക്ഷുബ്ധ ദിനങ്ങൾ. സാധാരണക്കാരുടെ ജീവിതക്ലേശങ്ങളും വികാരവിചാരങ്ങളുമറിഞ്ഞ് അവരെ ചേർത്തുപിടിച്ചാണ് എൽ ഡി എഫ് സർക്കാർ മുന്നോട്ടുപോകുന്നത്. അതിന്റെ നായകനെ അന്യായമായി അപകീർത്തിപ്പെടുത്താനുള്ള ശ്രമം ഒരു വിധത്തിലും അവർ അംഗീകരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.