ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് സംസ്ഥാനസർക്കാർ നയമെന്നും അതിന് വേണ്ടി ചെറുകിട സംരംഭകർക്ക് വൈദ്യുത മേഖലയിൽ പ്രത്യേക ഇളവുകൾ നൽകുമെന്നും വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. തിരുവനന്തപുരത്ത് മെട്രോ എംഎസ്എംഇ അവാർഡ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ സംസ്ഥാനത്ത് ഉണ്ടായ എല്ലാ ദുരന്തങ്ങളും വൈദ്യുതി വകുപ്പ് തരണം ചെയ്തു വന്നതാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ആദ്യഘട്ടത്തിൽ 500 കോടിരൂപയുടെ സൗജന്യം നൽകിയ വൈദ്യുതി വകുപ്പ് സിനിമ മേഖലയിലെ പ്രതിസന്ധി മറികടക്കാൻ 5 കോടി രൂപയാണ് ഇളവ് നൽകിയത്. അതു കൊണ്ട് സംസ്ഥാനത്ത് ചെറുകിട സംരംങ്ങൾ നിലനിൽക്കേണ്ടത് സാധാരണക്കാരന്റെ ജീവിതത്തിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
മെട്രോമാർട്ടിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ചേമ്പർഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ്, കേരള ബ്യൂറോ ഫോർ ഇൻഡസ്ട്രിയിൽ പ്രമോഷൻ, നാഷണൽ സ്മാൾ ഇൻഡസട്രീസ് കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് എംഎസ്എംഇ സെമിനാറും, ചെറുകിട ഇടത്തരം വ്യവസായ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചർക്കായുള്ള എംഎസ്എംഇ അവാർഡുകളും വിതരണം ചെയ്തത്. ചടങ്ങിൽ മെട്രോ യൂത്ത് ഐക്കൻ അവാർഡ് മന്ത്രി എംഎം മണിയിൽ നിന്നും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും ഏറ്റു വാങ്ങി.
ടിസിസിഐ പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ കെ രാജു, കടന്നപ്പള്ളി രാമചന്ദ്രൻ, വികെ പ്രശാന്ത് എംഎൽഎ, കെടിഡിസി ചെയർമാൻ എം. വിജയകുമാർ, എസ്ബിഐ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ്, മെട്രോ ഗ്രൂപ്പ് എംഡി സിജി നായർ തുടങ്ങിയവർ പങ്കെടുത്തു.