ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ബൈപാസ്, സംസ്ഥാന സർക്കാരിന്റെ പുതുവർഷ സമ്മാനമായി പ്രധാനമന്ത്രി ജനങ്ങൾക്ക് സമർപ്പിക്കും. അദ്ദേഹത്തിന്റെ ഉദ്ഘാടന തീയതിക്ക് കാത്തിരിക്കുകയാണ് കേരളം.ഏഴര കിലോമീറ്റർ ബൈപാസ് നിർമാണത്തിന് വേണ്ടിവന്നത് അരനൂറ്റാണ്ട്. പിണറായി സർക്കാർ അധികാരത്തിൽ വരുംവരെ നിർമാണം നടന്നത് 13 ശതമാനം മാത്രം. പ്രധാനപ്പെട്ട റെയിൽവേ മേൽപ്പാലങ്ങൾ പോലും നിർമിക്കാനായിരുന്നില്ല. ഇതിനായി അനുമതിയും റെയിൽവേ നൽ കിയിരുന്നില്ല. സർക്കാരിന്റെ നിശ്ചയദാർഢ്യവും മന്ത്രി ജി സുധാകരന്റെ നിരന്തര ഇടപെടലുകളുമാണ് 87 ശതമാനം ജോലികൾ കൂടി പൂർത്തീകരിച്ച് ബൈപാസ് റോഡ് ഗതാഗതത്തിന് സജ്ജമായതിന് പിന്നിൽ.
ബൈപാസിൽ സ്ഥാപിച്ച വഴിവിളക്കുകൾക്കും സിഗ്നൽ ലൈറ്റുകൾക്കും കെഎസ്ഇബി ബുധനാഴ്ച വൈദ്യുതി കണക്ഷൻ നൽകും. കണക്ഷന് പൊതുമരാമത്ത് അധികൃതർ ചൊവ്വാഴ്ച പണം കൈമാറി. ഒരു കണക്ഷൻ നൽകേണ്ടത് ആലപ്പുഴ നോർത്ത് സെക്ഷനാണ്. മൂന്നെണ്ണം ടൗൺ സെക്ഷനും നാലെണ്ണം സൗത്ത് സെക്ഷനും. നഗരസഭാ സെക്രട്ടറിയുടെ അപേക്ഷയിൽ കെഎസ്ഇബി നടപടിക്രമങ്ങൾ പൂർത്തിയാക്കി. വൈദ്യുതി ലഭിക്കുന്നതോടെ ഇതര ജോലികളും പൂർത്തിയാകും.