കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിൽ മിരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ സഭയിൽ എം.കെ. മുനീർ എം എൽ എയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നതും സംസാര വൈകല്യമുള്ളതുമായ യുവതിയെ അവരുടെ വീട്ടിലെ സന്ദര്‍ശകനായ പന്തീരാങ്കാവ് സ്വദേശി ബീരാന് കോയ എന്നയാള്‍ 01.01.2021ന് മാനഹാനി വരുത്തി എന്ന പരാതിയിൽ 02.01.2021 ന് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 5/2021 ആയി ഐ.പി.സി. 354 വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മാനഹാനിക്കിരയായ യുവതിയുടെയും ഭര്‍ത്താവിന്റെയും വീടിന്റെ ഉടമസ്ഥയായ സ്ത്രീയുടെയും അയല്‍വാസിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് 03.01.2021ന് ബീരാന് കോയയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ബീരാന് കോയ കോഴിക്കോട് സബ് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞുവരവെ, 06.01.2021ന് രാത്രി പാര്‍പ്പിച്ചിരുന്ന സെല്ലിലെ ജനല്‍ കമ്പിയില്‍ തോര്‍ത്തുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണപ്പെടുകയും ഉണ്ടായി. ഇതു സംബന്ധിച്ച് കസബ പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 20/2021 ആയി ഐ.പി.സി 174 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.
അന്നേ ദിവസം സബ്ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ശ്രീ. മനോജ്.ടി.യെ 07.01.2021 ന് സസ്പെന്‍ഡ് ചെയ്തു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ശ്രീ.കലേഷ്.കെ. യെ ചീമേനി തുറന്ന ജയിലിലേക്കും ജയില്‍ സൂപ്രണ്ട് ശ്രീ. കെ.കെ. റിനിലിനെ വൈത്തിരി സ്പെഷ്യല്‍ സബ്ജയിലിലേക്കും സ്ഥലം മാറ്റി. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുന്നതിന് ഉത്തരമേഖലാ ജയില്‍ ഡിഐജി ശ്രീ. എം.കെ. വിനോദ് കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് സിറ്റി അതിർത്തിയിൽ നടന്ന സംഭവമായതിനാൽ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ ഉണ്ടാക്കാവുന്നതാണെന്ന് മുഖ്യമന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കുന്നു.