Home Newspool മദ്യവില വര്‍ധന ; ആരോപണം പതിവ് പുകമറ സൃഷ്ടിക്കല്‍ മാത്രം

മദ്യവില വര്‍ധന ; ആരോപണം പതിവ് പുകമറ സൃഷ്ടിക്കല്‍ മാത്രം

SHARE

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ വാങ്ങുന്ന മദ്യത്തിന്‍റെ വില നിശ്ചയിക്കുന്നത് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍റെ ഡയറക്ടര്‍ ബോര്‍ഡാണ്.

മദ്യത്തിന്‍റെ വാങ്ങല്‍വില നിശ്ചയിക്കുന്നത് വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ്. അതില്‍ പ്രധാനപ്പെട്ടത് അസംസ്കൃത വസ്തുവായ ഇ.എന്‍.എ(എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍)യുടെ വിലയാണ്. കഴിഞ്ഞ കാലങ്ങളില്‍ മദ്യത്തിന്‍റെ വാങ്ങല്‍വില കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ വിവിധ ഘട്ടങ്ങളില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് 2013 ല്‍ 6% വില വര്‍ദ്ധിപ്പിച്ചു. വിദേശമദ്യ നിര്‍മ്മാണത്തിനുള്ള പ്രധാന ഘടകമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്‍റെ (സ്പിരിറ്റ്) വില ഏകദേശം ഉത്പാദന ചെലവിന്‍റെ 79%വരുന്നുണ്ട്. കഴിഞ്ഞ 2 വര്‍ഷമായി കേന്ദ്രസര്‍ക്കാറിന്‍റെ ബയോഫ്യൂവല്‍ പോളിസിയിലുണ്ടായ മാറ്റം അനുസരിച്ച് പെട്രോളില്‍ 10% എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (സ്പിരിറ്റ്) കലര്‍ത്തണം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ഒരു ലിറ്ററിന് 59.48 രൂപ താങ്ങുവിലയായി നിശ്ചയിച്ചതിനാല്‍ ഇ.എന്‍.എയുടെ വിലയില്‍ രണ്ട് വര്‍ഷക്കാലമായി 10 രൂപമുതല്‍ 22 രൂപവരെ ഒരു ലിറ്ററിന് വര്‍ദ്ധിക്കുകയുണ്ടായി. ഈ കാലയളവിലൊന്നും മദ്യത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല.

മദ്യത്തിന്‍റെ 2020 – 21 വര്‍ഷത്തെ റേറ്റ് കോണ്‍ട്രാക്ട് ക്ഷണിച്ച അവസരത്തില്‍ 18 പുതിയ കമ്പനികള്‍ ഉള്‍പ്പെടെ 113 ടെന്‍ഡറുകള്‍ ലഭിച്ചു. അതില്‍ നിശ്ചിത യോഗ്യതകള്‍ ഇല്ലാതിരുന്ന രണ്ട് കമ്പനികളുടെ ടെന്‍ഡര്‍ തള്ളുകയും ബാക്കി 111 ഓഫറുകള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിശോധിക്കുകയും ചെയ്തു. നിലവിലുള്ള വിലയില്‍നിന്നും 20%വരെ വര്‍ദ്ധനവ് വിവിധ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. അവസാനമായി വിലവര്‍ദ്ധനവ് നല്‍കിയിട്ട് മൂന്ന് വര്‍ഷത്തിലധികമായതിനാലും ഇ.എന്‍.എയുടെ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്തും മദ്യത്തിന്‍റെ വാങ്ങല്‍ വിലയില്‍ 7% വര്‍ദ്ധനവ് വരുത്തുന്നതിന് കെ.എസ്.ബി.സി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

ഈ വര്‍ദ്ധനവിലൂടെ ലഭിക്കുന്ന തുകയുടെ 90% വും സര്‍ക്കാരിന് നികുതിയായും ഒരു ശതമാനം കോര്‍പ്പറേഷന് ലാഭവിഹിതമായും ലഭിക്കുന്നതാണ്. ഇതുവഴി നിലവിലെ വില്‍പ്പനയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം സര്‍ക്കാരിന് 957 കോടിയും ബിവറേജസ് കോര്‍പ്പറേഷന് 9 കോടി രൂപയും ആണ് അധിക വരുമാനമായി ലഭിക്കുക.

ഉപഭോക്താവിന് ശരാശരി 750 മില്ലി കുപ്പിയില്‍ ശരാശരി 40 രൂപയാണ് അധിക വിലയായി നല്‍കേണ്ടി വരിക. 40 രൂപ വര്‍ധിക്കുമ്പോള്‍ 35 രൂപയും സര്‍ക്കാരിനാണ് ലഭിക്കുക. ഒരു രൂപ ബിവറേജസ് കോര്‍പറേഷനും നാല് രൂപ കമ്പനികള്‍ക്കും ലഭിക്കും.

മദ്യത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചുനല്‍കുന്നത് കാലാകാലങ്ങളില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ സ്വീകരിച്ച നയം തന്നെയാണ്. അസംസ്കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവ് പരിഗണിച്ചാണ് വില കൂട്ടി നല്‍കുന്നത്. നിര്‍മ്മാണ ചെലവിന് ആനുപാതികമായി വിലവര്‍ദ്ധിപ്പിച്ച് നല്‍കാതിരുന്നാല്‍ ഗുണനിലവാരമുള്ള മദ്യത്തിന്‍റെ ലഭ്യത ഇല്ലാതാകും. മദ്യത്തിന്‍റെ വിതരണത്തിലുണ്ടാവുന്ന കുറവ് വ്യാജ മദ്യത്തിന്‍റെയും മറ്റ് ലഹരിപദാര്‍ഥങ്ങളുടെയും വ്യാപനത്തിനും കാരണമാകും.

ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്‍റ് നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്‍റെ വികസന ചരിത്രത്തില്‍ വലിയ കുതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അഴിമതിരഹിതവും സുതാര്യവുമായ ഭരണ നടപടികളിലൂടെ സംസ്ഥാനത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണകാലയളവില്‍ സാധിച്ചിട്ടുണ്ട്. മദ്യവിലവര്‍ദ്ധനവുമായി ബന്ധപ്പെട്ട് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ഈ വികസന കുതിപ്പിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കാനും സംസ്ഥാന വികസനത്തിന് ഈ ഗവണ്‍മെന്‍റ് പാകിയ അടിസ്ഥാന ശിലയ്ക്ക് കോട്ടം വരുത്തുവാനും മാത്രം ലക്ഷ്യംവച്ചാണ്. മദ്യത്തിന്‍റെ മൊത്തവില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ റേറ്റ് കോണ്‍ട്രാക്ട് നിരക്കില്‍ ഇപ്പോള്‍ വരുത്തിയിട്ടുള്ള വര്‍ദ്ധനവ് യാഥാര്‍ത്ഥ്യബോധത്തോടെ ഉള്ളതും കോര്‍പ്പറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരവുമാണ്.

പ്രതിപക്ഷനേതാവ് പതിവുപോലെ ഒരാരോപണം കൂടി ഉന്നയിക്കുക മാത്രമാണ് ചെയ്തത്. മുന്‍ഗവണ്‍മെന്‍റിന്‍റെ കാലത്തെ അനുഭവങ്ങള്‍ മനസ്സില്‍ തികട്ടിവരുന്നുണ്ടാകാം. യുഡിഎഫ് ഗവണ്‍മെന്‍റിന്‍റെ കാലത്തെ രീതി വെച്ച് ഈ ഗവണ്‍മെന്‍റിനെ അളക്കേണ്ട. അന്നത്തെ മന്ത്രിമാരുടെ നിലപാടും നടപടികളുമായി ഈ ഗവണ്‍മെന്‍റിനെ താരതമ്യപ്പെടുത്തേണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.