Home Newspool തെറ്റിദ്ധാരണകള്‍ പരത്തരുത്, എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം: ആരോഗ്യ മന്ത്രി

തെറ്റിദ്ധാരണകള്‍ പരത്തരുത്, എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം: ആരോഗ്യ മന്ത്രി

SHARE

എല്ലാവരും രണ്ട് ഡോസ് വാക്‌സിൻ എടുക്കണമെന്നും വാക്‌സിനെ പറ്റി തെറ്റിദ്ധാരണകൾ പരത്തരുതെന്നും ആദ്യ ഡോസ് എടുത്തവർ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. നിശ്ചിത ഇടവേളകളിൽ രണ്ട് പ്രാവശ്യം വാക്‌സിൻ എടുത്താൽ മാത്രമേ ഫലം ലഭിക്കൂ. 4 മുതൽ 6 ആഴ്ചകൾക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിൻ എടുത്തിരിക്കേണ്ടത്. ആദ്യഡോസ് എടുത്തു കഴിഞ്ഞാൽ ഉണ്ടാകുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ പോലും റിപ്പോർട്ട് ചെയ്യണം.

ആ പ്രശ്‌നങ്ങൾ മനസിലാക്കാൻ കൂടിയാണ് രണ്ടാമത്തെ വാക്‌സിൻ എടുക്കുന്നതിനുള്ള സമയം നീട്ടിയത്. വാക്‌സിനെ പറ്റി തെറ്റിദ്ധാരണകൾ പരത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വാക്‌സിൻ എടുക്കാം സുരക്ഷിതരാകാം ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങളുടെ ആശങ്കയും അഭിപ്രായങ്ങളും പങ്കുവയ്ക്കാനാണ് ഇങ്ങനെയൊരു സെമിനാർ സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങളനുസരിച്ചാണ് വാക്‌സിനേഷൻ നടത്തുന്നത്. വാക്‌സിനിലൂടെ മാത്രമേ കൃത്രിമ പ്രതിരോധം തീർക്കാൻ സാധിക്കൂ. കേരളം നടത്തിയ വലിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പേർക്ക് കോവിഡ് വരാതെ സംരക്ഷിക്കാൻ സാധിച്ചു. ഈ ആളുകളിലേക്ക് പൂർണമായി വാക്‌സിൻ എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

ആദ്യം ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകുന്നത്. അവർക്ക് വാക്‌സിനേഷനിൽ പങ്കെടുക്കാൻ കൃത്യമായ സന്ദേശം ലഭിക്കും. രണ്ടാംഘട്ടത്തിൽ മുൻനിര പ്രവർത്തകർക്കാണ് വാക്‌സിൻ നൽകുന്നത്. പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകണമെന്നാണ് ആഗ്രഹം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും വേണം. എല്ലാവരും വാക്‌സിനെടുത്ത് കോവിഡിനെ തുരത്തിയാൽ മാത്രമേ നമുക്ക് സ്വതന്ത്രരായി ജീവിക്കാൻ സാധിക്കൂ.

ഒരു വർഷമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് കേരളം. കേരളത്തിന്റെ മികച്ച പ്രതിരോധം കാരണം വൈറസിന്റെ വ്യാപനവും മരണ നിരക്കും കുറയ്ക്കാൻ സാധിച്ചു. കോവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വലിയ പ്രവർത്തനമാണ് നടക്കുന്നത്. ജില്ലകളിൽ അതത് മന്ത്രിമാർക്കായിരിക്കും വാക്‌സിനേഷന്റെ ചുമതല. വാക്‌സിൻ വിജയകരമായി നടപ്പിലാക്കാൻ എല്ലാവരുടേയും പിന്തുണ തേടുന്നതായും മന്ത്രി വ്യക്തമായി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ വിഷയാവതരണം നടത്തിയ ചടങ്ങിൽ പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. ബി. ഇക്ബാൽ, മുഖ്യമന്ത്രിയുടെ കോവിഡ്-19 ഉപദേഷ്ടാവ് രാജീവ് സദാനന്ദൻ, ഡബ്ല്യൂ.എച്ച്.ഒ. പ്രതിനിധി ഡോ. റോഡറിഗോ എച്ച്. ഓഫ്രിൻ, യൂണിസെഫ് പ്രതിനിധി സുഗത റോയ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

കോവിഡ് വാക്‌സിൻ അടിസ്ഥാന വിവരങ്ങൾ എന്ന വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, കോവിഡ് വാക്‌സിനും ആരോഗ്യവും എന്ന വിഷയത്തിൽ എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാർ, അസി. പ്രൊഫസർ ഡോ. റിയാസ്, പ്രതിരോധ കുത്തിവയ്പ്പും സാമൂഹ്യ ആരോഗ്യവും എന്ന വിഷയത്തിൽ മെഡിക്കൽ കോളേജ് അസോ. പ്രൊഫസർ ഡോ. ടി.എസ്. അനീഷ്., വാക്‌സിൻ വിതരണ സംവിധാനം എന്ന വിഷയത്തിൽ എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, മെഡിക്കൽ കോളേജിലെ സംവിധാനങ്ങൾ എന്ന വിഷയത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി എന്നിവർ സംസാരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത സ്വാഗതവും കേരള എയിഡ്‌സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. ആർ. രമേഷ് നന്ദിയും പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.