ഇതര സംസ്ഥാനതൊഴിലാളികൾക്കായി താമസ സൗകര്യം ഉറപ്പാക്കുന്ന അപ്നാഘർ പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ. കോഴിക്കോട്, എറണാകുളം,തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇതിനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികൾക്കായി ‘ഗസ്റ്റ് വർക്കേഴ്സ് ഫ്രണ്ട്ലി റസിഡൻസ് ഇൻ കേരള’ (ആലയ്) എന്ന പേരിൽ ആരംഭിച്ച പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തെയാകെ ഗ്രസിച്ച കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികൾക്ക് ചികിത്സയും താമസവും ഭക്ഷണവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ജാഗ്രത കാണിച്ചിരുന്നു.ഏകദേശം നാലു ലക്ഷത്തോളം അതിഥി തൊഴിലാളികളെയാണ് ഇത്തരത്തിൽ കൊവിഡ് കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരള സർക്കാർ സ്വന്തം ജനങ്ങളെപ്പോലെ ചേർത്തുപിടിച്ചത്. ഒരു ഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച ഇതര സംസ്ഥാന തൊഴിലാളികൾക്ക് സ്വന്തം വീടുകളിൽ എത്തുന്നതിനുള്ള ഗതാഗത സംവിധാനവും ഭക്ഷണവും ഉൽപ്പെടെ ഉറപ്പാക്കിയാണ് കേരള സർക്കാർ യാത്രയയച്ചത്. തൊഴിലും നൈപുണ്യവും വകുപ്പ് അഡിക്ഷണൽ ചീഫ് സെക്രട്ടറിയുടെയും ലേബർ കമ്മീഷണറുടെയും നേതൃത്വത്തിൽ തയാറാക്കിയ വാർ റൂം സമയബന്ധിതമായി നടപടികൾ സ്വീകരിക്കുകയും ചെയ്തു.
നിലവിൽ കേരളത്തിലേക്ക് ഇതര സംസ്ഥാനതൊഴിലാളികൾ മടങ്ങിയെത്തിത്തുടങ്ങിയ സാഹചര്യത്തിൽ ഇവർക്ക് താമസ സൗകര്യം ഉറപ്പാക്കുന്നതിനാണ് സർക്കാർ നടപടികൽ സ്വീകരിക്കുന്നത്. ഇതിനായാണ് സ്വകാര്യ കെട്ടിട ഉടമകളുടെ സഹകരണത്തോടെ ലേബർ കമ്മീഷണറേറ്റിന്റെ വെബ് പോർട്ടൽ വഴി താമസ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ആലയ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജീത് രാജൻ, ലേബർ കമ്മീഷണർ പ്രണബ്ജ്യോതി നാഥ്, അഡീഷണൽ ലേബർ കമ്മീഷണർമാരായ രഞ്ജിത് മനോഹർ, കെ.ശ്രീലാൽ എന്നിവരും പങ്കെടുത്തു.