സംസ്ഥാന സർക്കാരുമായി സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) സഹകരണം തുടരുമെന്ന് പ്രസിഡന്റ് ജിഫ്രിമുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.ഈ സർക്കാരും സമസ്തക്കുവേണ്ടി കാര്യങ്ങൾ ചെയ്തിട്ടുണ്ട്.സമസ്തയുടെ കാര്യത്തിൽ ആർക്കും ഇടപെടാൻ അധികാരമില്ല. സർക്കാർ നേതൃത്വം വിളിക്കുന്ന യോഗങ്ങളിൽ പോകുന്നതിൽ തെറ്റില്ല.
ആര് വിളിക്കുന്ന യോഗങ്ങളിലും പങ്കെടുക്കാവുന്നതിൽ പോകും. സമസ്ത പണ്ഡിതസഭയായ മുശാവറയുടെ യോഗശേഷം ജിഫ്രി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയിൽ സമസ്ത ജനറൽ സെക്രട്ടറി ടി കെ ആലിക്കുട്ടി മുസ്ല്യാരെ ആരും വിലക്കിയിട്ടില്ല.സമസ്തയെ ആരും വിലക്കേണ്ടതില്ല. ആരും നിയന്ത്രിക്കാനും വരേണ്ട. അത് മാന്യതയല്ല.
ലീഗിനെ ലീഗും സമസ്തയെ സമസ്തയും നിയന്ത്രിക്കും. വെൽഫെയർപാർടി ബന്ധവുമായി ബന്ധപ്പെട്ട് ഉമർഫൈസി മുക്കം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ നടപടിയില്ല. സമസ്തയുടെ നിലപാട് പ്രസിഡന്റും ജനറൽസെക്രട്ടറിയും പറയുന്നതാണ്–-ജിഫ്രി തങ്ങൾ പറഞ്ഞു.
സമസ്തയുടെ നിലപാടിനെയും സർക്കാരുമായുള്ള സഹകരണത്തെയും മുസ്ലിം ലീഗും, ജമാ അത്തെ ഇസ്ലാമിയും വിമർശിച്ചിരുന്നു. ഇതിന് ശക്തമായ ഭാഷയിൽ മറുപടി നൽകുകയായിരുന്നു ജിഫ്രി തങ്ങൾ.